Educational News
ഒരുങ്ങാം; കേന്ദ്ര സർക്കാർ ജോലിക്കായി
കൂടുതൽ വിവരങ്ങൾക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷന്റെ ssc.gov.in സന്ദർശിക്കുക
ഡിഗ്രി യോഗ്യത ഉള്ളവർക്ക് പന്ത്രണ്ടായിരത്തിലധികം ഒഴിവുകളുമായി സ്റ്റാഫ് സെലക്‌ഷൻ കമ്മീഷന്റെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ വിജ്ഞാപനം വന്നു കഴിഞ്ഞു. കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ വിജയിക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ 4,5,6,7,8 ലെവൽ ശമ്പള സ്‌കെയിലിലുള്ള തസ്തികകളിലേക്ക് നിയമനം ലഭിക്കും. ഈ മാസം 22ന് രാത്രി 11 വരെ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം.
- കേന്ദ്ര സർക്കാറിന്റെ വിവിധ വകുപ്പുകളിലെ വ്യത്യസ്ത തസ്തികകളിലേക്ക് ഈ റിക്രൂട്ട്‌മെന്റ് വഴി ജോലി നേടാൻ കഴിയും. സെൻട്രൽ സെക്രട്ടേറിയറ്റ്, ഇൻകം ടാക്‌സ്, ജി എസ് ടി, സി ബി ഐ, റെയിൽവേ, പോസ്റ്റൽ, ഇന്റലിജൻസ് ബ്യൂറോ, മറ്റ് കേന്ദ്രമന്ത്രാലയങ്ങൾ എന്നിവിടങ്ങളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി പോസ്റ്റുകളിലേക്കാണ് ഈ പരീക്ഷ വഴി നിയമനം ലഭിക്കുക.
- ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ഏകദേശം 50,000 രൂപ മുതൽ 90,000 രൂപ വരെ പ്രതിമാസ പ്രാരംഭ ശമ്പളം ലഭിക്കുന്ന തസ്തികകളാണിത്.
- കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നല്ല പ്രമോഷൻ സാധ്യതകളും ഉണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ വിവിധ തസ്തികകൾക്ക് വ്യത്യസ്ത പ്രായപരിധി ആണെന്നത് ശ്രദ്ധിക്കേണ്ടതാണ്.
- തസ്തികകളുടെ അടിസ്ഥാനത്തിൽ 18 മുതൽ 32 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷിക്കാർ അടക്കമുള്ള വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭ്യമാണ്. കേന്ദ്രസർക്കാർ നിയമപ്രകാരമുള്ള സംവരണ അനുകൂല്യങ്ങളും ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യത
ഈ തസ്തികകൾക്ക് പൊതുവേ യൂനിവേഴ്‌സിറ്റി ഡിഗ്രിയാണ് യോഗ്യത. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികക്ക് ഡിഗ്രി യോഗ്യത കൂടാതെ പ്ലസ് ടുവിന് 60 ശതമാനം മാർക്കോടെ ഗണിതശാസ്ത്രം വിജയിച്ചിരിക്കണം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ഡിഗ്രി തലത്തിൽ പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി നേടിയിരിക്കണം . സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട് തസ്തികക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, പോപുലേഷൻ സ്റ്റഡീസ്, ഡെമോഗ്രഫി ഓപറേഷൻ റിസേർച്, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ടെക്‌നോളജി, കമ്പ്യൂട്ടർ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് , കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. സ്റ്റേറ്റ് കേഡറുകളിലേക്കു നിയമിക്കപ്പെടുന്ന അസ്സിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസ്സിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള അപേക്ഷകർക്ക് അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിൽ പത്താം ക്ലാസ്സ് നിലവാരത്തിലുള്ള പരിജ്ഞാനം വേണം.
ആഗസ്റ്റ് ഒന്നിന് മുമ്പ് ഫലം പുറത്തുവരുമെന്ന് ഉറപ്പുള്ള അവസാന വർഷ വിദ്യാർഥികൾക്കും യു ജി സി അംഗീകരിച്ച വിദൂര പഠനം വഴി യോഗ്യത നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ എങ്ങനെ സമർപ്പിക്കാം
ssc.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർ വീണ്ടും പുതിയ വെബ്‌സൈറ്റിൽ വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യണം. രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ആധാർ ബേസ്ഡ് ഓതന്റിക്കേഷൻ ചെയ്യുന്നത് നല്ലതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ mysscഎന്ന മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാം. അപേക്ഷകന്റെ ഫോട്ടോ വെബ്‌സൈറ്റിൽ ലഭ്യമായ കാപ്ച്വർ സൗകര്യം ഉപയോഗപ്പെടുത്തിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. കൃത്യമായ അളവിലുള്ള ഫോട്ടോയും അപേക്ഷകന്റെ ഒപ്പും അപ്‌ലോഡ് ചെയ്യണം. എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ ജനന തീയതിയുടെ അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. 100 രൂപയാണ് അപേക്ഷാ ഫീസ്. 23ന് രാത്രി 11 വരെ ഫീസ് അടയ്ക്കാം.
വനിതകൾ , പട്ടികവർഗ, പട്ടികജാതി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇല്ല . പ്രത്യേക ഫീസടച്ച് അപേക്ഷയിലെ വിവരങ്ങൾ തിരുത്താൻ ഈ മാസം 29, 30, ജൂലൈ ഒന്ന് തീയതികളിൽ അവസരമുണ്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിലെ തസ്തികകളിലേക്ക് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി.
പരീക്ഷ
- രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ടയർ വൺ, ടയർ ടു കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. ചില തസ്തികകൾക്ക് നിർദിഷ്ട ശാരീരിക യോഗ്യതകളും വേണം.
- ടയർ വൺ പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവെയർനെസ്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിലായി 200 മാർക്കിന്റെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് 0.5 മാർക്ക് കുറയും. ഈ പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറാണ്.
- ടയർ വണ്ണിലെ എല്ലാ സെക്‌ഷനും നിശ്ചിത മാർക്ക് വാങ്ങി വിജയിക്കുന്നവർ മാത്രമേ ടയർ ടു പരീക്ഷ എഴുതാൻ അർഹരാവുകയുള്ളൂ. ടയർ ടു പരീക്ഷയിൽ പേപ്പർ ഒന്ന് എല്ലാ അപേക്ഷകരും എഴുതണം.
- ടയർ ടു പേപ്പർ ഒന്ന് സെക്‌ഷൻ ഒന്നിൽ മാത്തമാറ്റിക്കൽ എബിലിറ്റീസ്, റീസണിംഗ് ആൻഡ് ജനറൽ ഇന്റലിജൻസ്, സെക്‌ഷൻ രണ്ടിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, ജനറൽ അവെയർനസ്സ്, സെക്‌ഷൻ മൂന്നിൽ കമ്പ്യൂട്ടർ നോളജ് മൊഡ്യൂൾ എന്നിവയുണ്ടാകും.
- രണ്ട് മണിക്കൂർ 15 മിനുട്ട് ദൈർഘ്യമുള്ള ഈ പരീക്ഷയിൽ മൊത്തം 450 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാകുക. തെറ്റായ ഉത്തരങ്ങൾക്ക് ഒരു മാർക്ക് വെച്ച് കുറയും. ഇതിന് പുറമേ പേപ്പർ ഒന്ന് സെക്‌ഷൻ നാലിലെ 15 മിനുട്ട് ദൈർഘ്യമുള്ള ഡാറ്റാ എൻട്രി ടെസ്റ്റിൽ വിജയിക്കാനുള്ള മാർക്ക് കിട്ടിയാൽ മതി.
- പേപ്പർ രണ്ട് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവരും പേപ്പർ മൂന്ന് ഓഡിറ്റ്, അക്കൗണ്ട് വിഭാഗത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരും എഴുതിയാൽ മതി. ഈ രണ്ട് പേപ്പറുകൾക്കും തെറ്റായ ഉത്തരങ്ങൾക്ക് 0.5 മാർക്ക് കുറയും.
- ടയർ വൺ പരീക്ഷ ആഗസ്ത് / സെപ്തംബർ മാസങ്ങളിലും ടയർ ടു പരീക്ഷ ഡിസംബറിലും നടക്കാനാണ് സാധ്യത.
പരീക്ഷാ കേന്ദ്രം
- കേരളത്തിലുള്ളവർക്ക് കർണാടക കേരള റീജ്യനിലിലുള്ള കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, മംഗലാപുരം, ബെംഗളൂർ, മൈസൂർ അടക്കം 16 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ കഴിയും.
- ഓരോരുത്തരും സൗകര്യപ്രദമായ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
- പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരം പിന്നീട് ലഭിക്കില്ല.
- അപേക്ഷയും പരീക്ഷയും സംബന്ധമായ സംശയ നിവാരണത്തിന് കർണാടക കേരളം മേഖലയിൽ ഉള്ളവർക്ക് SSC (KKR), ബംഗളുരൂവിന്റെ 080 25502520, 09483862020 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
- അപേക്ഷിക്കാനുള്ള അവസാന തീയതി കാത്ത് നിൽക്കാതെ നേരത്തേ തന്നെ അപേക്ഷ സമർപ്പിക്കണമെന്ന് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ നിർദേശം നൽകുന്നുണ്ട്. ഓവർലോഡ് കാരണം വെബ്‌സൈറ്റ് പ്രവർത്തന രഹിതമായേക്കാം.
- അപേക്ഷിക്കുന്നതിന് മുമ്പ് ssc .gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ സി ജി എൽ 2026 വിജ്ഞാപനം ശ്രദ്ധാപൂർവം വായിച്ച് യോഗ്യതകളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഡോക്യുമെന്റ് വെരിഫിക്കേഷന് മുമ്പ് ആവശ്യമായ രേഖകളെല്ലാം കരസ്ഥമാക്കണം.
- Content Highlights:
The Staff Selection Commission has released the official notification for the Combined Graduate Level Examination 2026, announcing more than 12,000 vacancies in various central government departments. Eligible candidates with a university degree can submit their applications online through the official portal until the 22nd of this month. The recruitment offers prestigious Group B and Group C positions across departments like Central Secretariat, Income Tax, GST, CBI, and Railways, with attractive monthly starting salaries ranging from 50,000 to 90,000 INR. The selection process will be conducted in two phases via Tier 1 and Tier 2 computer-based examinations, scheduled to take place later this year.







