Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും സ്വാഭാവിക ജാമ്യം

കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലയളവില്‍ എസ് ഐ ടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണിത്.

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലയളവില്‍ എസ് ഐ ടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണിത്. ഇരു കേസുകളിലും ജാമ്യം ലഭിച്ച ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും.

ഇതോടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം പത്തായി. ഇതില്‍ എട്ടുപേര്‍ക്കും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്നുള്ള സ്വഭാവിക ജാമ്യമാണ് ലഭിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായ എ പത്മകുമാറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ആറില്‍ അധികം പേര്‍ക്ക് സ്വാഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവിലും ജാമ്യം ലഭിച്ചു. മുരാരി ബാബു, സുധീഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍ വാസു, കെ എസ് ബൈജു എന്നിവരാണ് പത്മകുമാറിന് മുമ്പ് സ്വാഭാവിക ജാമ്യം ലഭിച്ചവര്‍.

എസ് ശ്രീകുമാര്‍, തന്ത്രി കണ്ഠരര് രാജീവരര് എന്നിവര്‍ക്ക് വിജിലന്‍സ് കോടതി ജാമ്യം നല്‍കിയപ്പോള്‍ എസ് ജയശ്രീക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. നേരത്തെ ജാമ്യം തേടി ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഗോവര്‍ധന്‍ സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ അയ്യപ്പ ഭക്തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യഹരജിയില്‍ ഗോവര്‍ധന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയെന്ന് ആരോപിച്ചാണ് കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെ എസ് ഐ ടി അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയെന്നാണ് ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഇത്രയും തുക നല്‍കിയതിന് ശേഷമാണ് സ്വര്‍ണം വാങ്ങിയത്. പണം നല്‍കിയതിന്റെ തെളിവുകളും ഗോവര്‍ധന്‍ എസ് ഐ ടിക്ക് നല്‍കിയിരുന്നു. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നല്‍കിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധന്‍ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍.

 

Latest