Kerala
കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ട്: ഉപഭോക്തൃ നീതി റാങ്കിംഗില്‍ കേരളം പന്ത്രണ്ടാമത്
ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയാണ് ആദ്യ മൂന്ന് സംസ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. തെലങ്കാന, ഝാര്‍ഖണ്ഡ് എന്നിവയാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്.
തിരുവനന്തപുരം | ഇന്ത്യ ജസ്റ്റിസ് റിപോര്‍ട്ട് നടത്തിയ കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ പരിഹാര കമ്മീഷനുകളുടെ ശേഷി വിലയിരുത്തല്‍ എന്ന വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നടത്തിയ ഉപഭോക്തൃ നീതി റാങ്കിംഗിലാണ് കേരളം പന്ത്രണ്ടാമതെത്തിയത്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയാണ് ആദ്യ മൂന്ന് സംസ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. തെലങ്കാന, ഝാര്‍ഖണ്ഡ് എന്നിവയാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്.
2021-25 വരെയുള്ള എല്ലാ വര്‍ഷങ്ങളിലും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എസ് സി ഡി ആര്‍ സി) പ്രസിഡന്റ് സ്ഥാനത്ത് പുതിയവരെ നിയമിക്കുകയും ഈ കാലയളവില്‍ തന്നെ എല്ലാ സ്റ്റാഫിനേയും നിയമിക്കുകയും ചെയ്തതിലൂടെയാണ് സംസ്ഥാനങ്ങള്‍ റാങ്കിംഗില്‍ ഇടം നേടിയത്. ഇതില്‍ കുറഞ്ഞത് മൂന്നില്‍ ഒരാള്‍ സ്ത്രീയുമായിരുന്നു.
ഒമ്പത് ചെറിയ സംസ്ഥാനങ്ങളില്‍ (ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള) നടത്തിയ റാങ്കിംഗില്‍ മേഘാലയ ഒന്നാമതും യഥാക്രമം സിക്കിം, ഹിമാചല്‍ പ്രദേശ് എന്നിവ രണ്ടും മൂന്നും സ്ഥാനത്തുമെത്തി. ബജറ്റുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മാനവ വിഭവശേഷി, ജോലിഭാരം, ലിംഗ വൈവിധ്യം എന്നിവയുള്‍പ്പെടെ അഞ്ച് വിഷയങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നത്. വിവരാവകാശ നിയമത്തിലൂടെയും പാര്‍ലിമെന്ററി പ്രതികരണങ്ങളിലൂടെയും ലഭിച്ച പൊതു ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലുള്ള ഉപഭോക്തൃ കമ്മീഷനുകളുടെ ശേഷി പരിശോധിക്കുന്നു.



