Connect with us

Kerala

യു ഡി എഫ് ഭരണം കിട്ടിയാല്‍ ലീഗ് മന്ത്രിമാരെക്കുറിച്ച് ധാരണയായതായി വിവരം

ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടിയേക്കുമെന്നും പ്രതീക്ഷ

Published

|

Last Updated

കോഴിക്കോട് | യു ഡി എഫിന് അധികാരം കിട്ടിയാല്‍ ലീഗ് മന്ത്രിമാര്‍ ആരൊക്കെ ആയിരിക്കണമെന്ന കാര്യത്തില്‍ ധാരണയിലെത്തിയതായി വിവരം. അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് പ്രതീക്ഷിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയാണ് മന്ത്രി പട്ടികയില്‍ ഒന്നാമത്.

ലീഗ് ആവശ്യപ്പെടാതെ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം കൊടുത്തേക്കുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ട്. അങ്ങനെയെങ്കില്‍ കുഞ്ഞാലിക്കുട്ടി തന്നെ ആ പദവിയില്‍ എത്തും. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും വിജയം ഉറപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ലീഗിന് അര്‍ഹമായ അംഗീകാരം നല്‍കണമെന്ന അഭിപ്രായം നേതൃത്വത്തിലുണ്ട്. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന ചര്‍ച്ചയും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉണ്ടെന്നാണ് ലീഗ് കരുതുന്നത്. ലീഗിനു ലഭിക്കുന്ന സുപ്രധാന വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടി തന്നെ കൈകാര്യം ചെയ്യും.

എം കെ മുനീറിന്റെ അഭാവത്തില്‍ രണ്ടാമനായി കെ എം ഷാജി വരാനാണ് സാധ്യത. പി കെ ബഷീറിനായിരിക്കും മറ്റൊരു മന്ത്രിസ്ഥാനം ലഭിക്കുക. മികച്ച പാര്‍ലമെന്റേറിയനായ ഷംസുദ്ദീനും അവസരം ലഭിച്ചേക്കും. കോഴിക്കോട് ജില്ലയില്‍ നിന്ന് പാറക്കല്‍ അബ്ദുല്ല, എം എ റസാഖ് മാസ്റ്റര്‍, മഞ്ചേശ്വരത്ത് ബി ജെ പിയെ തോല്‍പിച്ച് എത്തുന്ന അഷ്‌റഫ് ഇവരില്‍ ഒരാള്‍ക്കും നറുക്കു വീണേക്കും. ലഭിക്കുന്ന സീറ്റുകളുടെ എണ്ണം അനുസരിച്ചായിരിക്കും മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുക.

ലീഗിന്റെ പദവികള്‍ സംബന്ധിച്ച് പുറത്ത് ചര്‍ച്ച ഉണ്ടാക്കുന്നത് മുന്നണിക്കും കോണ്‍ഗ്രസ്സിനും തിരിച്ചടിയായിരിക്കും എന്നതിനാല്‍ വിവാദങ്ങള്‍ ഇല്ലാതെയും ലീഗിനെ അലോസരപ്പെടുത്താതെയും മന്ത്രിസ്ഥാനവും വകുപ്പും നല്‍കാനാണ് കോണ്‍ഗ്രസ് തയ്യാറാവുക. തങ്ങളെക്കൊണ്ട് ആവശ്യങ്ങള്‍ ഉന്നയിപ്പിക്കുന്ന നില കോണ്‍ഗ്രസ് സ്വീകരിക്കില്ല എന്ന വിശ്വാസത്തിലാണ് ലീഗ്.

Latest