Connect with us

Articles

പാട്രിയറ്റും പ്രതിഛായയും പഠിപ്പിക്കുന്നത്

സ്വകാര്യത എന്നത് നമ്മള്‍ ഒളിച്ചുവെക്കുന്ന ഒന്നല്ല, മറിച്ച് നമുക്ക് മാത്രം അവകാശപ്പെട്ട ഒന്നാണ്. അത് വിട്ടുനല്‍കാന്‍ നമ്മള്‍ തയ്യാറാകരുത്. ഡിജിറ്റല്‍ ലോകത്ത് ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഒന്നും ഇവിടെ സൗജന്യമല്ല. ഇന്റര്‍നെറ്റില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം, അവിടെ നിങ്ങളുടെ വിവരങ്ങളാണ് പണമായി നല്‍കുന്നത് എന്നാണ്.

Published

|

Last Updated

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പാട്രിയറ്റ്’, കുറച്ച് മുമ്പ് റിലീസ് ചെയ്ത ‘പ്രതിഛായ’ എന്നീ സിനിമകളുടെ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്ത ഡിജിറ്റല്‍ യുഗത്തിലെ അപകട കെണികളെ കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകള്‍ താരാരാധനയുടെയും രാഷ്ട്രീയത്തിന്റെയും പിന്നില്‍ മറഞ്ഞു പോയി എന്ന് വേണം കരുതാന്‍. നമ്മള്‍ ഓരോരുത്തരും ഇന്ന് നേരിടുന്ന ചില വലിയ ഡിജിറ്റല്‍ ഭീഷണികളെക്കുറിച്ച് ചിന്തിക്കാന്‍ ഇവ ഒരു നിമിത്തമാകുന്നുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളിലൂടെയും ‘സൗജന്യ’ സേവനങ്ങളിലൂടെയും എങ്ങനെയാണ് ഒരു വലിയ സമൂഹം നിരീക്ഷിക്കപ്പെടുന്നത് എന്നാണ് ‘പാട്രിയറ്റ്’ പറഞ്ഞു വെക്കുന്നത്. ‘പ്രതിഛായ’ എന്ന സിനിമയും സമാനമായ രീതിയില്‍ ഗൗരവകരമായ ചില കാര്യങ്ങള്‍ നമ്മോട് പങ്കുവെക്കുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ എങ്ങനെയാണ് നമ്മുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കി ഭരണകൂടങ്ങളെയും ജനങ്ങളെയും നിയന്ത്രിക്കുന്നത് എന്നതാണ് ഈ സിനിമകളുടെ കാതല്‍.

അഭിഭാഷകന്‍ എന്ന നിലയിലും സൈബര്‍ കേസുകളില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാഗമായ ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും തോന്നിയിട്ടുള്ളത്, ഈ സിനിമകള്‍ പറയുന്നതിനേക്കാള്‍ ഭീകരമാണ് നമ്മുടെ ചുറ്റുമുള്ള യാഥാര്‍ഥ്യമെന്നാണ്. കേരളത്തില്‍ തന്നെ ഈ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ നോക്കിയാല്‍ ഇതിന്റെ ആഴം മനസ്സിലാക്കാം. ലോണ്‍ ആപ്പുകളുടെ കെണിയില്‍പ്പെട്ട് കണ്ണൂരിലെ നിതിന്‍ രാജ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം നാം മറന്നിട്ടില്ല. വെറും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവര്‍ നിയന്ത്രിക്കുന്ന വിദേശ ലോണ്‍ ആപ്പുകള്‍ എങ്ങനെയാണ് ഒരു ഉന്നത വിദ്യാഭ്യാസമുള്ള യുവാവിന്റെ ജീവിതം തകര്‍ത്തത് എന്നത് ഗൗരവമായി ചിന്തിക്കണം. വെറും 5,000 രൂപക്ക് വേണ്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് അവന്റെ ഫോണിലെ മുഴുവന്‍ കോണ്‍ടാക്റ്റുകളും ഗാലറിയും കൈക്കലാക്കി. പണം തിരിച്ചടയ്ക്കാന്‍ വൈകിയപ്പോള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും അധ്യാപകര്‍ക്കും അയച്ചുകൊടുത്തു. സാമ്പത്തിക നഷ്ടം മാത്രമല്ല, മാനഹാനിയും ജീവഹാനിയും വരെ ഇതിന്റെ ഫലമായി ഉണ്ടായേക്കാം. 2025ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ വലിയൊരു ഭാഗം ഇത്തരം ലോണ്‍ ആപ്പുകള്‍ വഴിയാണ്. ഏകദേശം 20,000 കോടി രൂപയിലധികം ഇത്തരം തട്ടിപ്പുകളിലൂടെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗജന്യമായി പണം നല്‍കുമെന്ന് വിശ്വസിപ്പിച്ച് നടത്തുന്ന ഈ ‘സോഷ്യല്‍ എക്സ്റ്റോര്‍ഷന്‍’ ഇന്ന് പലരുടെയും വീട്ടുവാതില്‍ക്കല്‍ വരെയെത്തിയിരിക്കുന്നു. ഭരണകൂടങ്ങള്‍ ഇത്തരം ആപ്പുകളെ നിരോധിക്കുന്നുണ്ടെങ്കിലും പുതിയ പേരുകളില്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ നിയമപരമായ പരിരക്ഷയേക്കാള്‍ ഉപരിയായി വ്യക്തിപരമായ ജാഗ്രതയാണ് പ്രധാനം.

ഡിജിറ്റല്‍ ലോകത്ത് നമ്മള്‍ നല്‍കുന്ന അനുമതികള്‍ (Permissions) എത്രത്തോളം അപകടകരമാണെന്ന് പലരും തിരിച്ചറിയുന്നില്ല. ആധാര്‍ വിവരങ്ങള്‍ മുതല്‍ ഇന്‍ഷ്വറന്‍സ് ഡാറ്റ വരെ ചോരുന്ന വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കേള്‍ക്കുന്നുണ്ട്. 2023ല്‍ മാത്രം 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനക്ക് വെച്ചതായുള്ള റിപോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍ ഒരു വന്‍കിട സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതും നാം കണ്ടു. നമ്മുടെ ഓരോ ചലനവും വാങ്ങുന്ന സാധനങ്ങളും രോഗവിവരങ്ങളും എല്ലാം വലിയ കമ്പനികള്‍ക്ക് വില്‍ക്കപ്പെടുന്നു. വ്യക്തിവിവരങ്ങള്‍ ചോരുന്നത് വെറുമൊരു സ്വകാര്യതാ പ്രശ്നമല്ല, മറിച്ച് അതൊരു വലിയ സുരക്ഷാ ഭീഷണിയാണ്. പുട്ടസ്വാമി കേസില്‍ സുപ്രീം കോടതി വിധിച്ചതുപോലെ, വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടനാപരമായ മൗലികാവകാശമാണ്. എന്നാല്‍ ഈ അവകാശത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കോര്‍പറേറ്റുകളും പലപ്പോഴും ഭരണകൂടങ്ങളും മുന്നോട്ട് പോകുന്നത്.

രാജ്യത്തെയും കേരളത്തിലെയും സമീപകാല വിവാദങ്ങളും ഈ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പഗാസസ് എന്ന സ്പൈവെയര്‍ ഉപയോഗിച്ച് പത്രപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോണുകള്‍ രഹസ്യമായി നിരീക്ഷിച്ചെന്ന ആരോപണങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പേഴ്സണല്‍ ഫോണുകളിലേക്ക് വന്ന ബള്‍ക്ക് മെസ്സേജുകള്‍ ഒരു വലിയ ചോദ്യം ഉയര്‍ത്തി. സര്‍വീസ് കാര്യങ്ങള്‍ക്കായി ഭരണകൂടത്തിന്് നല്‍കുന്ന നമ്പറുകള്‍ എങ്ങനെയാണ് ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉപയോഗിക്കുന്നത്? സ്പാര്‍ക്ക് (ടജഅഞഗ) പോലുള്ള, സുരക്ഷിതമാണെന്ന് കരുതപ്പെടുന്ന ഡാറ്റാ ബേസുകളില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നത് സ്വകാര്യതയുടെ ലംഘനമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സഞ്ചാര്‍ സാഥി ആപ്പും ഇത്തരത്തില്‍ വിവാദത്തിലായിരുന്നു. അതുപോലെ തന്നെയാണ് 2026ന്റെ തുടക്കത്തില്‍ വലിയ വിവാദമായ നവകേരള സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം അഥവാ നവകേരള സര്‍വേ. ജനങ്ങളുടെ അഭിപ്രായം തേടാനെന്ന പേരില്‍ നടത്തപ്പെടുന്ന ഇത്തരം സര്‍വേകള്‍ വഴി ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ പിന്നീട് ‘മൈക്രോ ടാര്‍ഗെറ്റിംഗ്’ എന്ന സാങ്കേതിക വിദ്യയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്ക ശക്തമാണ്. മുമ്പ് സ്പ്രിംഗ്ലര്‍ വിവാദത്തില്‍ കണ്ടതുപോലെ, ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വിദേശ കമ്പനികള്‍ക്ക് കൈമാറുന്നത് ഡാറ്റാ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഓരോ തവണയും നമ്മുടെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ നാം നമ്മളെത്തന്നെയാണ് പണയപ്പെടുത്തുന്നത്.

ഇന്ന് നാം ജീവിക്കുന്നത് ഡാറ്റാ കൊളോണിയലിസത്തിന്റെ കാലത്താണ്. പഴയകാലത്ത് രാജ്യങ്ങള്‍ കീഴടക്കിയിരുന്നത് യുദ്ധത്തിലൂടെയായിരുന്നെങ്കില്‍ ഇന്ന് അത് വിവരശേഖരണത്തിലൂടെയാണ്. നിങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍, ഭക്ഷണ രീതികള്‍, നിങ്ങള്‍ എവിടെ പോകുന്നു, ആരെ കാണുന്നു എന്നതെല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഭരണകൂടങ്ങളെ അട്ടിമറിക്കാനും ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്യാനും കോര്‍പറേറ്റുകള്‍ക്ക് സാധിക്കും. ഇത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് നിരവധി ബോധവത്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സമൂഹത്തിലെ ഉന്നതര്‍ പോലും വളരെ എളുപ്പത്തില്‍ ഇരകളാക്കപ്പെടുന്നു. എന്നാല്‍ നിയമം ഒരു പരിധി വരെ ഇന്ന് നമ്മെ സംരക്ഷിക്കാന്‍ സജ്ജമാണ്. ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം (ഡി പി ഡി പി ആക്ട് 2023) അനുസരിച്ച് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. വീഴ്ച വരുത്തിയാല്‍ വലിയ തുക പിഴ ഈടാക്കാം. ഒരാളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാനുള്ള ‘മറയ്ക്കപ്പെടാനുള്ള അവകാശവും’ ഇന്ന് കോടതികള്‍ അംഗീകരിക്കുന്നുണ്ട്.

സ്വകാര്യത എന്നത് നമ്മള്‍ ഒളിച്ചുവെക്കുന്ന ഒന്നല്ല, മറിച്ച് നമുക്ക് മാത്രം അവകാശപ്പെട്ട ഒന്നാണ്. അത് വിട്ടുനല്‍കാന്‍ നമ്മള്‍ തയ്യാറാകരുത്. ഡിജിറ്റല്‍ ലോകത്ത് ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഒന്നും ഇവിടെ സൗജന്യമല്ല. ഇന്റര്‍നെറ്റില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം, അവിടെ നിങ്ങളുടെ വിവരങ്ങളാണ് പണമായി നല്‍കുന്നത് എന്നാണ്. സൈബര്‍ ലോകത്തെ ഈ ‘സൗജന്യങ്ങള്‍’ വാഗ്ദാനം ചെയ്യുന്ന ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും വേണ്ടി ജീവിതം പണയപ്പെടുത്തരുത്. ഓരോ സര്‍വേയും ഓരോ സന്ദേശവും ഓരോ ആപ്പും ഡൗണ്‍ലോഡ് ചെയ്യുമ്പോഴും, പണം നല്‍കി ഉപയോഗിക്കുന്നതിന് പകരം അനധികൃത സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിക്കുമ്പോഴും നാം ചോദിക്കേണ്ടത് ഒന്നേയുള്ളൂ, ഇതിന്റെ യഥാര്‍ഥ വില എന്താണ്? നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ കാണാന്‍ മറ്റൊരാള്‍ക്ക് അനുമതി നല്‍കുമ്പോള്‍ അതൊരു വലിയ ചതിക്കുഴിയാണെന്ന് തിരിച്ചറിയുക. ജാഗ്രത പാലിക്കുക. കാരണം, നിങ്ങള്‍ ഉപയോഗിക്കുന്ന സേവനം സൗജന്യമാണെങ്കില്‍, അവിടെ നിങ്ങള്‍ തന്നെയാണ് വില്‍പ്പനക്കുള്ള ഉത്പന്നം.

 

Latest