Connect with us

Articles

മൗനം പരാജയമല്ല

ആശയങ്ങള്‍ തമ്മിലുള്ള സംവാദങ്ങളും വിയോജിപ്പുകളും വ്യക്തിഹത്യ നടത്തുന്നതിലേക്ക് നീങ്ങാതിരിക്കാനും ജാഗ്രത വേണം

Published

|

Last Updated

വെറുതെ സംസാരിക്കാന്‍ പോലും ധാരാളം അവസരങ്ങളും വേദികളും ഇടങ്ങളും ഉള്ള കാലമാണിത്. പുതിയ കാലത്തെ സാമൂഹിക ചുറ്റുപാടുകളും സാമൂഹിക മാധ്യമങ്ങളും നമ്മെ നിരന്തരം സംസാരിപ്പിക്കാനും ഇടപെടാനും നിര്‍ബന്ധിപ്പിക്കുന്നുണ്ട്. ഓരോ വിഷയത്തിലും നിലപാട് ഉണ്ടാവുക നല്ല ഗുണമാണ്. എന്നാല്‍ തന്റെ ചുറ്റും നടക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുക, അനുകൂലമായോ പ്രതികൂലമായോ സംവാദങ്ങളില്‍ ഏര്‍പ്പെടുകയെന്നത് സമയം നഷ്ടപ്പെടുത്തുക മാത്രമല്ല, തര്‍ക്കങ്ങളിലേക്കും വാഗ്വാദങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും വരെ കൊണ്ടെത്തിക്കും. എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ നമുക്ക് സാധിക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. വ്യത്യസ്ത ആശയങ്ങളും ചിന്താഗതികളുമുള്ളവര്‍ അവരുടെ ഭാഗം വിശദീകരിക്കാനേ എക്കാലവും ശ്രമിക്കൂ. സത്യം കണ്ടെത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നവര്‍ വളരെ വിരളമേ ഉണ്ടാകൂ

അനാവശ്യ തര്‍ക്കങ്ങളും പോസ്റ്റുകളും കമന്റുകളും സമയനഷ്ടത്തിന് മാത്രമേ വഴിവെക്കൂ. ആശയങ്ങള്‍ തമ്മിലുള്ള സംവാദങ്ങളും വിയോജിപ്പുകളും വ്യക്തിഹത്യ നടത്തുന്നതിലേക്ക് നീങ്ങാതിരിക്കാനും ജാഗ്രത വേണം. “നല്ലത് പറയുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക’ എന്ന നബിവചനം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അസത്യ പ്രചാരണങ്ങളും മത വിരുദ്ധ- അധാര്‍മിക പ്രവര്‍ത്തനങ്ങളുമായി വരുന്നവരെ പ്രതിരോധിക്കേണ്ടി വരുന്നതിനെക്കുറിച്ചല്ല ഈ പറയുന്നത്. ജനങ്ങളെ ബോധവത്കരിക്കുന്നതിനും ആദര്‍ശം മനസ്സിലാക്കുന്നതിനും തിന്മയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും അത്തരം അവസരങ്ങളില്‍ സന്ദര്‍ഭോചിതമായി ഇടപെടേണ്ടി വരും. ഒരിക്കല്‍ ഒരാള്‍ മുഹമ്മദ് നബി(സ)യോട് ചോദിച്ചു: എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു ആരാധന പറഞ്ഞു തരാമോ?, അവിടുന്ന് പറഞ്ഞു: “വിശന്നവനെ ഭക്ഷിപ്പിക്കുക. ദാഹിക്കുന്നവനെ കുടിപ്പിക്കുക, നന്മ പ്രവര്‍ത്തിക്കുക. ചീത്ത വിരോധിക്കുക. ഇതിനൊന്നും സാധിക്കുകയില്ലെങ്കില്‍ നിന്റെ നാവിനെ സൂക്ഷിക്കുക.

മൗനം ഒരിക്കലും ഒരു പരാജയമല്ല. ചീത്തവിളികളോടും അധിക്ഷേപങ്ങളോടും ഒരിക്കലും പ്രതികരിക്കില്ല എന്ന ഉറച്ച തീരുമാനമുണ്ടെങ്കില്‍ നമ്മെ തോല്‍പ്പിക്കാന്‍ ആര്‍ക്കാണ് സാധിക്കുക. നാം വിനിയോഗിക്കുന്ന ഓരോ സമയത്തെക്കുറിച്ചും നമ്മോട് ചോദിക്കപ്പെടും എന്നുണ്ടല്ലോ, എല്ലാ വിഷയത്തിലേക്കും നമ്മെ വലിച്ചിടുന്ന ഒട്ടേറെ ഘടകങ്ങള്‍ ചുറ്റുമുള്ള ഇക്കാലത്ത് മൗനം പാലിക്കുകയെന്നത് വലിയ കാര്യംതന്നെയാണ്. അതാവും പലപ്പോഴും നന്മയും.

---- facebook comment plugin here -----

Latest