Connect with us

From the print

കത്തിയമർന്ന് എണ്ണ

ഗൾഫ് രാജ്യങ്ങളിലെ ഊർജ നിലയങ്ങളിലേക്ക് ഇറാന്റെ മിസൈൽ പ്രളയം. എണ്ണവില കുതിച്ചുയരുന്നു.

Published

|

Last Updated

തെഹ്റാന്‍/ വാഷിംഗ്ടണ്‍/ ദുബൈ | ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെയുണ്ടായ ഇസ്റാഈല്‍ ആക്രമണത്തിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണശാലകളും വാതക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം. ഖത്വറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി, കുവൈത്തിലെ മിനാ അല്‍ അഹ്മദി റിഫൈനറി, മിനാ അബ്ദുല്ല റിഫൈനറി, അബൂദബിയിലെ ഹബ്ശാന്‍ വാതക പ്ലാന്റ്, ബാബ് എണ്ണപ്പാടം, സഊദി അറേബ്യയിലെ സാംറെഫ് റിഫൈനറി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ വാതക ഉത്പാദന കേന്ദ്രമായ ഖത്വറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ മിസൈല്‍ ആക്രമണത്തില്‍ വന്‍ തീപ്പിടിത്തമുണ്ടായി. പേള്‍ ജി ടി എല്‍ പ്ലാന്റിന് സാരമായ നാശനഷ്ടം സംഭവിച്ചതായി ഷെല്‍ കമ്പനി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ദോഹയിലെ ഇറാന്‍ എംബസിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ഖത്വര്‍ ഉത്തരവിട്ടു.

അബൂദബിയിലെ ഹബ്ശാന്‍ വാതക പ്ലാന്റിലും ബാബ് എണ്ണപ്പാടത്തും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. വ്യോമ പ്രതിരോധ സേന മിസൈലുകള്‍ തകര്‍ക്കുന്നതിനെത്തുടര്‍ന്ന് ചിതറിത്തെറിച്ച ഭാഗങ്ങളാണ് ഇവിടെ പതിച്ചത്. കുവൈത്തിലെ മിനാ അല്‍ അഹ്മദി, മിനാ അബ്ദുല്ല എണ്ണ ശുദ്ധീകരണശാലകളിലും സഊദിയിലെ യന്‍ബു തുറമുഖത്തുള്ള സാംറെഫ് റിഫൈനറിയിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നു.

ഊര്‍ജനിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ ബഞ്ച് മാര്‍ക്കായ ബ്രെന്റ് ക്രൂഡ് വില ആറ് ശതമാനത്തിലധികം ഉയര്‍ന്ന് ബാരലിന് 115 ഡോളര്‍ കടന്നു. ബുധനാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 107.38 ഡോളറായിരുന്നു. ലോകത്തെ എല്‍ എന്‍ ജി ഉത്പാദനത്തിന്റെ 20 ശതമാനവും ഖത്വറില്‍ നിന്നായതിനാല്‍ ഈ മേഖലയിലെ തടസ്സം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇറാനിലെയും ഗള്‍ഫ് രാഷ്ട്രങ്ങളിലെയും ഊര്‍ജ കേന്ദ്രങ്ങളില്‍ ആക്രമണം തുടര്‍ന്നാല്‍ വില ഇനിയും ഉയരും. യൂറോപ്പിലെ ബഞ്ച് മാര്‍ക്ക് പ്രകൃതിവാതക വിലയില്‍ 16.7 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഒരു ഘട്ടത്തില്‍ ഇത് 25 ശതമാനം വരെ ഉയര്‍ന്നിരുന്നു.

അതേസമയം, ഇറാനെ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കാനാണ് യു എസ് തീരുമാനം. ഖത്വറിന് നേരെ ആക്രമണം തുടര്‍ന്നാല്‍ ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുമെന്നാണ് വിവരം.

ഇസ്റാഈലിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ ആഭ്യന്തര സുരക്ഷയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സായുധ വിഭാഗമായ ബസീജിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) അറിയിച്ചു.

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ | രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിദിന തകര്‍ച്ച നേരിട്ട് ഓഹരിവിപണി. പ്രധാന സൂചികകളെല്ലാം മൂന്ന് ശതമാനത്തിലേറെ തകര്‍ച്ച രേഖപ്പെടുത്തി. 2024 ജൂണിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 2,497 പോയിന്റ് ഇടിഞ്ഞ് 74,207 എന്ന നിലയിലെത്തി. നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 3.26 ശതമാനം ഇടിഞ്ഞ് 23,002.15ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 13 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. സൂചികയിലെ കരുത്തുറ്റ ഓഹരിയായ എച്ച് ഡി എഫ് സി ബേങ്ക് ഒമ്പത് ശതമാനത്തോളം ഇടിഞ്ഞു. ബേങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചതാണ് ഇതിന് പ്രധാന കാരണം.

രൂപക്ക് ഇടിവ്
ഡോളറിനെതിരെ രൂപയുടെ മൂല്യം 92.63 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് പതിച്ചു. ബുധനാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ രൂപയുടെ മൂല്യം 92.37 എന്ന നിലയിലായിരുന്നു. ഇന്നലെ രൂപയുടെ മൂല്യം 92.42 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും രൂപയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു.

 

 

Latest