From the print
ക്യാപ്റ്റനിറങ്ങി മൂന്നാമൂഴം തേടി
ജന്മനാട്ടില്‍ പിണറായി വിജയന് ആവേശകരമായ വരവേല്‍പ്പ്
കണ്ണൂര്‍ | സംസ്ഥാനത്തെ മൂന്നാം തുടര്‍ഭരണത്തിലേക്ക് നയിക്കാന്‍ ക്യാപ്റ്റനിറങ്ങി. ധർമടം നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാർഥിയായ പിണറായി വിജയന്റെ പ്രചാരണത്തിന് തുടക്കം കുറിച്ച് ഇന്നലെ വൈകിട്ട് മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജന്മനാടായ പിണറായിയിലേക്ക് ആവേശകരമായ വരവേല്‍പ്പ് നല്‍കി. ഉച്ചക്ക് മൂന്നരയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രിയെത്തിയത്. മുന്നണിയുടെ നായകനെ സ്വീകരിക്കാന്‍ ജില്ലയിലെ പ്രമുഖ നേതാക്കളെത്തിയിരുന്നു. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ പിണറായിയിലേക്ക് ആനയിച്ചത്.
വഴിയിലുടനീളം നൂറുകണക്കിന് മുന്നണി പ്രവര്‍ത്തകര്‍ കൊടിയും പ്ലക്കാര്‍ഡുകളുമുയര്‍ത്തി ക്യാപ്റ്റനെ അഭിവാദ്യം ചെയ്തു. അഞ്ചോടെ പ്രചാരണം പിണറായി ടൗണില്‍ സമാപിച്ചു. പിണറായിയില്‍ വര്‍ണക്കുടകളും ബലൂണുകളും പ്ലക്കാര്‍ഡുകളുമായാണ് സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാനെത്തിയത്. തുടര്‍ന്ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല, നേതാക്കള്‍ തുടങ്ങിയവര്‍ എത്തിച്ചേര്‍ന്നിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം നടന്നയുടൻ ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെയും സ്വീകരിച്ച് റോഡ് ഷോ നടന്നിരുന്നെങ്കിലും മുഖ്യമന്ത്രി ഇന്നലെയാണ് ആദ്യമായി നാട്ടിലെത്തിയത്.
അടുത്ത രണ്ട് ദിവസങ്ങള്‍ അദ്ദേഹം മണ്ഡലത്തില്‍ തന്നെയുണ്ടാകും. പ്രധാന വ്യക്തികളുമായും മുന്നണി നേതാക്കളുമായും ബന്ധപ്പെടും. ധർമടത്ത് പിണറായി വിജയന്‍ ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. രണ്ട് തവണയും ജയിച്ച് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ മൂന്നാം തുടര്‍ഭരണത്തിനായാണ് ഇത്തവണ മത്സരിക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസന നേട്ടം അക്കമിട്ട് നിരത്തി 18 കേന്ദ്രങ്ങളിലായി വികസന സംവാദ സദസ്സ് സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്നതിന് മുമ്പ് സംഘടിപ്പിച്ച ഈ സദസ്സുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി മാറിയിരുന്നു. വന്‍ ജനാവലിയാണ് ഓരോ കേന്ദ്രങ്ങളിലും സംബന്ധിച്ചത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വോട്ടെടുപ്പിന് ദിവസങ്ങള്‍ വളരെ കുറവായതിനാല്‍ അതിനനുസരിച്ച പ്രചാരണ ക്രമീകരണങ്ങളാകും മുഖ്യമന്ത്രിക്കുണ്ടാകുക. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ മുന്നണി നേതൃത്വം. മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കുന്നുണ്ട്. ഇതിൽ പിണറായി വിജയന്‍ പങ്കെടുക്കും.



