National
മമത ബാനര്‍ജിയുടെ ഏറ്റവും വിശ്വസ്ത കാകോലി ഘോഷ് ദസ്തിദാര്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാകോലിക്ക് വൈ കാറ്റഗറിസുരക്ഷ അനുവദിച്ചത് അവര്‍ ബി ജെ പിയിലേക്ക് ചേക്കേറുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കാരണമായി
കൊല്‍ക്കത്ത | ബംഗാളിലെ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ടു കൂടുതല്‍ പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ കയ്യൊഴിയുന്നു. മമത ബാനര്‍ജിയുടെ ഏറ്റവും വിശ്വസ്തയും മുതിര്‍ന്ന തൃണമൂല്‍ നേതാവുമായ കാകോലി ഘോഷ് ദസ്തിദാര്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു.
ലോക്‌സഭയിലെ ടി എം സി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റി കല്യാണ്‍ ബാനര്‍ജിയെ നിയമിച്ചതിന് തൊട്ടുപിന്നാലെ അവര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കി. തൃണമൂല്‍ മഹിളാ വിഭാഗം അധ്യക്ഷ കാകോലി ഒഴിഞ്ഞു. തൃണമൂലിന്റെ ബാരാസത്ത് സംഘടനാ ജില്ലാ അധ്യക്ഷ പദവിയും ഒഴിഞ്ഞിട്ടുണ്ട്. എം പി സ്ഥാനവും ഉടനെ രാജിവെച്ചേക്കുമെന്നാണ് സൂചന. ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാകോലിക്ക് ‘വൈ കാറ്റഗറി’സുരക്ഷ അനുവദിച്ചത് അവര്‍ ബി ജെ പിയിലേക്ക് ചേക്കേറുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് ബംഗാളില്‍ ആക്കം കൂട്ടിയിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും ഭരണതലത്തിലെ അഴിമതിയും ചൂണ്ടിക്കാട്ടിയാണ് കാകോലി രാജി സമര്‍പ്പിച്ചത്. പുറത്തുനിന്നുള്ള കണ്‍സള്‍ട്ടിങ്ങ് ഏജന്‍സികളെ വിശ്വസിക്കുന്നതിന് പകരം മമത ബാനര്‍ജി വിശ്വസ്തരായ സ്വന്തം പ്രവര്‍ത്തകരെ ആശ്രയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 40-45 വര്‍ഷത്തെ രാഷ്ട്രീയ പരിചയമുള്ള തങ്ങളെപ്പോലുള്ളവരെ ഭീഷണിപ്പെടുത്താന്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിലെ 22-ഉം 23-ഉം വയസ്സുള്ള കുട്ടികള്‍ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് അവര്‍ തുറന്നടിച്ചു.
1976 മുതല്‍ മമത ബാനര്‍ജിയോടൊപ്പം സഞ്ചരിക്കുന്ന കാകോലി ഘോഷ്, നാല് പതിറ്റാണ്ടിന്റെ വിശ്വസ്തതയ്ക്കുള്ള സമ്മാനമാണ് തനിക്ക് ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കിനെതിരെ കടുത്ത വിമര്‍ശനമാണ് കാകോലി ഘോഷ് കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്.
ബംഗാള്‍ സര്‍ക്കാരിന്റെ വിവിധ അഴിമതി ആരോപണങ്ങള്‍ തങ്ങളുടെ കുടുംബത്തിന്റെ അന്തസ്സിനെ ബാധിച്ചുവെന്നും അതിനാലാണ് അമ്മ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കാകോലിയുടെ മകന്‍ ബൈദ്യനാഥ് ഘോഷ് വ്യക്തമാക്കി. തൊഴില്‍ തട്ടിപ്പും റേഷന്‍ അഴിമതിയും ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് സംഭവവുമെല്ലാം പാര്‍ട്ടി ഇമേജിനെ സാരമായി ബാധിച്ചുവെന്നും മമതയോടുള്ള വ്യക്തിപരമായ അടുപ്പം കാരണം ഇത്രയും നാള്‍ അമ്മ മൗനം പാലിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിക്കെതിരെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കുടുംബത്തിന്റെ പ്രതികരണം. എന്നാല്‍ ബി ജെ പിയില്‍ ചേരുന്നതിനെക്കുറിച്ച് കുടുംബം പ്രതികരിച്ചില്ല.






