Connect with us

articles

ഉലഞ്ഞ്, കൈപൊള്ളി അമേരിക്ക

ശീത യുദ്ധാനന്തരം സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോട് കൂടി അമേരിക്ക നേടിയെടുത്ത സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേധാവിത്വത്തെ ഈ യുദ്ധം വലിയ തോതില്‍ പരുക്കേല്‍പ്പിക്കാന്‍ സാധ്യതയുള്ളതായി മാറുന്നു എന്നതാണ് ലോക രാഷ്ട്രീയത്തില്‍ രണ്ടാഴ്ച കൊണ്ട് ഉണ്ടായ സംഭവവികാസങ്ങള്‍ പങ്കുവെക്കുന്നത്. മുമ്പെങ്ങും ഇല്ലാത്ത വിധം അമേരിക്കയില്‍ വലിയ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.

Published

|

Last Updated

ഇറാനെതിരെയുള്ള യു എസ്- ഇസ്‌റാഈല്‍ യുദ്ധം പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്വസ്ഥതകള്‍ക്കപ്പുറത്ത് ലോക രാഷ്ട്രീയ ക്രമത്തെ തന്നെ കീഴ്‌മേല്‍ മറിച്ചിടാന്‍ പാകത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ യുദ്ധം അവസാനിപ്പിച്ച് ഇറാന്റെ നിയന്ത്രണം സ്വന്തമാക്കാം എന്ന അമിത ആത്മവിശ്വാസത്തോടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ട അമേരിക്കയും ഇസ്‌റാഈലും ഇപ്പോള്‍ വലിയ വെല്ലുവിളി നേരിടുന്നു എന്നതാണ് യുദ്ധം രണ്ടാഴ്ച കഴിഞ്ഞിട്ടും നീണ്ടു പോകുമ്പോള്‍ മനസ്സിലാകുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയെ വധിക്കുന്നതോടെ യുദ്ധത്തില്‍ ആധിപത്യം നേടാം എന്ന് കരുതിയ അമേരിക്കക്ക് വലിയ തിരിച്ചടിയാണ് ഖാംനഈയുടെ വധത്തോടെ ഇറാനില്‍ നിന്നുണ്ടായത്.

വലിയൊരു വിഭാഗം ജനങ്ങള്‍ സര്‍ക്കാറിന് അനുകൂലമായി തെരുവില്‍ ഇറങ്ങുക കൂടി ചെയ്തത് ഇറാനില്‍ അതുവരെയുണ്ടായിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വീര്യം കുറച്ചു. മാത്രവുമല്ല, ഇപ്പോള്‍ യുദ്ധം നിയന്ത്രിക്കുന്ന ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ലോകത്തിലെ ഏറ്റവും രാഷ്ട്രീയവത്കരിക്കപ്പെട്ട സേനകളില്‍ ഒന്നാണ് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക എന്നതിനപ്പുറം പ്രത്യയശാസ്ത്രപരമായി 1979ലെ ഇസ്‌ലാമിക വിപ്ലവം മുതല്‍ നാളിതുവരെ സഞ്ചരിച്ച വഴിയില്‍ തന്നെ ഇറാനെ കൊണ്ടുപോകുക എന്ന ദൗത്യം കൂടി റവല്യൂഷനറി ഗാര്‍ഡിനുണ്ട്. ഇത് ലിബിയയിലും സിറിയയിലും ഒക്കെ അമേരിക്ക നടത്തിയ ഓപറേഷന്‍ പോലെ ഇറാനില്‍ അത്ര പെട്ടെന്ന് ലക്ഷ്യം നേടാന്‍ ഇസ്‌റാഈലിനും അമേരിക്കക്കും സാഹചര്യം ഉണ്ടാക്കുന്നില്ല. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടക്കിടെ കരയുദ്ധത്തെ കുറിച്ചും സംസാരിക്കുന്നത്.

പക്ഷേ ഇറാനുമായി കരയുദ്ധം ഒരിക്കലും അമേരിക്കക്ക് ലാഭക്കച്ചവടമാകില്ല എന്ന് പെന്റഗണ്‍ മനസ്സിലാക്കുന്നുണ്ടാകണം. അങ്ങനെ ഒരു നീക്കം പെട്ടെന്ന് സംഭവിക്കാനും സാധ്യതയില്ല. വലിയ സൈനിക ബലവും ഇറാന്റെ സവിശേഷവും വിസ്തൃതിയുള്ളതുമായ ഭൂപ്രദേശവും ഒക്കെ കരയുദ്ധത്തില്‍ ഇറാന് വലിയ ആധിപത്യം നല്‍കും. അമേരിക്കക്ക് ഒരു പക്ഷേ വിയറ്റ്‌നാം യുദ്ധത്തെക്കാളും വലിയ നാണക്കേടായി മാറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഈ യുദ്ധത്തിന്റെ ഭാവി എന്താകും എന്ന ചോദ്യത്തിന്, ലോക രാഷ്ട്രീയത്തിന്റെ ഭാവി കൂടി നിര്‍ണയിക്കുന്നതിലേക്ക് ഈ യുദ്ധം നയിക്കപ്പെടും എന്നതാണ് ഉത്തരം.

അമേരിക്കന്‍ മേധാവിത്വത്തിന് എന്താണ് സംഭവിക്കുന്നത്?
ശീത യുദ്ധാനന്തരം സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോട് കൂടി അമേരിക്ക നേടിയെടുത്ത സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേധാവിത്വത്തെ ഈ യുദ്ധം വലിയ തോതില്‍ പരുക്കേല്‍പ്പിക്കാന്‍ സാധ്യതയുള്ളതായി മാറുന്നു എന്നതാണ് ലോക രാഷ്ട്രീയത്തില്‍ രണ്ടാഴ്ച കൊണ്ട് ഉണ്ടായ സംഭവവികാസങ്ങള്‍ പങ്കുവെക്കുന്നത്. മുമ്പെങ്ങും ഇല്ലാത്ത വിധം അമേരിക്കയില്‍ വലിയ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. യുദ്ധം ഈ വിധം നീണ്ടുപോയാല്‍ അമേരിക്കക്ക് മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കേണ്ടതായി വരും. ആയുധം, ലോജിസ്റ്റിക്‌സ്, സൈനിക വിന്യാസം എന്നിവക്ക് വലിയ ബജറ്റ് വേണം. ഇതിനകം തന്നെ വലിയ പ്രതിരോധ ചെലവുള്ള അമേരിക്കക്ക് ഇത് വലിയ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കും. ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ലോക എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തെ ഇത് ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് അമേരിക്കയിലടക്കം ഇന്ധന വില വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. യുദ്ധം തുടര്‍ന്നാല്‍ അമേരിക്കയിലും ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. ഇത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലേക്ക് കൂടി അമേരിക്കയെ നയിച്ചേക്കാം. ഈ പേടി എങ്ങനെയും യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുക എന്നതിലേക്ക് അമേരിക്കയെ കൊണ്ടു പോകാന്‍ ഇടയുണ്ട്. അത് മേഖലയില്‍ വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും. ഈ പ്രതിസന്ധിയാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി.

എന്നാല്‍ യുദ്ധം നീണ്ടുപോയാല്‍ അമേരിക്ക ഊര്‍ജ പ്രതിസന്ധിയെ നേട്ടമാക്കി മാറ്റാം. വലിയ എണ്ണ കയറ്റുമതി രാജ്യമായ അമേരിക്ക എണ്ണ വിറ്റ് വലിയ ലാഭം ഉണ്ടാക്കുകയും ചെയ്യും. കാരണം ഹോര്‍മുസ് കടലിടുക്ക് വ്യാപാരം അമേരിക്കയെ കാര്യമായി ബാധിക്കുകയില്ല. എണ്ണ വില ഉയര്‍ന്നാല്‍ അമേരിക്കന്‍ ഉത്പാദകര്‍ക്കും കമ്പനികള്‍ക്കും കൂടുതല്‍ വരുമാനം ലഭിക്കും. ഇത് സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകാം എന്ന കണക്കുകൂട്ടലിലേക്കും അമേരിക്ക എത്തിച്ചേരാന്‍ സാധ്യതയുണ്ട്. 2025ലും 2026ലും അമേരിക്കയുടെ എണ്ണ ഇറക്കുമതിയില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് (സഊദി അറേബ്യ, ഇറാഖ്, യു എ ഇ മുതലായ) രാജ്യങ്ങളുടെ പങ്ക് 8-10 ശതമാനം മാത്രമാണ്. ആഗോള വിപണിയിലെ എണ്ണവില വര്‍ധന അമേരിക്കയെ ബാധിക്കുമെങ്കിലും മറ്റു രാജ്യങ്ങള്‍ക്ക് ഉണ്ടാകുന്ന പോലെ കാര്യമായ പരുക്ക് അമേരിക്കക്ക് സംഭവിക്കാന്‍ ഇടയില്ല. അതേ സമയം ഊര്‍ജ ഇടനാഴികളില്‍ അമേരിക്കന്‍ സ്വാധീനം ശക്തമായി മാറുകയും ചെയ്യും. അത് അറബ് എണ്ണയുടെ വ്യാപാര സാധ്യത കുറയ്ക്കുകയും ഫലത്തില്‍ മിഡില്‍ ഈസ്റ്റിനെ സാമ്പത്തികമായി തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. അമേരിക്ക താത്കാലികമായി ഉണ്ടാക്കുന്ന ഈ ലാഭം അതേസമയം യൂറോപ്പിനെയും ഏഷ്യന്‍ രാജ്യങ്ങളെയും വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഊര്‍ജ വ്യാപാരം ആര് നിയന്ത്രിക്കുമെന്ന ചോദ്യത്തിനു കൂടി ഈ യുദ്ധം ഉത്തരം നല്‍കിയേക്കാം.

സഖ്യ രാജ്യങ്ങളുടെ നിലപാട്
ഇറാനെതിരെ അമേരിക്കയും ഇസ്‌റാഈലും ഒരു തുറന്ന യുദ്ധം തുടങ്ങിയാല്‍ റഷ്യയും ചൈനയും ഇറാനൊപ്പം ചേരുമെന്നതായിരുന്നു പരക്കെ പ്രചരിച്ചിരുന്നത്. എന്നാല്‍ ആയുധ, സാങ്കേതിക മേഖലയില്‍ സഹകരണമുണ്ട് എന്നതൊഴിച്ചാല്‍ ഇറാന് കാര്യമായ സഹായം ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. കാരണം ഇരു രാജ്യങ്ങളും നേരിട്ട് യുദ്ധത്തിന് ഇറങ്ങാന്‍ താത്പര്യപ്പെടുന്നില്ല എന്നതാണ് സത്യം. യുക്രൈനുമായി തുടരുന്ന യുദ്ധം തന്നെ റഷ്യക്ക് വലിയ സാമ്പത്തിക പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്. ഒരേസമയം രണ്ട് മേഖലയില്‍ യുദ്ധം ചെയ്യുക എന്നത് റഷ്യന്‍ സമ്പദ് വ്യവസ്ഥക്ക് വലിയ വെല്ലുവിളി ഉണ്ടാക്കും എന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.

ചൈനയും ഏറെക്കുറെ ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവരുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന ഒരു സൈനിക നടപടിയിലേക്കും ചൈന ഇപ്പോള്‍ എടുത്തു ചാടാന്‍ സാധ്യതയില്ല. മറുപക്ഷത്തും സമാനമായ അവസ്ഥയാണുള്ളത്. ലിബിയയില്‍ ഗദ്ദാഫി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അടക്കം അമേരിക്കക്കൊപ്പം ചേര്‍ന്ന നാറ്റോ ഇതുവരെ യുദ്ധത്തില്‍ പങ്കാളിയായിട്ടില്ല. മാത്രവുമല്ല, നാറ്റോ അംഗരാജ്യമായ സ്‌പെയിന്‍ അമേരിക്കന്‍ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത് ലോക രാഷ്ട്രീയത്തില്‍ അമേരിക്കന്‍ മേധാവിത്വത്തിന് തിരിച്ചടി നേരിടുന്നു എന്നതിന്റെ സൂചന കൂടിയായി വായിച്ചെടുക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര  നിയമങ്ങളുടെയും സ്ഥാപനങ്ങളുടെയും ഭാവി
ഇറാനെതിരെയുള്ള അമേരിക്ക- ഇസ്‌റാഈല്‍ ആക്രമണത്തില്‍, യു എന്‍ ചാര്‍ട്ടര്‍ തത്ത്വങ്ങളെ വെല്ലുവിളിക്കുന്നു എന്ന പ്രശ്‌നം മാത്രമല്ല ഉള്‍ക്കൊണ്ടിരിക്കുന്നത്. ഇത് രണ്ടാം ലോകമഹായുദ്ധാനന്തര ലോകക്രമത്തെ തകര്‍ക്കാന്‍ സാധ്യതയുള്ള പ്രശ്‌നമായി വികസിച്ചു വരുന്നു എന്നതാണ് വലിയ വെല്ലുവിളി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ ലീഗ് ഓഫ് നേഷന്‍സിന്റെ തകര്‍ച്ചയിലേക്ക് നയിച്ച സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അമേരിക്കയും ഇസ്‌റാഈലും ഏകപക്ഷീയമായി തുടങ്ങിവെച്ച യുദ്ധം പശ്ചിമേഷ്യയില്‍ മൊത്തം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇറാന്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തുന്ന അക്രമങ്ങളില്‍ വലിയ നഷ്ടം അറബ് രാജ്യങ്ങളില്‍ സംഭവിച്ചാല്‍ അറബ് രാജ്യങ്ങള്‍ക്ക് കൂടി സജീവമായി യുദ്ധത്തിലേക്ക് ഇറങ്ങേണ്ടി വരും. അങ്ങനെ വന്നാല്‍ ഏതുനിമിഷവും ഇതൊരു വലിയ യുദ്ധമായി മാറാനും സാധ്യതയുണ്ട്.

ലോകത്ത് ഈ വിധം നയതന്ത്ര ബന്ധം പരാജയപ്പെടുമ്പോള്‍ ആണവായുധങ്ങള്‍ വര്‍ധിപ്പിക്കാന്‍ രാജ്യങ്ങള്‍ പ്രേരിതരാകാം. സാധ്യത കുറവാണെങ്കിലും റഷ്യയോ ചൈനയോ ഇറാനെ പിന്തുണച്ച് നേരിട്ട് ഇടപെട്ടാല്‍ മൂന്നാം ലോകമഹായുദ്ധ സാധ്യത വരെ ഉയരാം. അത് അന്താരാഷ്ട്ര നിയമങ്ങളെയും സംവിധാനങ്ങളെയും എന്നെന്നേക്കുമായി കബറടക്കിയേക്കാം. റഷ്യയും ചൈനയും ഇറാനെ പിന്തുണക്കുന്നുണ്ടെങ്കിലും അതിന്റെ സ്വാധീനത്തിന്റെ പരിമിതി ഇപ്പോള്‍ തന്നെ നാം കാണുന്നുണ്ട്. യുദ്ധം നീണ്ടുപോകുകയും ആഗോള സാമ്പത്തിക ക്രമത്തെ തകിടം മറിക്കുകയും ചെയ്താല്‍, നാറ്റോ പോലും പങ്കുചേരാത്ത ഈ യുദ്ധം അമേരിക്കയുടെ അന്താരാഷ്ട്ര വേദികളിലെ വിശ്വാസ്യതയും പിന്തുണയും കുറയ്ക്കുകയും ചെയ്യും. ഇത് ബഹുധ്രുവ ലോകത്തിലേക്കുള്ള മാറ്റത്തെ വേഗത്തിലാക്കാം.

Latest