Connect with us

From the print

ഒടുവില്‍ വഴങ്ങി മുനീര്‍; രാജ്യസഭാ സീറ്റോ പ്രധാന പദവിയോ വാഗ്ദാനം

മുനീറിന്റെ ആവശ്യത്തെ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം ദിവസങ്ങളെടുത്താണ് മുസ്‌ലിം ലീഗ് നേതാക്കളായ സ്വാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അനുനയിപ്പിച്ചത്

Published

|

Last Updated

കോഴിക്കോട് | ഒടുവില്‍ നേതൃത്വത്തിന് മുന്നില്‍ വഴങ്ങി ഡോ. എം കെ മുനീര്‍. കോഴിക്കോട് സൗത്തില്‍ തനിക്ക് മത്സരിക്കാന്‍ അവസരം വേണമെന്ന മുനീറിന്റെ ആവശ്യത്തെ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം ദിവസങ്ങളെടുത്താണ് മുസ്‌ലിം ലീഗ് നേതാക്കളായ സ്വാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അനുനയിപ്പിച്ചത്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കോ അല്ലെങ്കില്‍ പ്രധാനപ്പെട്ട മറ്റൊരു പദവിയിലേക്കോ പരിഗണിക്കാമെന്നതാണ് വാഗ്ദാനം. മത്സരിക്കാന്‍ അയോഗ്യത ഉണ്ടാകുന്ന തരത്തില്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മുനീറിന്റെ വാദമെങ്കിലും ലീഗ് നേതൃത്വത്തിന് അത് സ്വീകാര്യമായില്ല.

നേതാക്കളുടെ അഭ്യര്‍ഥനയില്‍ മുനീര്‍ വഴങ്ങിയെങ്കിലും മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്ന അഭിപ്രായക്കാര്‍ പാര്‍ട്ടിയിലുണ്ട്. പുതിയ തീരുമാനത്തോട് ഇവര്‍ ഏതുവിധത്തില്‍ പ്രതികരിക്കുമെന്നത് സംബന്ധിച്ച് ആശങ്കയുമുണ്ട്. മുനീര്‍ മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യം സൈബര്‍ ഇടങ്ങളില്‍ വ്യാപകമായിരുന്നു. തുടർന്ന് സൈബറിടങ്ങളിലെ ഈ നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്ന പ്രസ്താവനയുമായി ലീഗ് നേതാവ് കെ എം ഷാജി രംഗത്തെത്തിയിരുന്നു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ കണ്ണുവെച്ച ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന ധ്വനിയും പ്രചരിച്ചു. എന്നാല്‍, സൗത്ത് മണ്ഡലത്തിലേക്ക് പരിഗണിച്ച മുഴുവന്‍ പേരെയും മറ്റ് മണ്ഡലങ്ങളിലേക്ക് മാറ്റി അപ്രതീക്ഷിതമായി പുതുമുഖത്തെ അവതരിപ്പിച്ചുകൊണ്ടാണ് ലീഗ് ഈ പ്രചാരണത്തെ പ്രതിരോധിച്ചത്. വി കെ ഫൈസല്‍ ബാബുവാണ് കോഴിക്കോട് സൗത്തിലെ ലീഗ് സ്ഥാനാര്‍ഥി. എം കെ മുനീറിനെ മത്സര രംഗത്ത് നിന്ന് ഒഴിവാക്കുമ്പോള്‍ സി എച്ചിന്റെ പുത്രനെ തഴഞ്ഞെന്ന പ്രചാരണം ഒരു നിലക്കും ബാധിക്കാതെ നോക്കണമെന്ന നിര്‍ബന്ധവും നേതൃത്വത്തിനുണ്ട്. 1991 മുതല്‍ നിയമസഭാ സാമാജികനായ മുനീര്‍ മൂന്ന് തവണ മന്ത്രിയായിരുന്നു.

അതേസമയം, താന്‍ അവസാന ശ്വാസം വരെ മുസ്‌ലിം ലീഗിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം ഡോ. എം കെ മുനീര്‍ പ്രതികരിച്ചു. അതിനെ ആര്‍ക്കും തളര്‍ത്താന്‍ കഴിയില്ല. സൈബറിടങ്ങളിലെ ആക്രമണത്തെ കാര്യമായെടുക്കുന്നില്ല. ഇങ്ങനെ പ്രതികരിക്കുന്നവര്‍ മുഖമില്ലാത്തവരാണ്. അവര്‍ ആരെന്ന് കണ്ടുപിടിക്കണമെങ്കില്‍ അതിന് പിന്നാലെ പോകണം. അത്തരം കാര്യങ്ങള്‍ക്കൊന്നും തനിക്ക് നേരമില്ലെന്നും മുനീര്‍ പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest