Kerala
പാലില്‍ ചേര്‍ത്തു കുടിക്കാനും ചട്‌നിയുണ്ടാക്കാനുമായി ഫ്‌ളാറ്റില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി; തിരുവനന്തപുരത്ത് ഐ ടി കമ്പനി മാനേജര്‍ പിടിയില്‍
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ തിരച്ചിലില്‍ 70ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയത്
തിരുവനന്തപുരം | ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹരിയാന സ്വദേശി പിടിയില്‍.ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ മാനേജര്‍ ആയി ജോലി നോക്കുന്ന വിശാല്‍ (26) ആണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ തിരച്ചിലില്‍ 70ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയത്.ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാള്‍ ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയത്.
ചട്‌നി അരയ്ക്കാനും പാലില്‍ ചേര്‍ത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്നാണ് പ്രതിയുടെ മൊഴി. സ്വന്തം ആവശ്യത്തിനാണ് ഇയാള്‍ ഫ്‌ലാറ്റില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടിയുടെ ഇലകള്‍ അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുന്നതും ഇലകള്‍ ചേര്‍ത്ത ചമ്മന്തിയും പതിവായി ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.ഫ്‌ലാറ്റിനുള്ളില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികള്‍ക്ക് പ്രതി പൂര്‍ണമായും ജൈവവളം മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്.







