Connect with us

From the print

ഇത് ഭബാനിപൂർ, ഇവിടെയാണ് ബിഗ് ഫൈറ്റ്

തൃണമൂൽ കോൺഗ്രസ്സ് വിട്ട് ബി ജെ പിയിലെത്തിയ സുവേന്ദുവിനെ പിന്നെ കാണുന്നത് മമതയുടെ ഏറ്റവും കടുത്ത ശത്രുവായാണ്

Published

|

Last Updated

ഏപ്രിൽ 23നും 29നുമായി നടക്കുന്ന രണ്ട് ഘട്ട തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം
കൊൽക്കത്ത | ഒരു കാലത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ്സ് വിട്ട് ബി ജെ പിയിലെത്തിയ സുവേന്ദുവിനെ പിന്നെ കാണുന്നത് മമതയുടെ ഏറ്റവും കടുത്ത ശത്രുവായാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുവേന്ദുവിനെയാണ് നന്ദിഗ്രാമിൽ മമതയെ നേരിടാൻ ബി ജെ പി ഇറക്കിയത്. മമത അന്ന് സുവേന്ദുവിനോട് അടിയറവ് പറഞ്ഞു.

ഇത്തവണ തെക്കൻ കൊൽക്കത്തയിലെ ഭബാനിപൂരിലാണ് മമത- സുവേന്ദു ബിഗ്‌ഫൈറ്റ്. ഏപ്രിൽ 23നും 29 നുമായി നടക്കുന്ന രണ്ട് ഘട്ട തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായി ഭബാനിപൂരിലേത് മാറും. കഴിഞ്ഞ തവണ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട പുർബ മേദിനിപൂർ ജില്ലയിലെ നന്ദിഗ്രാം സീറ്റിൽ മമതാ ബാനർജി ഇത്തവണ മത്സരിക്കില്ല. അടുത്തിടെ തൃണമൂലിലേക്ക് മാറിയ പബിത്ര കറിനെയാണ് നന്ദിഗ്രാമിൽ തൃണമൂൽ കളത്തിലിറക്കുന്നത്. സുവേന്ദു അധികാരിയുടെ അടുത്ത അനുയായി ആയിരുന്നു പബിത്ര കർ.
നന്ദിഗ്രാം സുവേന്ദു അധികാരിയുടെ സ്വന്തം തട്ടകമാണ്. എന്നാൽ ഭബാനിപൂരിൽ അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് മമതയെ മണ്ഡലത്തിൽ തളച്ചിടുകയെന്ന ലക്ഷ്യത്തോടെയാണ്. മമതക്ക് തെക്കൻ കൊൽക്കത്ത ഒരു പുതിയ ഇടമേ അല്ല. പതിറ്റാണ്ടുകളായി സൗത്ത് കൊൽക്കത്തയുടെ തിരഞ്ഞെടുപ്പ് ഗോദയിൽ അവരുണ്ട്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ്, അവർ തുടർച്ചയായി ആറ് തവണ സൗത്ത് കൊൽക്കത്ത ലോക്സഭാ സീറ്റിൽ ആധികാരിക വിജയം നേടിയിട്ടുണ്ട്. ഈ ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ടതാണ് ഭബാനിപൂർ. അവരുടെ പരമ്പരാഗത നിയമസഭാ മണ്ഡലമാണിത്.

സുവേന്ദു രണ്ടിടത്ത്
പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരി നന്ദിഗ്രാം, ഭബാനിപൂർ എന്നീ രണ്ട് സീറ്റുകളിൽ മത്സരിക്കുന്നു. ബംഗാൾ തിരഞ്ഞെടുപ്പിൽ ബി ജെ പി ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് സീറ്റുകളിൽ സുവേന്ദുവിനെ മത്സരിപ്പിക്കുന്നത് അദ്ദേഹത്തിന് ബി ജെ പി നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. തൃണമൂൽ കോൺഗ്രസ്സിൽ മമത കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള നേതാവായി വിലസിയിരുന്ന സുവേന്ദുവിൽ ബി ജെ പി വലിയ വിശ്വാസമാണ് അർപ്പിച്ചത്. തൃണമൂൽ അണികളെ ബി ജെ പിയോട് അടുപ്പിക്കുകയെന്ന ദൗത്യം നിർവഹിച്ചു മാത്രമേ പാർട്ടിക്ക് പശ്ചിമബംഗാളിൽ കടന്നു കയറാനാകൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുവേന്ദുവിന് ബി ജെ പി പ്രതിപക്ഷ നേതൃ സ്ഥാനമടക്കമുള്ള സ്ഥാനങ്ങൾ നൽകിയത്. ബി ജെ പി ഇതിനകം 144 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. തൃണമൂൽ 291 പേരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്മീഷനെതിരെ
അതിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശവുമായി മമതാ ബാനർജി രംഗത്തെത്തി. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നയുടൻ സംസ്ഥാനത്തെ ഉന്നത ഭരണ, പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിൽ ഒരു മാനദണ്ഡവും പാലിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി. “വല്ലാത്ത തിടുക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. അവർ നിയമിച്ച ഉദ്യോഗസ്ഥരെ ബി ജെ പി ഓഫീസുകളിൽ നിന്ന് നൽകിയ പട്ടികയിൽ നിന്നാണ് തിരഞ്ഞെടുത്തത്. താങ്കൾ (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ) എന്തിനാണ് മേഘങ്ങൾക്ക് പിന്നിൽ നിന്ന് പ്രവർത്തിക്കുന്നത്?- മമത ചോദിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിക്ക് പണവും ആയുധങ്ങളും കൈമാറാൻ സഹായിക്കുന്നതിനാണ് പുതിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അവർ ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സ് 226 സീറ്റുകൾ നേടും. 2021ലെ 215 നേക്കാൾ 11 സീറ്റുകൾ കൂടുതലാണിത്. ബി ജെ പി എന്തിനാണ് ഇത്ര ഭയപ്പെടുന്നത്? ഏജൻസികളെ ദുരുപയോഗം ചെയ്യാതെയും പുറത്തുനിന്നുള്ള ആളുകളെ കൊണ്ടുവരാതെയും, നമുക്ക് രാഷ്ട്രീയമായി പോരാടാം- മമത വെല്ലുവിളിച്ചു.

ആകെയുള്ള 294 സീറ്റുകളിൽ 291 ഇടത്താണ് തൃണമൂൽ മത്സരിക്കുന്നത്. ഡാർജിലിംഗ് കുന്നുകളിലെ ശേഷിക്കുന്ന മൂന്ന് മണ്ഡലങ്ങളിൽ സഖ്യ കക്ഷിയാ യ, അനിത് ഥാപ്പ നയിക്കുന്ന ഭാരതീയ ഗൂർഖ പ്രജാതന്ത്ര് മോർച്ച (ബി ജി പി എം) മത്സരിക്കും.

---- facebook comment plugin here -----

Latest