Kerala
പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കല്‍; വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതി
ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല
കൊച്ചി | എറണാകുളം പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലില്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതി. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു. കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കോടതി മുമ്പാകെ നേരത്തെ തന്നെയുള്ള ഹര്‍ജിയാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ച് പരിഗണിച്ചത്.
തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം.അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഈ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒഴിപ്പിക്കല്‍ നടപടി സംഘര്‍ഷത്തിലാണ് കലാശിച്ചത്.






