Connect with us

Kerala

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇന്ധന വില കൂട്ടി കേന്ദ്രം ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കുന്നു: പിണറായി വിജയൻ

പ്രതിപക്ഷത്തിരുന്ന സമയത്ത് സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിൽ സമരം ചെയ്ത യു ഡി എഫ് ഇപ്പോൾ ഇന്ധന നികുതി കുറയ്ക്കുമോ എന്നറിയാൻ കാത്തിരിക്കുന്നുവെന്നും പിണറായി

Published

|

Last Updated

തിരുവനന്തപുരം | പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കുകയാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില താഴേക്ക് പോകുമ്പോഴും രാജ്യത്ത് ഇന്ധനവില കൂട്ടി ജനങ്ങൾക്ക് മേൽ വലിയ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് പകൽക്കൊള്ളയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ പറ്റിക്കാൻ വേണ്ടി മാത്രം ഇന്ധനവില വർധിപ്പിക്കാതെ കൃത്രിമമായി പിടിച്ചുവെക്കുകയും വോട്ടെടുപ്പ് പ്രക്രിയ കഴിഞ്ഞയുടൻ ഇന്ധനവില കുത്തനെ കൂട്ടി ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യുന്നത് ബി ജെ പി യുടെ പതിവ് തട്ടിപ്പ് രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് പ്രതിപക്ഷത്തിരുന്ന സമയത്ത് സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിൽ സമരം ചെയ്ത യു ഡി എഫ് ആണ് ഇപ്പോൾ കേരളത്തിൽ അധികാരത്തിലെത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച സ്വന്തം വാദം പ്രാവർത്തികമാക്കാനും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായി ശബ്ദമുയർത്താനും സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാനും പുതിയ യു ഡി എഫ് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്ന് അറിയാൻ സംസ്ഥാനത്തെ ജനങ്ങൾ ആകാംക്ഷാപൂർവം നോക്കിനിൽക്കുകയാണെന്നും പിണറായി വിജയൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Content Highlights:

CPIM Politburo member Pinarayi Vijayan has strongly condemned the central government’s decision to increase petrol and diesel prices despite a drop in global Brent crude prices. He accused the BJP of freezing price hikes during elections only to fleece the public once voting concluded. Vijayan also challenged the newly elected UDF government in Kerala to honor its past demands by reducing state fuel taxes immediately.

Latest