From the print
ഓപറേഷന്‍ തൂഫാന്‍: സംസ്ഥാന വ്യാപക റെയ്ഡില്‍ 368 പേര്‍ അറസ്റ്റില്‍
മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു.
തിരുവനന്തപുരം | ഓപറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 368 പേര്‍ അറസ്റ്റില്‍. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്ന് മാരക മയക്കുമരുന്നുകളായ എം ഡി എം എ (0.549 കി.ലോഗ്രാം), കഞ്ചാവ് (16.7931 കിലോഗ്രാം), ഹഷീഷ് ഓയില്‍ (0.461 കിലോഗ്രാം), കഞ്ചാവ് ബീഡി (220 എണ്ണം) എന്നിവ പിടിച്ചെടുത്തു. കൂടാതെ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനക്ക് വിധേയരാക്കി.
സംസ്ഥാനത്ത് ലഹരിവിപണനം തടയുന്നതിനായി 84 പോലീസ് സബ് ഡിവിഷനുകളില്‍ നാല് വീതം സ്പെഷ്യല്‍ സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതോടൊപ്പം അന്തര്‍സംസ്ഥാന ലഹരിക്കടത്ത് തടയുന്നതിനായി ഇതര സംസ്ഥാനങ്ങളിലെ രാസലഹരി ഉണ്ടാക്കുന്ന ലാബുകളില്‍ പരിശോധന നടത്തി നടത്തിപ്പുകാരെയും സംഭരണം ചെയ്യുന്നവരെയും പിടികൂടും.
അഞ്ച് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഓപറേഷന്‍ തൂഫാന്റെ പരിധിക്കുള്ളില്‍ വരും. എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് മുതലായ കേന്ദ്ര ഏജന്‍സികളുടെ സഹായവും തേടും. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി കൈമാറാന്‍ ആപ്പുകളും വാട്‌സ്ആപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനവും ഓപറേഷന്‍ തൂഫാന്റെ ഭാഗമായി സജ്ജമാക്കുന്നുണ്ട്.







