Connect with us

articles

അയലത്ത് തീ പുകയുന്നുണ്ടോ?

കേവലമൊരു ചാരിറ്റി എന്നതിലുപരി, മനുഷ്യന്റെ വ്യവഹാരങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട സ്വഭാവഗുണങ്ങളെ, സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന നിര്‍ബന്ധ ബാധ്യതയാണ് ഫിത്വർ സകാത്ത്. അതിന് കൃത്യമായ സമയവും ലക്ഷ്യവുമുണ്ട്. നിശ്ചിത മനുഷ്യരിലേക്ക് സമയബന്ധിതമായി തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫിത്വര്‍ സകാത്തിന് സാധിക്കുന്നുണ്ട്.

Published

|

Last Updated

മനുഷ്യന്‍ ജീവിക്കുന്ന സാമൂഹിക പരിസരങ്ങളെ, മതത്തിന്റെ സമഗ്രതക്കുള്ളില്‍ നിന്ന് വായിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന സാമ്പത്തിക ഉപകരണമാണ് ഫിത്വര്‍ സകാത്ത്. കേവലമൊരു ചാരിറ്റി എന്നതിലുപരി, മനുഷ്യന്റെ വ്യവഹാരങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട സ്വഭാവഗുണങ്ങളെ, സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന നിര്‍ബന്ധ ബാധ്യതയാണത്. കൃത്യമായ സമയവും ലക്ഷ്യവുമുണ്ട്. നിശ്ചിത മനുഷ്യരിലേക്ക് സമയബന്ധിതമായി തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫിത്വര്‍ സകാത്തിന് സാധിക്കുന്നുണ്ട്. മറ്റു ചാരിറ്റി ടൂളുകളില്‍ നിന്ന് ഫിത്വര്‍ സകാത്തിനെ വ്യത്യസ്തമാക്കുന്നതും സമയബന്ധിതമായ ഈ ഇടപെടലാണ്.

ശവ്വാല്‍ മാസപ്പിറവിയോടു കൂടെയാണ് വിശ്വാസികള്‍ക്ക് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. നിസ്‌കാരത്തിലെ ന്യൂനതകള്‍ സഹ്വിന്റെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുന്നത് പോലെ, നോമ്പിന്റെ ന്യൂനതകള്‍ ഫിത്വര്‍ സകാത്ത് കൊണ്ട് പരിഹരിക്കപ്പെടുമെന്നാണ് തിരുനബി(സ) യുടെ അധ്യാപനം. ഈ ശുദ്ധീകരണ പ്രക്രിയയോടൊപ്പം ഫിത്വര്‍ സകാത്തിന്റെ മറ്റൊരു ലക്ഷ്യം കൂടെ ഇമാം ഇബ്നു ഹജര്‍(റ) വിശദീകരിക്കുന്നുണ്ട്. പെരുന്നാള്‍ പോലൊരു സന്തോഷ ദിനത്തില്‍, മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ വരാതെ, ചുറ്റിലുമുള്ളവരെ കൂടി സ്വയം പര്യാപ്തമാക്കലാണത്. ആഘോഷ ദിനങ്ങളില്‍ ഒരാളുടെയും അഭിമാനം വലിച്ചിഴക്കപ്പെടരുത് എന്ന താത്പര്യം. അതുകൊണ്ട് തന്നെ, ഒരേ സമയം ആന്തരികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ ഫിത്വര്‍ സകാത്തിനു പിന്നിലുണ്ടെന്ന് മനസ്സിലാക്കാം.

നമ്മുടെ ജീവിതത്തില്‍ ഉടനീളമുണ്ടാകേണ്ട ഒരു മൂല്യം കൂടിയാണ് ഫിത്വര്‍ സകാത്ത് നമ്മളില്‍ സ്ഥാപിച്ചെടുക്കുന്നത്. നമ്മുടെ സന്തോഷങ്ങളില്‍ കൂടെയുള്ളവരെയും കൂടി ചേര്‍ത്തുപിടിക്കേണ്ടതിന്റെ മഹത്വമാണ് അത് നമ്മെ പഠിപ്പിക്കുന്നത്. അയല്‍വാസി പട്ടിണിയിരിക്കുമ്പോള്‍ സുഭിക്ഷമായി ഭക്ഷിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന തിരുനബി(സ)യുടെ അധ്യാപനം അതിന്റെ വിശാലമായ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആര്‍ക്കാണ് നിര്‍ബന്ധമാകുന്നത്?

പെരുന്നാള്‍ ദിവസം തന്റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും ഭക്ഷണം, വസ്ത്രം, അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടബാധിതനാണെങ്കില്‍ കടം വീട്ടാനുള്ള സമ്പത്ത് തുടങ്ങിയ ചെലവുകള്‍ കഴിച്ചതിനു ശേഷം സമ്പത്ത് മിച്ചം വരുന്ന ഏതൊരാള്‍ക്കും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാണ്.

ഫിത്വര്‍ സകാത്ത് ഒരു സാര്‍വത്രിക ബാധ്യതയാണ്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം ചെയ്ത ഹദീസില്‍, തിരുനബി(സ), അടിമയെന്നോ സ്വതന്ത്രനെന്നോ ആണെന്നോ പെണ്ണെന്നോ കുട്ടിയെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാ മുസ്‌ലിംകള്‍ക്കും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കി. ക്ഷേമ സങ്കല്‍പ്പങ്ങളില്‍ നിന്ന് സമൂഹത്തിലെ ഓരോ മൈക്രോ യൂനിറ്റും ഒഴിവാകാത്ത വിധത്തിലുള്ള ഒരു വ്യവസ്ഥ കൂടിയാണ് ഫിത്വര്‍ സകാത്ത് പരിചയപ്പെടുത്തുന്നത്.
എന്താണ്, എത്രയാണ് കൊടുക്കേണ്ടത്?

ഒരാളുടെ ഫിത്വര്‍ സകാത്തായി നല്‍കേണ്ടത് ഒരു സ്വാഅ് ധാന്യമാണ്. അതായത് നാല് മുദ്ദ് ധാന്യം. സ്വാഉം മുദ്ദുമെല്ലാം അളവ് പാത്രങ്ങളാണ്. ഈ പാത്രത്തോട് തുല്യമായ അളവില്‍ ഓരോ നാട്ടിലും വ്യാപകമായി ഉപയോഗിക്കുന്ന മുഖ്യാഹാരമാണ് ഫിത്വര്‍ സകാത്തായി നല്‍കേണ്ടത്. 3.200 ലിറ്ററാണ് ഒരു സ്വാആയി കണക്കാക്കപ്പെടുന്നത്.

വളരെ ലളിതമായ സംവിധാനമാണ് ഫിത്വര്‍ സകാത്ത്. ഒരാള്‍ക്ക് ഒരു സ്വാഅ് എന്നത് എളുപ്പത്തില്‍ കണക്ക് കൂട്ടാന്‍ പറ്റുന്ന ഒന്നാണ്. മാത്രവുമല്ല, വലിയ സാമ്പത്തിക ബാധ്യത ഇല്ലാത്തതുമാണ്. മുഖ്യാഹാരമായത് കൊണ്ട് തന്നെ, പ്രസ്തുത കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കല്‍ കൂടി ഇതിലൂടെ സാധ്യമാകും. രാജ്യത്തെ മൊത്തം ജി ഡി പിയില്‍ സന്തുലിതാവസ്ഥയുണ്ടാക്കാനും ഇത് സഹായിക്കും. അവശ്യ വസ്തുക്കളുടെ വിപണിയില്‍ സപ്ലൈ വര്‍ധിപ്പിക്കുക എന്നത് ക്ഷേമ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന നയം കൂടിയാണ്.

എപ്പോഴാണ് നിര്‍ബന്ധമാകുന്നത്?
ശവ്വാല്‍ മാസപ്പിറവി കണ്ട സമയം മുതലാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. അന്നേ ദിവസം മഗ്രിബിന്റെ സമയമാകുമ്പോള്‍ ജീവിച്ചിരിക്കുന്ന മുഴുവന്‍ വ്യക്തികളുടെ പേരിലും ഫിത്വര്‍ സകാത്ത് നല്‍കണം. ശവ്വാല്‍ മാസപ്പിറവി കണ്ടത് മുതല്‍ ഫിത്വര്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാകും. ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിനു മുമ്പായി കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. ജനങ്ങള്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടും മുമ്പ് കൊടുക്കണമെന്ന് സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസില്‍ കാണാം. എന്നാല്‍, റമസാന്‍ ഒന്ന് മുതല്‍ തന്നെ മുന്‍കൂട്ടി നല്‍കലും അനുവദനീയമാണ്. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷമാകല്‍ കറാഹത്തുമാണ്. ബന്ധുവിനെയും അയല്‍വാസിയെയും പ്രതീക്ഷിക്കുന്ന കാരണത്താല്‍ നിസ്‌കാരത്തിനേക്കാള്‍ പിന്തിക്കുന്നതില്‍ കറാഹത്തില്ല. പെരുന്നാള്‍ ദിവസത്തേക്കാള്‍ പിന്തിക്കല്‍ ഹറാമും പിന്തിച്ചാല്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധവുമാണ്. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് തന്നെ നല്‍കണമെന്ന് നിര്‍ദേശിക്കുന്നതിലൂടെ ഫിത്വര്‍ സകാത്തിന്റെ അടിസ്ഥാന താത്പര്യം സംരക്ഷിക്കപ്പെടുന്നുണ്ട്. പെരുന്നാള്‍ ദിവസത്തെ സാര്‍വത്രിക സന്തോഷമാണത്. മുഖ്യാഹാരം വില്‍ക്കുന്ന വില്‍പ്പനക്കാര്‍ക്കും സമയബന്ധിതമായ വിപണി ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും.

എവിടെയാണ് നല്‍കേണ്ടത്?
ശാഫിഈ മദ്ഹബിലെ പ്രബലമായ വീക്ഷണ പ്രകാരം, ശവ്വാല്‍ മാസപ്പിറവി കാണുന്ന സമയത്ത് വ്യക്തി എവിടെയാണോ ഉള്ളത്, അവിടെയാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്. പ്രവാസികള്‍ അവരുള്ളിടത്താണ് കൊടുക്കേണ്ടത്. പ്രസ്തുത സ്ഥലത്ത് സകാത്ത് നല്‍കുന്നത് പ്രയാസമാണെങ്കില്‍ ശാഫിഈ മദ്ഹബില്‍ തന്നെ രണ്ടാം അഭിപ്രായമനുസരിച്ച് മറ്റു നാടുകളില്‍ നല്‍കാന്‍ വേണ്ടി വക്കാലത്ത് ഏല്‍പ്പിക്കാവുന്നതാണ്. സകാത്ത് നേരിട്ട് നല്‍കുന്നത് തന്നെയാണ് വക്കാലത്ത് ഏല്‍പ്പിക്കുന്നതിനേക്കാള്‍ ഉത്തമം.

ഫിത്വര്‍ സകാത്തിന് രണ്ട് നിബന്ധനകളാണുള്ളത്. ഒന്ന് നിയ്യത്ത്. ഇത് എന്റെ ഫിത്വര്‍ സകാത്താകുന്നു, നിര്‍ബന്ധമായ സകാത്താകുന്നു തുടങ്ങിയ നിയ്യത്തുകള്‍ സ്വീകാര്യമാണ്. സകാത്ത് അവകാശികള്‍ക്ക് വിതരണം ചെയ്യുന്ന സമയത്തോ സകാത്ത് വിഹിതം മാറ്റിവെക്കുന്ന സമയത്തോ മാറ്റി വെച്ചതിനു ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പായോ നിയ്യത്ത് കരുതാവുന്നതാണ്. വക്കാലത്ത് ഏല്‍പ്പിക്കുന്നവര്‍ ഏല്‍പ്പിക്കുന്ന സമയത്ത് നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്. അവകാശികള്‍ക്ക് നല്‍കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച എട്ട് വിഭാഗക്കാരാണ് സകാത്തിന്റെ അവകാശികള്‍. അവര്‍ക്ക് നല്‍കല്‍ കൊണ്ടല്ലാതെ സകാത്ത് വീടുകയില്ല.

ചുരുങ്ങിയത് മൂന്നാളുകള്‍ക്കെങ്കിലും നല്‍കണം. വേറൊരര്‍ഥത്തില്‍ പറഞ്ഞാല്‍, മൂന്നാളുകളെയെങ്കിലും അന്വേഷിക്കണം. ജനിച്ച കുട്ടിക്കടക്കം, ഓരോ ആളുകള്‍ക്ക് വേണ്ടിയും ഈ അന്വേഷണം തുടരുമ്പോള്‍ സമൂഹത്തില്‍ പരാധീനതകള്‍ അനുഭവിക്കുന്നവരെ തിരിച്ചറിയാനും അവരുടെ കണ്ണീരൊപ്പാനും ഫിത്വര്‍ സകാത്ത് നമ്മെ പരിശീലിപ്പിക്കുന്നു. ശരീരത്തിന്റെ സകാത്താണ് ഫിത്വര്‍. ഈ ലോകത്ത്, ഒരു വര്‍ഷക്കാലം നമ്മള്‍ ജീവിച്ചു. ഇതിന് അല്ലാഹുവോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു. അതിനുള്ള നന്ദി സൂചകമാണത്. അതുകൊണ്ടാണ് ചെറിയ കുട്ടിക്ക് വരെ ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്.

ഒരു മനുഷ്യന് എങ്ങനെയൊക്കെ നന്ദി പ്രകടിപ്പിക്കാം? നന്ദി കാണിക്കുന്നതിലൂടെ നമുക്കുണ്ടാകുന്ന ബോധ്യങ്ങളെന്തൊക്കെയാണ്? ഏറ്റവും ഉദാത്തമായ നന്ദി എന്താണ്? ഇത്യാദി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഫിത്വര്‍ സകാത്തിലുണ്ട്. ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ നേടിക്കഴിഞ്ഞത് മുതല്‍ തന്നെ നമ്മളിലുണ്ടാകേണ്ട നന്മയെ നമുക്കവിടെ വായിക്കാം. അപരനെയറിയുക എന്നതാണത്. നമ്മുടെ സന്തോഷത്തില്‍ അപരന്റെ സന്തോഷം കൂടി കണ്ടെത്തുക എന്നതാണത്. ഈ ലോകത്ത് എല്ലാവരും ഉണ്ടുറങ്ങുന്നു എന്ന തീര്‍പ്പില്‍ ജീവിക്കലാണത്. സമയബന്ധിതമായ ഇടപെടലിന്റെ മനോഹരമായ ആവിഷ്‌കാരമാണത്.

Latest