Kerala
അട്ടപ്പാടി മധു കൊലപാതക കേസ്: സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്
പ്രതികള്‍ നല്‍കിയ അപ്പീലിലും ഇന്ന് വിധിയുണ്ടാവും
പാലക്കാട് | അട്ടപ്പാടി മധു കൊലപാതക കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമുള്ള സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്നു വിധി പറയും. പ്രതികള്‍ നല്‍കിയ അപ്പീലിലും ഇന്ന് വിധിയുണ്ടാവും.
ഹൈക്കോടതിയിലൂടെ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകന്‍ മധുവിനെ ആള്‍ക്കൂട്ടം അതിക്രൂരമായി തല്ലിക്കൊല്ലുകയും പ്രതികള്‍ തന്നെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്ത സംഭവം കേരളത്തെ നടുക്കിയതാണ്.
2018 മെയ് 20-ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പോലീസ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ 16 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പക്ഷേ കേസിന്റെ മുന്നോട്ടു പോക്ക് പതുക്കെയായി.
നാലുവര്‍ഷത്തിലേറെയെടുത്തു വിചാരണ തുടങ്ങാന്‍. പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണ കോടതിയില്‍ സ്ഥിരം ജഡ്ജി ഉണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആദ്യം അലംഭാവം കാണിച്ചു. പിന്നീട് നാലു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കേണ്ടിവന്നു. കൂട്ട കൂറുമാറ്റങ്ങളുണ്ടായി. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷം, 2023 ഏപ്രില്‍ അഞ്ചിന് കേസില്‍ കോടതി ശിക്ഷാവിധി പറഞ്ഞു. 16 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതി കണ്ടെത്തി. നാലാം പ്രതി അനീഷിനെയും 11-ാം പ്രതി അബ്ദുള്‍ കരീമിനെയുമാണ് വെറുതെ വിട്ടത്.
13പേര്‍ക്ക് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാള്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് കൊലപാതകക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നല്‍കണമെന്നും വെറുതെ വിട്ട പ്രതികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി അപ്പീല്‍ നല്‍കിയിരുന്നു. 16 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതില്‍ 12 പേര്‍ ഇപ്പോഴും ജയിലിലാണ്.







