Kerala
തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; രണ്ടര കോടി നഷ്ടപ്പെട്ടിട്ടും പരാതിയില്ല
കേസ് അന്വേഷിക്കുന്ന എസ് ഐ ടി കര്‍ശന പരിശോധനയിലേക്ക്
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത. തിരുവല്ലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ച് നഷ്ടപ്പെട്ട രണ്ടര കോടി രൂപയെക്കുറിച്ച് പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് നിഗമനം. ഇത് സംബന്ധിച്ച് ശബരിമല സ്വര്‍ണ്ണകൊള്ള കേസ് അന്വേഷിക്കുന്ന എസ് ഐ ടി കര്‍ശനമായി പരിശോധിക്കുന്നു.
ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ല. തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചപ്പോഴാണ് എസ് ഐ ടിക്ക് നിര്‍ണായക വിവരം ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ 2018ലെ മഹാപ്രളയത്തില്‍ കുറച്ചു പണം നഷ്ടമായ കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ നിക്ഷേപ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പൊട്ടിയ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.
ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ് ഐ ടി അന്വേഷണം തുടങ്ങിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലന്‍സ് കോടതി പരിഗണിക്കും.



