Connect with us

Articles

എണ്ണ അത്രമേൽ മാരകമായ ആയുധമാണ്

ചരിത്ര വസ്തുതകളെ മുന്‍നിര്‍ത്തി ഇന്ന് പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷം വിശകലനം ചെയ്താല്‍ യു എസ് എത്തിപ്പെട്ട പ്രതിസന്ധി 1970കളിലേതിന് സമാനമാണെന്ന് കാണാനാകും. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ശക്തമായ നിയന്ത്രണം കൊണ്ടുവന്നതോടെ എണ്ണ വില കുതിച്ചുയരുകയാണ്. ബാരലിന് 100 ഡോളറും കടന്ന് അത് കുതിക്കുന്നു. 140 ഡോളറിലേക്കെത്തുകയും ആ വില തുടരുകയും ചെയ്താല്‍ സര്‍വ രാജ്യങ്ങളെയും അത് സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടും

Published

|

Last Updated

1973ലെ എണ്ണ ഉപരോധത്തിന്റെ നടുക്കുന്ന ഓര്‍മകളാകും ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ഇപ്പോള്‍ വേട്ടയാടുന്നുണ്ടാകുക. ആ കാലത്തിന്റെ ആവര്‍ത്തനമാണല്ലോ ഇസ്‌റാഈലുമായി ചേര്‍ന്ന് ഇറാനെ ആക്രമിച്ചപ്പോള്‍ അരങ്ങേറുന്നതെന്ന് അമേരിക്കയിലെയും പടിഞ്ഞാറന്‍ നാടുകളിലെയും ചരിത്രബോധമുള്ള മുഴുവന്‍ പേരും തിരിച്ചറിയുന്നുണ്ട്. അന്നും ഇസ്‌റാഈലിനു വേണ്ടിയാണ് സാമ്പത്തിക തകര്‍ച്ചയുടെ ഗതികേട് യു എസ് ജനത സഹിച്ചത്. അന്നും പ്രതിസന്ധിയുടെ കയത്തിലേക്ക് വീണുപോയത് അമേരിക്കയായിരുന്നു. സയണിസ്റ്റുകളുടെ അധിനിവേശ ഭ്രാന്തിന് കൂട്ടുനിന്നാല്‍ എന്താകുമുണ്ടാകുകയെന്നതിന്റെ വളരെ അടുത്തുള്ള ചരിത്രപാഠമായിരുന്നു 1973-74ലെ ഊര്‍ജ പ്രതിസന്ധി. 1967ലെ ആറ് ദിന യുദ്ധത്തില്‍ ഇസ്‌റാഈല്‍ കൈയടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ അറബ് രാജ്യങ്ങള്‍ നടത്തിയ സംയുക്ത നീക്കം യോം കിപ്പൂര്‍ യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. ഈ യുദ്ധത്തില്‍ യു എസ് പ്രസിഡന്റ്നിക്‌സണ്‍ ഇസ്‌റാഈലിന് സര്‍വ പിന്തുണയും നല്‍കി. കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം ഒഴുകി. ഏതാനും യൂറോപ്യന്‍ രാജ്യങ്ങളും കൂടെക്കൂടി. ഈ സയണിസ്റ്റ് അനുകൂലികള്‍ക്കെതിരെ എണ്ണ ഉപരോധമേര്‍പ്പെടുത്തിയാണ് ഒപെക് പ്രതികരിച്ചത്. സഊദി അറേബ്യയാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. ഈ ഉപരോധം ലോകത്താകെ പ്രതിഫലനമുണ്ടാക്കി. എണ്ണ വില കുതിച്ചുയര്‍ന്നു. ഉപരോധം ഹ്രസ്വകാലം മാത്രമേ നിന്നുള്ളൂവെങ്കിലും പ്രത്യാഘാതം ദൂരവ്യാപകമായിരുന്നു. വ്യാപകമായ ഇന്ധനക്ഷാമമുണ്ടായി. പെട്രോളിനും പാചക വാതകത്തിനുമായി നീണ്ട ക്യൂവിന് മുന്നില്‍ മനുഷ്യര്‍ കുഴഞ്ഞുവീണു. വികലനയം കൈകൊണ്ട ഭരണകര്‍ത്താക്കള്‍ തെരുവില്‍ ചോദ്യം ചെയ്യപ്പെട്ടു.
ഇസ്‌റാഈലിന് 2.2 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായം നല്‍കാനുള്ള റിച്ചാര്‍ഡ് നിക്‌സണിന്റെ തീരുമാനത്തെത്തുടര്‍ന്ന്, 1973 ഒക്ടോബര്‍ 19ന്, ഒപെക് യു എസിന് മേല്‍ എണ്ണ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഉത്പാദനത്തില്‍ കുത്തനെ വെട്ടിക്കുറവുകള്‍ വരുത്തി. ഉപരോധത്തിന് മുമ്പ്, ഒരു ബാരല്‍ എണ്ണയുടെ വില ഏകദേശം 2.90 ഡോളറായിരുന്നു. 1974 ജനുവരി ആയപ്പോഴേക്കും ഇത് നാലിരട്ടിയായി വര്‍ധിച്ച് 11. 65 ഡോളറായി. ഇത് യു എസില്‍ സാധാരണ ഗ്യാസോലിന്‍ വിലയില്‍ പ്രതിസന്ധിക്ക് മുമ്പത്തെ ഗാലണിന് ശരാശരി 39 സെന്റില്‍ നിന്ന് 53 സെന്റായി വര്‍ധിക്കുന്നതിന് കാരണമായി. ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 36 ശതമാനം വര്‍ധനവ്.

പ്രത്യക്ഷത്തില്‍ സംഭവിച്ച കെടുതികള്‍ക്ക് പിറകേ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ അദൃശ്യമായ മാന്ദ്യത്തിന്റെ കാലൊച്ച കേട്ടുതുടങ്ങി. 1970കളിലുടനീളം നീണ്ടുനിന്ന പണപ്പെരുപ്പത്തിന്റെയും ക്രയശേഷി നഷ്ടത്തിന്റെയും വിഷമവൃത്തത്തിലേക്ക് യു എസ് പതിച്ചു. എണ്ണ എത്ര മാരകമായ ആയുധമാണെന്ന് ലോകത്തിന് ബോധ്യപ്പെട്ട നാളുകളായിരുന്നു അത്. സ്റ്റാഗ്ഫ്‌ളാഷന്‍ എന്ന് പിന്നീട് വിവക്ഷിക്കപ്പെട്ട സ്തംഭനാവസ്ഥയിലേക്ക് അമേരിക്ക പതിക്കുകയായിരുന്നു. ഉത്പാദകര്‍ ലാഭപ്രതീക്ഷകള്‍ ക്ഷയിച്ച് രംഗം വിട്ടുതുടങ്ങി. സാമ്പത്തിക വളര്‍ച്ച മുരടിച്ചു. കടുത്ത തൊഴിലില്ലായ്മ നടമാടി. 1930കളില്‍ വ്യാവസായിക രാജ്യങ്ങളെ പിടികൂടിയ ഗ്രേറ്റ് ഡിപ്രഷന് പരിഹാരമായി ജെ എം കെയിന്‍സ് നിര്‍ദേശിച്ച എല്ലാ പരിഹാര മാര്‍ഗങ്ങളും യു എസ് ഭരണകൂടം പയറ്റി. പലിശ നിരക്ക് കുറച്ച് പണം കൂടുതലായി വിപണിയിലെത്തിക്കാനും വായ്പയെടുക്കാനുള്ള പ്രവണത ത്വരിതപ്പെടുത്താനും ശ്രമിച്ചു. സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിച്ച് ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് പണമെത്തിക്കാനും നോക്കി. ഇവയെല്ലാം പിന്നെയും പണപ്പെരുപ്പത്തിലാണ് കലാശിച്ചത്. ഡോളറിന്റെ സമ്പൂര്‍ണ തകര്‍ച്ച മുന്നില്‍ കണ്ട നാളുകളായിരുന്നു 1970കള്‍.

ഈ പ്രതിസന്ധിയെ പ്രധാനമായും രണ്ട് തരത്തിലാണ് മറികടന്നത്. ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ പ്രോത്സാഹിപ്പിക്കുകയും പെട്രോ ഇന്ധന ഉപഭോഗം നിയന്ത്രിക്കാനുള്ള കര്‍ശന ഉപാധികള്‍ മുന്നോട്ടുവെക്കുകയും ആഭ്യന്തര എണ്ണ പര്യവേഷണം ശക്തമാക്കുകയും ചെയ്തുവെന്നതാണ് ഒരു സുപ്രധാന നീക്കം. ഭാവിയില്‍ ഇത്തരം സന്ദിഗ്ധതകള്‍ രൂപപ്പെട്ടാല്‍ പിടിച്ചു നില്‍ക്കുന്നതിന് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ഉണ്ടാക്കിയെന്നതും പ്രധാനമാണ്. എന്നാല്‍ ഇന്ന് കാണുന്ന മേധാവിത്വവും ആത്മവിശ്വാസവും അമേരിക്കക്ക് സമ്മാനിച്ച അത്യന്തം സങ്കീര്‍ണമായ നയതന്ത്ര നീക്കങ്ങളാണ് 1970കളെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. നയതന്ത്രമെന്നത് ശരിക്കും പിരിച്ചെഴുതേണ്ട നീക്കങ്ങളായിരുന്നു അവ. നയവും തന്ത്രവും ഒത്തുചേര്‍ന്ന നിഗൂഢ നീക്കുപോക്കുകള്‍. നിക്‌സണിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഹെൻറി കിസിന്‍ജര്‍ നേതൃത്വം നല്‍കിയ ആ നീക്കം ഇസ്‌റാഈലിനോടുള്ള അറബ് രാജ്യങ്ങളുടെ ശത്രുത നിര്‍വീര്യമാക്കാന്‍ പോന്നതായിരുന്നു. ഷട്ടില്‍ ഡിപ്ലമസി എന്ന് വിശേഷിപ്പിക്കപ്പെട്ട ആ നിരന്തര ദൗത്യങ്ങള്‍ 1974 മാര്‍ച്ചില്‍ എണ്ണ ഉപരോധം പിന്‍വലിക്കുന്നതില്‍ കലാശിച്ചു. അവിടെ നിന്നില്ല. സഊദി അറേബ്യയുമായി ചരിത്രം തിരുത്തിക്കുറിച്ച പെട്രോ ഡോളര്‍ നീക്കുപോക്കുണ്ടായി. ഡോളറിനെ ആഗോള അംഗീകൃത കറന്‍സിയായി നിലനിര്‍ത്തുന്നതും യു എസ് സമ്പദ് വ്യവസ്ഥയെയും രാഷ്ട്രീയ ക്രമത്തെയും ആര്‍ക്കുമേലും കുതിര കയറാവുന്ന അഹങ്കാരത്തിലേക്ക് കുതിക്കാന്‍ സഹായിച്ചതും പെട്രോ ഡോളർ സിസ്റ്റമാണ്. സഊദി അറേബ്യ അടക്കമുള്ള ജി സി സി രാജ്യങ്ങള്‍ അവരുടെ എണ്ണ സമ്പത്ത് വിപണനം നടത്തുക ഡോളറില്‍ മാത്രമാണെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, ഈ രാജ്യങ്ങള്‍ അവരുടെ നീക്കിയിരിപ്പ് യു എസ് ഫെഡറല്‍ റിസര്‍വില്‍ ഡോളറായി സൂക്ഷിക്കുമെന്നും ധാരണയിലെത്തി. അതോടെ ഡോളര്‍ ഒരിക്കലും തകരാത്ത കറന്‍സിയായി മാറി. കൂടുതല്‍ രാജ്യങ്ങളുടെ റിസര്‍വ് കറന്‍സിയായും ഡോളര്‍ മാറി. എണ്ണ ഇറക്കുമതി ചെയ്യാന്‍ ഡോളര്‍ അനിവാര്യമാണെന്ന് വന്നതോടെ സര്‍വ രാജ്യങ്ങളും അവരുടെ ഫോറിന്‍ കറന്‍സി പൂളിലേക്ക് ഡോളര്‍ കുന്നുകൂട്ടാന്‍ നെട്ടോട്ടമോടി. പകരമെന്താണ് അറബ് രാജ്യങ്ങള്‍ക്ക് യു എസ് നല്‍കിയ വാഗ്ദാനം? സുരക്ഷ. സൈനിക സഹകരണം. യുദ്ധോപകരണങ്ങള്‍. യുദ്ധ പരിശീലനം. യുദ്ധ സാങ്കേതിക വിദ്യ. ഓരോ രാജ്യത്തും യു എസ് താവളങ്ങള്‍.

ഈ ചരിത്ര വസ്തുതകളെ മുന്‍നിര്‍ത്തി ഇന്ന് പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷം വിശകലനം ചെയ്താല്‍ യു എസ് എത്തിപ്പെട്ട പ്രതിസന്ധി 1970കളിലേതിന് സമാനമാണെന്ന് കാണാനാകും. ആഗോള എണ്ണ സഞ്ചാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ശക്തമായ നിയന്ത്രണം കൊണ്ടുവന്നതോടെ ആഗോള എണ്ണ വില കുതിച്ചുയരുകയാണ്. ബാരലിന് 100 ഡോളറും കടന്ന് അത് കുതിക്കുന്നു. 140 ഡോളറിലേക്കെത്തുകയും ആ വില തുടരുകയും ചെയ്താല്‍ സര്‍വ രാജ്യങ്ങളെയും അത് സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടും. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറക്കുകയാണ്. ഇറാനിലെ എണ്ണപ്പാടങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുകയെന്ന കൈവിട്ട കളിയിലേക്ക് യു എസ് ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇതേ നിലയില്‍ ഇറാനും പ്രത്യാക്രമണത്തിന് മുതിര്‍ന്നാല്‍ എത്ര വലിയ പ്രതിസന്ധിയാകുമുണ്ടാകുകയെന്നത് അപ്രവചനീയമാണ്. മറ്റൊരു ഓയില്‍ റൂട്ടായ റെഡ് സീ കഴിഞ്ഞ വര്‍ഷം തന്നെ ഹൂതികള്‍ തടസ്സപ്പെടുത്തിക്കഴിഞ്ഞിരുന്നു. വെനസ്വേലയില്‍ നിന്നുള്ള എണ്ണ കൊണ്ടോ ആഭ്യന്തര ഉത്പാദനം കൊണ്ടോ താത്കാലികമായി പ്രശ്‌നങ്ങള്‍ക്ക് അടക്കം കെട്ടാന്‍ യു എസിന് സാധിച്ചാല്‍ തന്നെ പെട്രോ ഡോളര്‍ മേഖലയിലെ മാന്ദ്യം പതിന്‍മടങ്ങ് ശക്തിയോടെ യു എസ് സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കും. എണ്ണ നീക്കം നടക്കാതെ എങ്ങനെ പെട്രോ ഡോളറുണ്ടാകും? എണ്ണ ഉപോത്പന്നങ്ങളുപയോഗിക്കുന്ന പ്ലാസ്റ്റിക്, വളം മേഖലയിലെല്ലാം പ്രത്യാഘാതമുണ്ടാകും. ഹീലിയം അധിഷ്ടിത സെമി കണ്ടക്ടര്‍ മേഖലയിലുമുണ്ടാകും പ്രതിസന്ധി. ഇതോടൊപ്പം ഭീകരമായ യുദ്ധച്ചെലവ് കൂടിയാകുന്നതോടെ 1970കളിലേതിനേക്കാള്‍ മാരകമായ സ്റ്റാഗ്ഫ്‌ളാഷനിലേക്കാകും, സ്തംഭനാവസ്ഥിയിലേക്കാകും യു എസ് കൂപ്പുകുത്തുക. ട്രംപിന്റെ തീരുവ നയം വരുത്തിവെച്ച ഒറ്റപ്പെടലില്‍ നിന്ന് കരകയറും മുമ്പാണ് അദ്ദേഹത്തിന്റെ തന്നെ മറ്റൊരു സ്വയംകൃതാനര്‍ഥത്തില്‍ അമേരിക്ക നട്ടം തിരിയുന്നത്. നേരിട്ട് കളത്തിലിറങ്ങാതെ നില്‍ക്കുന്ന റഷ്യ, യു എസിന്റെ സര്‍വ ഉപരോധത്തെയും മറികടന്ന് കൂടുതല്‍ എണ്ണ ഉത്പാദിപ്പിച്ചും വിറ്റും വലിയ നേട്ടം കൊയ്യുന്നത് നോക്കി നില്‍ക്കാനാണ് ട്രംപിന്റെ യോഗം. അന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അതേ യു എസ് ഇപ്പോള്‍ ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ‘അനുമതി’ നല്‍കേണ്ട ഗതികേടിലെത്തി.

അറബ് രാജ്യങ്ങള്‍ ഇപ്പോഴും അമേരിക്കയെ വിശ്വസിക്കുമോ. തങ്ങള്‍ ചെല്ലും ചെലവും കൊടുത്ത് നടത്തുന്ന യു എസ് താവളങ്ങളാണ് ഇറാന്റെ സുനിശ്ചിത ലക്ഷ്യങ്ങളായി തങ്ങളുടെ സുരക്ഷക്കിപ്പോള്‍ ഭീഷണിയായിരിക്കുന്നതെന്ന് അവർ തിരിച്ചറിയുമോ? ഇസ്‌റാഈലിനെ സംരക്ഷിക്കാനായി എന്തും ചെയ്യാനിറങ്ങുന്ന ട്രംപിന് അറബ് രാജ്യങ്ങളുടെ സ്വാസ്ഥ്യം ഒരു വിഷയമേയല്ലെന്ന തിരിച്ചറിവ് ബദല്‍ മാര്‍ഗങ്ങളാരായാനും ഭൗമരാഷ്ട്രീയത്തില്‍ ഇതുവരെയെടുത്ത നിലപാടുകള്‍ പുനഃപരിശോധിക്കാനും അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ചേക്കാം. ഈ സാഹചര്യം മറികടക്കാനും മേഖലയില്‍ ആത്മവിശ്വാസം പകരാനുമാണ് ഹോര്‍മുസ് മോചിപ്പിക്കുമെന്ന് ട്രംപ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. ഡോളറിന് ബദല്‍ തേടുന്ന ബ്രിക്‌സ് കൂട്ടായ്മ ഇവിടെയുണ്ട്. ഡോളറിന് പകരം പെട്രോ വിപണിയിലെ സര്‍വാംഗീകൃത കറന്‍സിയായി ബ്രിക്‌സ് കറന്‍സി വരില്ലെന്നാരുകണ്ടു?

ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ കരുത്തും ആത്മവിശ്വാസവും കൂട്ടുകയാണ് യു എസും ഇസ്‌റാഈലും ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ കൊണ്ട് സാധ്യമാകുമെന്ന് കരുതിയ ലക്ഷ്യം നേടാനാകാതെ അര്‍ധ മാസം പിന്നിടുമ്പോള്‍ തകര്‍ന്നു വീണ യുദ്ധവിമാനങ്ങള്‍ തീര്‍ത്ത ആഘാതത്തിലാണ് യു എസ്. ഇത്ര വലിയ നേതൃനഷ്ടത്തിനിടയിലും ഇറാന്‍ ഈ ദിനങ്ങളില്‍ പിടിച്ചുനില്‍ക്കുന്നുവെങ്കില്‍ വലിയ കുഴിയിലാണ് ഇസ്‌റാഈല്‍ ട്രംപിനെ ചാടിച്ചിരിക്കുന്നതെന്ന് ബോധ്യമാകും. സയണിസ്റ്റുകളുടെ ഗ്രേറ്റര്‍ ഇസ്‌റാഈല്‍ സ്വപ്‌നത്തിന് ചട്ടമ്പിപ്പണിയെടുക്കാന്‍ ഇറങ്ങുന്ന ആര്‍ക്കും വന്നുപെടാവുന്ന ദുര്‍ഗതിയാണിത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest