From the print
സര്‍ക്കാര്‍ ധവളപത്രം: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം; ശമ്പള പരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം. ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കണം. ഊര്‍ജമേഖല സ്വകാര്യ നിക്ഷേപകര്‍ക്ക് തുറന്നു കൊടുക്കണം.
തിരുവനന്തപുരം | സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ധവളപത്രം മുന്നോട്ടുവെക്കുന്നത് നിരവധി നിര്‍ദേശങ്ങള്‍. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തലുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നതാണ് പ്രധാന ശിപാര്‍ശകളിലൊന്ന്. ഇതോടൊപ്പം ശമ്പള പരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടപ്പിലാക്കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം വര്‍ധിപ്പിക്കുമ്പോള്‍ ഏകദേശം 6,000 കോടി ലാഭിക്കാനാകുമെന്നാണ് ധവളപത്രം വിശദീകരിക്കുന്നത്.
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുക, സപ്ലൈകോയുടെ നഷ്ടം നികത്താന്‍ ബീവറേജസ് കോര്‍പറേഷനുമായി ലയിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്. ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുജന സേവനങ്ങള്‍ക്ക് പൂര്‍ണ സബ്സിഡി നല്‍കണം, കെ എസ് ഇ ബി സ്വയംപര്യാപ്തമാകണം, തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയോ സ്വകാര്യവത്കരിക്കുകയോ വേണം തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. ആകെ സ്ഥാപനങ്ങളില്‍ 132 എണ്ണം ഉത്പാദനം, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ 86 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്ന അഞ്ച് സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. സഞ്ചിതനഷ്ടം 2021-22ലെ 31,571 കോടി രൂപയില്‍ നിന്ന് 2024-25ല്‍ 78,851 കോടി രൂപയായി വര്‍ധിച്ചു. 2024-25ല്‍ കെ എസ് ആര്‍ ടി സി, കെ എസ് എസ് പി എല്‍, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ആകെ നഷ്ടത്തിന്റെ 72 ശതമാനത്തിനും കാരണമായി. ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിരന്തരമായ നഷ്ടം ഇവയുടെ ആസ്തിമൂല്യം ഇല്ലാതാകാന്‍ കാരണമായി. ഇവയുടെ തുടര്‍പ്രവര്‍ത്തനം ബജറ്റ് വിഹിതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
സബ്സിഡികള്‍ ഉത്പാദനാധിഷ്ഠിതമാക്കുന്നതിന് പകരം ഉപഭോഗാധിഷ്ഠിതമാക്കണം. കൂടാതെ, സര്‍ക്കാറിന്റെ വരുമാനം കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് തന്നെ വരണമെന്ന പ്രധാനതത്വത്തിന്റെ ലംഘനം അനുവദിക്കില്ല. കെ എസ് ഇ ബി വൈദ്യുതി നികുതി അടക്കാത്തത് ഇതിന് ഉദാഹരണമാണ്. ബീവറേജസ് കോര്‍പറേഷന്‍ അതിന്റെ ലാഭത്തില്‍ നിന്ന് വലിയൊരു തുക കോര്‍പറേറ്റ് നികുതിയായി അടക്കുന്നുണ്ട്. ഇതിനു വിപരീതമായി, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുന്നതുമൂലം വലിയനഷ്ടം നേരിടുന്നു. ഈ രണ്ട് സ്ഥാപനങ്ങളെയും മദ്യവിതരണത്തിനും സിവില്‍ സപ്ലൈസ്, വ്യവസ്ഥകള്‍ക്കുമായി പ്രത്യേക ഡിവിഷനുകളുള്ള ഒറ്റ കോര്‍പറേഷനായി ലയിപ്പിക്കുന്നത് ഉചിതമായിരിക്കും. സിവില്‍ സപ്ലൈസ് ഡിവിഷന്റെ നഷ്ടം ബീവറേജസ് ഡിവിഷന്റെ ലാഭവുമായി തട്ടിക്കിഴിക്കാന്‍ സര്‍ക്കാറിനെ സഹായിക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്തിന്റെ പദ്ധതി ചെലവുകള്‍ ക്രമമായി ഇടിഞ്ഞ് 2025-26ഓടെ 18 ശതമാനത്തിന് താഴെയായി കുറഞ്ഞു. പദ്ധതി ചെലവുകളിലെ ഈ വെട്ടിക്കുറക്കല്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. എസ് സി, എസ് ടി, ഒ ബി സി, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതി ചെലവ് 2017-18ല്‍ മൊത്തം പദ്ധതി ചെലവിന്റെ 9.24 ശതമാനത്തില്‍ നിന്ന് 2025-26ല്‍ 3.85 ശതമാനമായി കുറഞ്ഞു. സാമൂഹിക സേവനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി ധനസഹായം എന്നിവയാണ് വ്യവസ്ഥാപിതമായി വെട്ടിച്ചുരുക്കലിന് വിധേയമായ മേഖലകള്‍.
കൃഷിയിലും അനുബന്ധ മേഖലകളിലും വിദ്യാഭ്യാസം എന്നിവയിലെ ചെലവുകളിലും ഇടിവുണ്ടായിട്ടുണ്ട്. വളര്‍ച്ച, നിക്ഷേപം, തൊഴില്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴി. സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് വിഭവങ്ങളില്ലാത്ത സാഹചര്യത്തില്‍, സ്വകാര്യ നിക്ഷേപങ്ങളെയും സഹകരണ നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ബജറ്റ് ഇതര വായ്പകളുടെ പരിധിയില്‍ വരാത്തവിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിക്കുകയുമാണ് പരിഹാരം. ഊര്‍ജ മേഖല സ്വകാര്യ നിക്ഷേപങ്ങള്‍ക്കായി തുറന്നുകൊടുക്കേണ്ടതുണ്ട്.
ഭൂനിയമങ്ങളോ തൊഴില്‍ നിയമങ്ങളോ സ്ഥാപിത കീഴ്വഴക്കങ്ങളോ ആകട്ടെ, നിയമങ്ങളും നടപടിക്രമങ്ങളും പരിഷ്‌കരിക്കുകയും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധിത ചുമതലകള്‍ നിര്‍വഹിക്കുന്നതിനപ്പുറം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ പങ്ക് വഹിക്കേണ്ടതുണ്ടെന്നും പറയുന്നു.







