National
വർഷങ്ങളായി ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹതയുണ്ട്; ചരിത്ര വിധിയുമായി സുപ്രീം കോടതി
ഒരു സർക്കാർ സ്ഥാപനത്തിൽ സ്ഥിരസ്വഭാവമുള്ള ജോലി ദീർഘകാലം ചെയ്ത ജീവനക്കാരെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും അവർക്ക് പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ന്യൂഡൽഹി | സർക്കാർ സർവീസിൽ കാഷ്വൽ അടിസ്ഥാനത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് അനുകൂലമായി സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ഒരു സർക്കാർ സ്ഥാപനത്തിൽ സ്ഥിരസ്വഭാവമുള്ള ജോലി ദീർഘകാലം ചെയ്ത ജീവനക്കാരെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും അവർക്ക് പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം താൽക്കാലിക ജീവനക്കാർക്ക് 1965 ലെ സെൻട്രൽ സിവിൽ സർവീസസ് (താൽക്കാലിക സർവീസ്) നിയമപ്രകാരം താൽക്കാലിക സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും ഔദ്യോഗികമായി സ്ഥിരപ്പെടുത്തൽ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന കാരണത്താൽ പെൻഷൻ നിഷേധിക്കരുതെന്നും കോടതി ഉത്തരവിട്ടു.
നീണ്ട വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കാഷ്വൽ ജീവനക്കാരെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിലും അവർക്ക് പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ദീർഘകാലം കാഷ്വൽ ജീവനക്കാരായി ജോലി നോക്കുന്നവർക്ക് താൽക്കാലിക സർക്കാർ ജീവനക്കാരുടെ പദവി നേരിട്ട് ലഭിക്കില്ലെങ്കിലും 1965 ലെ സി സി എസ് (താൽക്കാലിക സർവീസ്) നിയമവും 1972 ലെ സി സി എസ് (പെൻഷൻ) നിയമവും പ്രകാരം താൽക്കാലിക സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന അതേ സേവന ആനുകൂല്യങ്ങൾക്ക് ഇവർക്ക് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ പതിറ്റാണ്ടുകളായി കാഷ്വൽ ജീവനക്കാരായും നൈറ്റ് ഗാർഡുമാരായും ജോലി ചെയ്തിരുന്ന സൂരജ് സാഹിന്റെ ഭാര്യ ഭിഖാനി ദേവി, ബഹുരു സാഹു, പിതാംബർ ഝാ എന്നിവരുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. 1991 ലെ കാഷ്വൽ ലേബറേഴ്സ് (താൽക്കാലിക പദവിയും സ്ഥിരപ്പെടുത്തലും നൽകൽ) പദ്ധതി പ്രകാരം ഇവർക്ക് താൽക്കാലിക പദവി ലഭിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് ഡി ജീവനക്കാരായി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇവരുടെ പെൻഷൻ അപേക്ഷ അധികൃതർ തള്ളുകയായിരുന്നു.
പട്ന ഹൈക്കോടതിയുടെ മുൻ വിധികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് നിരസിച്ചത്. താൽക്കാലിക പദവി ലഭിച്ച ശേഷം മൂന്ന് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്ന കാഷ്വൽ ജീവനക്കാർക്ക് ഗ്രൂപ്പ് ഡി ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ പദ്ധതിയിൽ വ്യവസ്ഥയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി തടസ്സമില്ലാതെ സേവനം അനുഷ്ഠിച്ച ജീവനക്കാരുടെ തൊഴിലിന്റെ സ്വഭാവം മാറിയിട്ടുണ്ടെന്നും അതിനെ കേവലം കാഷ്വൽ എന്ന ഇടുങ്ങിയ കോണിലൂടെ കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
1965 ലെ സി സി എസ് (താൽക്കാലിക സർവീസ്) നിയമത്തിലെ റൂൾ 10 (1 ബി), 1972 ലെ സി സി എസ് (പെൻഷൻ) നിയമം എന്നിവ പ്രകാരം ഹർജിക്കാർക്ക് വിരമിക്കൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ട്. ഹർജി അംഗീകരിച്ച സുപ്രീം കോടതി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സി എ ടി) ഉത്തരവുകൾ പുനഃസ്ഥാപിച്ചു. ജീവനക്കാരുടെ പെൻഷനും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങളും കണക്കാക്കി മൂന്ന് മാസത്തിനകം വിതരണം ചെയ്യാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
അപ്പീൽക്കാർക്ക് വേണ്ടി അഭിഭാഷകരായ അഖിലേഷ് കുമാർ പാണ്ഡെ, അമ്രിഷ് കുമാർ, സുദർശൻ ലാംബ എന്നിവരും എതിർകക്ഷികൾക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ ബിജേന്ദർ ചാഹർ, അഭിഭാഷകരായ കുമാർ മുരളീധർ, അതുൽ വർമ്മ, സുനിൽ കുമാർ വർമ്മ, ഷാരിഖ് അഹമ്മദ്, താരിഖ് അഹമ്മദ് തുടങ്ങിയവരും ഹാജരായി.
ആരാണ് കാഷ്വൽ വർക്കേഴ്സ്?
സ്ഥിരമായ തൊഴിൽ കരാറുകളോ കൃത്യമായ ജോലി സമയമോ ഇല്ലാതെ, ദിവസക്കൂലി അടിസ്ഥാനത്തിലോ അല്ലെങ്കിൽ പെട്ടെന്ന് ഉയർന്നുവരുന്ന താൽക്കാലിക ആവശ്യങ്ങൾക്കായോ നിയമിക്കപ്പെടുന്ന തൊഴിലാളികളെയാണ് കാഷ്വൽ വർക്കേഴ്സ് അഥവാ ദിനക്കൂലിക്കാർ എന്ന് വിളിക്കുന്നത്. സ്ഥാപനങ്ങൾക്ക് അധിക ജോലിഭാരമുള്ളപ്പോഴോ അല്ലെങ്കിൽ പ്രത്യേക സീസണുകളിലോ മാത്രമായിരിക്കും സാധാരണഗതിയിൽ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക. ഇവർക്ക് സ്ഥിരമായ ശമ്പള സ്കെയിലോ വിരമിക്കൽ ആനുകൂല്യങ്ങളോ പ്രൊവിഡന്റ് ഫണ്ട് പോലുള്ള സാമൂഹിക സുരക്ഷാ പദ്ധതികളോ സാധാരണയായി ലഭിക്കാറില്ല.
താൽക്കാലിക ജീവനക്കാരും കാഷ്വൽ വർക്കേഴ്സും തമ്മിലുള്ള വ്യത്യാസങ്ങൾ
കാഷ്വൽ തൊഴിലാളികൾക്ക് നിശ്ചിത തൊഴിൽ കാലയളവ് ഉണ്ടായിരിക്കില്ല. ഒരു ദിവസത്തെ ജോലി കഴിഞ്ഞാൽ അടുത്ത ദിവസം ജോലി ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നാൽ താൽക്കാലിക ജീവനക്കാരെ (ടെമ്പററി ജീവനക്കാർ) കൃത്യമായ ഒരു കാലയളവിലേക്ക് അല്ലെങ്കിൽ ഒരു നിശ്ചിത പ്രോജക്റ്റ് തീരുന്നത് വരെയായിരിക്കും നിയമിക്കുക. അവർക്ക് താൽക്കാലികമാണെങ്കിലും ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിൽ സുരക്ഷിതത്വം ഉണ്ടാകും.
Content Highlights:
The Supreme Court has delivered a landmark ruling stating that long-serving casual workers who performed permanent and continuous work for the government are entitled to pensionary benefits. A bench of Justice Sanjay Karol and Justice Augustine George Masih held that formal regularisation is not mandatory to claim pension if the employee qualifies under the CCS (Temporary Service) Rules. Setting aside the Patna High Court’s order, the apex court directed the Union Government to release the pension and retirement benefits within three months.







