Connect with us

Kerala

കെ എസ് ആര്‍ ടി സി സൗജന്യം, നയ പ്രഖ്യാപനത്തിന്റെ കരട്: മന്ത്രിസഭാ യോഗം ഇന്ന്

വെള്ളിയാഴ്ചയാണ് ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുക

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ മുഖ്യ ഇനമായ കെ എസ് ആര്‍ ടി സി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തുന്ന സൗജന്യയാത്ര എപ്പോള്‍, എങ്ങിനെ നടപ്പാക്കുമെന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുക.

പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയെന്ന പ്രചാരണം എങ്ങനെ യാഥാര്‍ഥ്യമാക്കുമെന്നതാണ് ആലോചന. മന്ത്രിമാരോട് ആശയ വിനിമയം നടത്താതെ ഐ എ എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ മന്ത്രിമാര്‍ക്കുള്ള അതൃപ്തി കാബിനറ്റില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിയുടെ നടപടിയില്‍ കടുത്ത അനിഷ്ടമുള്ള മന്ത്രിമാര്‍ യോഗത്തില്‍ ചീഫ് സെക്രട്ടറിയെ മുന്‍നിര്‍ത്തി അതൃപ്തി അറിയിക്കാനാണ് സാധ്യത.

യു ഡി എഫിന്റെ ജനപ്രിയ പ്രഖ്യാപനമായ സൗജന്യയാത്രക്കായി സ്ത്രീകള്‍ കാത്തിരിക്കുകയാണ്. ഇതുസംബന്ധിച്ചു കെ എസ് ആര്‍ ടി സി മാനേജ്മെന്റ് റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യു. ജൂണ്‍ 15 മുതല്‍ ആ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ അന്തിമ ചര്‍ച്ചകളിലാണ്. സൗജന്യം ഓര്‍ഡിനറിയിലും സൂപ്പര്‍ ഫാസ്റ്റിലുമാക്കുക, കര്‍ണ്ണാടക മോഡലില്‍ വനിതകള്‍ക്ക് കാര്‍ഡ് കൊണ്ടുവരിക തുടങ്ങി പലതരം നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്. പ്രായപരിധിയും വരുമാനപരിധിയും വേണ്ടെന്നാണ് ഇതുവരെയുള്ള ധാരണ. സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ വനിതാതാരങ്ങളെ അടക്കം പങ്കെടുപ്പിച്ച് നടത്താനാണ് ആലോചന.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാല്‍ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെ എസ് ആര്‍ ടി സിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്. ഈ ഭീമമായ കണക്ക് കെ എസ് ആര്‍ ടിസി എം ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്.

 

Latest