Articles
യുദ്ധക്കമ്പോളത്തിലെ ലാഭനഷ്ടങ്ങള്‍
യുദ്ധഭീതിയില്‍ എല്ലാ രാജ്യങ്ങളും പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ വന്‍തോതില്‍ വിറ്റുപോകുന്നു. ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെയുള്ള ഒട്ടേറെ രാജ്യങ്ങള്‍ ബ്രഹ്മോസ് കരാറില്‍ ഒപ്പുവെക്കുന്നതിന്റെ അന്തിമ ചര്‍ച്ചകളിലാണ്. ഫിലിപ്പൈന്‍സാണ് ആദ്യം വാങ്ങിയത്, 37.5 കോടി ഡോളറിന്റേത്. പിന്നാലെ ഇന്തോനേഷ്യ 30-45 കോടി ഡോളറിന്റെ ഔദ്യോഗിക കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഇറാനുമായുള്ള യുദ്ധത്തിലെ നാശനഷ്ടങ്ങളുടെ യഥാര്‍ഥ ചിത്രം പുറംലോകം അറിയാതിരിക്കാന്‍ ഇസ്‌റാഈല്‍ സൈന്യം മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ജൊനാഥന്‍ കുക്ക് നിരീക്ഷിച്ചത്. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും സെന്‍സര്‍ഷിപ്പിന് വഴങ്ങിയിരിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്‌റാഈല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാരകമായ നാശനഷ്ടങ്ങള്‍ അനുഭവിക്കുന്നതിനാലാണിത്. ഇറാന്‍ യുദ്ധത്തിന്റെ ആദ്യ ആറ് ദിനങ്ങങ്ങള്‍ക്ക് മാത്രം അമേരിക്കയില്‍ നികുതി ദായകരില്‍ നിന്ന് ഊറ്റിയത് 1,130 കോടി ഡോളറാണ്. ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കിടയില്‍ പെന്റഗണില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സാമ്പത്തിക കണക്കുകള്‍ യു എസ് നിയമ നിര്‍മാതാക്കള്‍ അവലോകനം ചെയ്തു. രണ്ടാഴ്ചയില്‍ താഴെയുള്ള യുദ്ധത്തില്‍ ഇറാനില്‍ ആയിരത്തിലധികവും മേഖലയിലുടനീളം നൂറുകണക്കിനാളുകളും കൊല്ലപ്പെട്ടു. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് പൂട്ടിയ ശേഷം ഊര്‍ജ നിരക്ക് വര്‍ധിച്ചതിനാല്‍ യു എസിലെ ഗ്യാസ് വില ഗാലണിന് 3.59 ഡോളറിലെത്തി. എന്റെ ശത്രുക്കള്‍ ഇറാനിലല്ല; വാഷിംഗ്ടണിലും തെല്‍ അവീവിലും ലണ്ടനിലും കാന്‍ബറയിലുമാണെന്നാണ് ആസ്ത്രേലിയന്‍ പത്രപ്രവര്‍ത്തകയും ഉപന്യാസകാരിയും ചിത്രകാരിയുമായ കെയ്്റ്റ്്ലിന്‍ ജോണ്‍സ്റ്റോണ്‍ പ്രസ്താവിച്ചത്. സര്‍ക്കാറിന്റെയും സഖ്യകക്ഷികളുടെയും ദുരുപയോഗങ്ങളെ വിമര്‍ശിക്കുന്നത് നിയമവിരുദ്ധവും സാമ്രാജ്യത്വ ആഖ്യാനത്തിന് യോജിക്കാത്ത വിവരങ്ങള്‍ കണ്ടെത്തുന്നത് കൂടുതല്‍ പ്രയാസകരവുമായിക്കൊണ്ടിരിക്കുകയാണ്. ഇറാനികള്‍ ഒരിക്കലും എന്നെ ഒന്നും ചെയ്തിട്ടില്ല. ഭീഷണിയല്ലാത്ത അവര്‍ എന്റെ രാജ്യത്തേക്ക് യുദ്ധം കൊണ്ടുവന്നിട്ടില്ല. ഞാന്‍ ജീവിക്കുന്ന സാമ്രാജ്യമാണ് അധിനിവേശം നടത്തിയതെന്നും കെയ്റ്റ്‌ലിന്‍ ജോണ്‍സ്റ്റോണ്‍ കൂട്ടിച്ചേര്‍ത്തു.
പലായനങ്ങളുടെ
കണക്കുകള്‍
ഇറാനെതിരായ യു എസ്- ഇസ്‌റാഈല്‍ യുദ്ധം ലക്ഷക്കണക്കിന് പേരെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതമാക്കിയെന്നാണ് യു എന്‍ എച്ച് സി ആറിലെ അടിയന്തര പ്രോഗ്രാം സപ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ അയാക്കി ഇറ്റോയുടെ വെളിപ്പെടുത്തല്‍. ലെബനാനില്‍ എട്ട് ലക്ഷം ആളുകളെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നും ബെയ്റൂത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും കുടിയിറക്കി. അത് ജനസംഖ്യയുടെ 14 ശതമാനം വരും. പശ്ചിമേഷ്യയിലുടനീളമുള്ള ആക്രമണം തീവ്രമായ അഭയാര്‍ഥി പ്രതിസന്ധിക്ക് കാരണമായിട്ടുമുണ്ട്. ഇറാനിലെ അഭയാര്‍ഥി കുടുംബങ്ങളില്‍ ഭൂരിഭാഗവും അഫ്ഗാന്‍ വംശജരാണ്. നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യം, പരിമിതമായ പിന്തുണാ ശൃംഖലകള്‍ എന്നിവ കാരണം അവര്‍ പ്രത്യേകിച്ച് ദുര്‍ബലരാണ്. അരക്ഷിതാവസ്ഥ ഏറുകയും അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം കുറയുകയും ചെയ്യുന്നതിനാല്‍ പലരും പ്രശ്നബാധിത പ്രദേശങ്ങള്‍ വിട്ടുപോകുന്നു. യുദ്ധം ഇറാനിലെ സ്‌കൂളുകള്‍, ആശുപത്രികള്‍, റെസിഡന്‍ഷ്യല്‍ അയല്‍പക്കങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചുവെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
നേട്ടം കൊയ്യുന്ന
ആയുധക്കമ്പോളം
യുദ്ധഭീതിയില്‍ എല്ലാ രാജ്യങ്ങളും പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ വന്‍തോതില്‍ വിറ്റുപോകുന്നു. ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെയുള്ള ഒട്ടേറെ രാജ്യങ്ങള്‍ ബ്രഹ്മോസ് കരാറില്‍ ഒപ്പുവെക്കുന്നതിന്റെ അന്തിമ ചര്‍ച്ചകളിലാണ്. ഫിലിപ്പൈന്‍സാണ് ആദ്യം വാങ്ങിയത്, 37.5 കോടി ഡോളറിന്റേത്. പിന്നാലെ ഇന്തോനേഷ്യ 30-45 കോടി ഡോളറിന്റെ ഔദ്യോഗിക കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തീരദേശ സംരക്ഷണം ശക്തമാക്കുന്നതിനാണ് അവര്‍ ബ്രഹ്മോസ് തിരഞ്ഞെടുത്തിരിക്കുന്നത്. വിയറ്റ്നാമുമായി 70 കോടി ഡോളറിന്റെ കരാറിനായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. മലേഷ്യ, യു എ ഇ, സഊദി അറേബ്യ, ഖത്വര്‍ തുടങ്ങിയ രാജ്യങ്ങള്‍ മിസൈല്‍ വാങ്ങുന്നതില്‍ സജീവ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ചിലി, ബ്രസീല്‍, അര്‍ജന്റീന എന്നിവയും പട്ടികയിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണ ശേഷം ഓപറേഷന്‍ സിന്ദൂറില്‍ പാകിസ്താനെ വീഴ്ത്തിയ ബ്രഹ്മോസിന്റെ കയറ്റുമതിയിലൂടെ മാത്രം ഈ പതിറ്റാണ്ട് അവസാനമാകുമ്പോഴേക്കും 500 കോടി ഡോളര്‍ നേടിയെടുക്കാനാകുമെന്നാണ് ഇന്ത്യന്‍ കണക്കുകൂട്ടല്‍. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളില്‍ ഒന്നാണെന്നതാണ് ബ്രഹ്മോസിന് ഇത്രയധികം ആവശ്യമേറ്റിയത്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ശത്രുക്കളുടെ റഡാറുകള്‍ക്ക് കണ്ടെത്താനോ തകര്‍ക്കാനോ ഉള്ള സമയം വളരെ കുറവാണ്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്ത് നിന്നും അന്തര്‍വാഹിനികളില്‍ നിന്നും തൊടുക്കാം. വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നതിനാല്‍ ആയുധക്ഷാമം പല രാജ്യങ്ങളെയും വലയ്ക്കുന്നുണ്ട്. ഗുണനിലവാരമുള്ള ഇനങ്ങളാണ് എല്ലാവരും തിരയുന്നത്. ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ വിക്ഷേപിച്ചാല്‍ ബ്രഹ്മോസ് സ്വയം ലക്ഷ്യസ്ഥാനം കണ്ടെത്തി തകര്‍ക്കും. മറ്റ് സബ്‌സോണിക് മിസൈലുകളെ അപേക്ഷിച്ച് ഒമ്പത് മടങ്ങ് അധികം ഗതികോര്‍ജമുള്ള അവയെ തടയാന്‍ നിലവില്‍ ലോകത്തെ ഒരു പ്രതിരോധ സംവിധാനത്തിനും കഴിഞ്ഞിട്ടില്ല. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് വികസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായി. 2013-14 കാലയളവില്‍ 686 കോടി രൂപ മാത്രയായിരുന്നത് 2024-25ല്‍ 23,622 കോടി രൂപയായി ഉയര്‍ന്നു. പിനാക റോക്കറ്റ് സിസ്റ്റവും ഡോര്‍ണിയര്‍ 228 വിമാനങ്ങളും വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, റഡാറുകള്‍, വെടിക്കോപ്പുകള്‍, കപ്പലുകളുടെ ഭാഗങ്ങള്‍ എന്നിവ നൂറിലധികം രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നു. 2029ല്‍ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍
പൂര്‍ണ പ്രതിസന്ധിയിലേക്ക്
ഇന്ത്യന്‍ പ്രതിരോധ കയറ്റുമതി വര്‍ധിപ്പിച്ച പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ഏറെ ആശ്രയിക്കുന്ന ഇന്ത്യ, അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതി വാതകം, ദ്രവീകൃത പെട്രോളിയം വാതകം എന്നിവയുടെ രൂക്ഷമായ ക്ഷാമം കാരണം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുന്നു. അസംസ്‌കൃത എണ്ണ ആവശ്യത്തിന്റെ 90 ശതമാനത്തിനടുത്ത് ഇറക്കുമതിയാണ്. 55 ശതമാനം ഇറാഖ്, സഊദി അറേബ്യ, യു എ ഇ, കുവൈത്ത്, ഖത്വര്‍ തുടങ്ങിയ പ്രധാന വിതരണക്കാരില്‍ നിന്നാണ് ഹോര്‍മുസ് കടലിടുക്ക് വഴി എത്തുന്നത്. എല്‍ പി ജി ഇറക്കുമതിയുടെ 90 ശതമാനത്തിലേറെയും മധ്യപൂര്‍വ ദേശത്ത് നിന്നാണ്. ഊര്‍ജാവശ്യങ്ങള്‍ കൂടാതെ ഇന്ത്യ ആശ്രയിക്കുന്നത് പശ്ചിമേഷ്യന്‍ അസംസ്‌കൃത വസ്തുക്കളെയാണ്. അതില്‍ പെട്രോളിയം കോക്ക് (സിമന്റ്ചൂളകള്‍, അലൂമിനിയം ഉരുക്കല്‍, വൈദ്യുതി ഉത്പാദനം എന്നിവയില്‍ ഉപയോഗിക്കുന്നു), ചുണ്ണാമ്പുകല്ല്, ജിപ്‌സം (സിമന്റ്ഉത്പാദനത്തിന് അത്യാവശ്യം), സള്‍ഫര്‍ (വളങ്ങള്‍ക്കും രാസവസ്തുക്കള്‍ക്കും), വിവിധ ലോഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇറാനെതിരായ അമേരിക്കന്‍- ഇസ്‌റാഈല്‍ സൈനികാക്രമണങ്ങള്‍ കാരണമുണ്ടാകുന്ന തടസ്സങ്ങള്‍ നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, ഉത്പാദന മേഖലകളെ സാരമായി ബാധിക്കുന്നുണ്ട്. അത് ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കുകയും വിതരണ ശൃംഖലകള്‍ക്ക് ഭീഷണിയാകുകയും ചെയ്യുന്നു. ആഗോള സമുദ്രമാര്‍ഗ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇറാന്‍ തടസ്സപ്പെടുത്തിയത് ആഗോള ഊര്‍ജ വില കുതിച്ചുയരാന്‍ കാരണമായി, ടാങ്കര്‍ നീക്കങ്ങള്‍ നിലച്ചു, ഇന്‍ഷ്വറന്‍സ് ചെലവുകള്‍ കുതിച്ചുയര്‍ന്നു.
തമിഴ്നാട്ടിലെ ഊര്‍ജം ആശ്രയിച്ചുള്ള വ്യവസായങ്ങളിലും ചെറുകിട സംരംഭങ്ങളിലും ആഘാതം ഉടന്‍ ദൃശ്യമായി. കോയമ്പത്തൂര്‍ മുതല്‍ സേലം വരെയുള്ള വ്യവസായ കേന്ദ്രങ്ങളിലും തീപ്പെട്ടി ക്ലസ്റ്ററുകളിലും എല്‍ പി ജിയുടെയും അനുബന്ധ പെട്രോളിയം ഉത്പന്നങ്ങളുടെയും രൂക്ഷക്ഷാമം നേരിടുന്നു. ഇറാനില്‍ നിന്നുള്ള പാരഫിന്‍ വാക്‌സ് പോലുള്ള പ്രത്യേക അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി നിര്‍ത്തിവെച്ചതും വിനയായി. തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടി, കഴുഗുമല, എട്ടയപുരം, കദളിയൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തീപ്പെട്ടി വ്യവസായം. തെങ്കാശി, വിരുദുനഗര്‍, വെല്ലൂര്‍, ധര്‍മപുരി എന്നീ ജില്ലകളിലായി 400 യന്ത്രവത്കൃത ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. ആ മേഖലയില്‍ 90 ശതമാനത്തോളം സ്ത്രീ തൊഴിലാളികളാണ്. അഞ്ച് ലക്ഷം ആളുകള്‍ നേരിട്ടും അല്ലാതെയും ഉപജീവനത്തിന് അതിനെ ആശ്രയിച്ചിരിക്കുന്നു.
തീപ്പെട്ടി വ്യവസായത്തില്‍ ഉപയോഗിക്കുന്ന സെമി- റിഫൈന്‍ഡ് പാരഫിന്‍ വാക്‌സിന്റെ പ്രധാന വിതരണക്കാരാണ് ഇറാന്‍. വര്‍ഷത്തില്‍ ഇന്ത്യന്‍ ഇറക്കുമതി ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം മെട്രിക് ടണ്‍ വരെ. തമിഴ്നാട്ടിലെ വ്യവസായങ്ങള്‍ പ്രധാനമായും ഇറാനില്‍ നിന്നുള്ള വിതരണത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ പ്രതിസന്ധി രൂക്ഷമാണ്. ഷിപ്പിംഗ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് വിതരണം പൂര്‍ണമായും നിലച്ചതിനാല്‍ ഉയര്‍ന്ന വില ഒടുക്കാന്‍ നിര്‍ബന്ധിതമായി. തമിഴ്നാട്ടിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയെല്ലാം എല്‍ പി ജി ക്ഷാമം ഒരുപോലെ ബാധിക്കുന്നു. എന്‍ജിനീയറിംഗ്, മെഷിനറി സ്‌പെയര്‍ പാര്‍ട്സ് വ്യവസായത്തില്‍ തമിഴ്നാടിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന കോയമ്പത്തൂരില്‍ ഗ്യാസ് കട്ടിംഗ്, ചൂടാക്കല്‍ പ്രക്രിയകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സൂക്ഷ്മ, ചെറുകിട യൂനിറ്റുകള്‍ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. വാണിജ്യ എല്‍ പി ജി സിലിന്‍ഡറുകള്‍ ലഭ്യമല്ലാത്തതിനാല്‍ സേലം ജില്ലയിലെ വെള്ളി ആഭരണ നിര്‍മാണ ശാലകളിലും ഫൗണ്ടറികളിലും തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന ആശങ്ക വര്‍ധിച്ചുവരുന്നു.





