Connect with us

Kerala

ദലിത് ആദിവാസി വിഭാഗങ്ങളോടുള്ള അവഗണന; പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് ഡി എസ് എം

കോണ്‍ഗ്രസ്സ് നിലപാടിനെതിരെ കേരളത്തില്‍ ശക്തമായ പൊതുവികാരമുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Published

|

Last Updated

കോട്ടയം | ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനാലാണ് സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. റായ്പുര്‍ പ്ലീനത്തില്‍ കോണ്‍ഗ്രസ്സ് ദേശീയ നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും മുന്നോട്ടു വെച്ച ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തെ കേരളത്തിലെ കോണ്‍ഗ്രസ്സ് വഴിയിലുപേക്ഷിച്ചത് യു ഡി എഫിന് അനുകൂലമായി വന്ന രാഷ്ട്രീയ കാലാവസ്ഥക്ക് മാറ്റമുണ്ടാകുവാന്‍ കാരണമാകുമെന്നും കമ്മിറ്റി വിലയിരുത്തി.

സണ്ണി എം കപിക്കാടിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആദ്യം തന്നെ രംഗത്തു വന്നത് ആര്‍ വി ബാബു, ശശികല ടീച്ചര്‍ തുടങ്ങിയ ആര്‍ എസ് എസ്, സംഘ്പരിവാര്‍ നേതാക്കളാണ്. ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ ഭയപ്പെട്ടു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍, എന്‍ എസ് എസില്‍ നിന്നുള്ള ഇടപെടലുകളും സമ്മര്‍ദവും പ്രധാന നേതാക്കളെ സ്വാധീനിച്ചു. ഇത് അങ്ങേയറ്റം ലജ്ജാകരവും പ്രതിഷേധജനകവുമാണ്. ആര്‍ എസ് എസിന്റെ സ്ലീപ്പര്‍സെല്ലുകള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതായും ഡി എസ് എം കുറ്റപ്പെടുത്തി.

സണ്ണി എം കപിക്കാടിന് സീറ്റു നല്‍കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. മാധ്യമങ്ങളുടെ സ്ഥിരം ചര്‍ച്ചയായി നിലനിന്നപ്പോഴും കോണ്‍ഗ്രസ്സ് നേതാക്കള്‍ അത് നിഷേധിച്ചിരുന്നില്ല. പ്രാഥമിക പട്ടിക പ്രഖ്യാപിച്ച ദിവസം മാത്രമാണ്, സംഘ്പരിവാര്‍ താത്പര്യങ്ങളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ്സിലെ മുഖ്യമന്ത്രി മോഹികളുടെ ഗ്രൂപ്പിന്റെ നേതാക്കള്‍ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുകയും വൈക്കത്തെ യു ഡി എഫ് വിജയത്തെ ഇല്ലാതാക്കുകയും ചെയ്തത്. കോണ്‍ഗ്രസ്സ് നിലപാടിനെതിരെ കേരളത്തില്‍ ശക്തമായ പൊതുവികാരമുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ദലിത് ആദിവാസി വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിനനുകൂലമായി വോട്ടു ചെയ്തതാണ് അവര്‍ക്ക് വലിയ വിജയം സമ്മാനിച്ചത് എന്ന് മറന്നു പോകാന്‍ പാടില്ലാത്തതാണ്. ദലിത്-ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയ ഗണമായി പരിഗണിക്കുവാന്‍ കോണ്‍ഗ്രസ്സിനു കഴിയാത്തതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനു കൂലമായ ദലിത്-ആദിവാസി വിഭാഗങ്ങളുടെ നിരുപാധിക പിന്തുണ പുനപ്പരിശോധിച്ച് സ്വീകാര്യരായ സ്ഥാനാര്‍ഥികളെ പിന്തുണക്കും.

കേരളത്തില്‍ ഇരുപതു ശതമാനം വോട്ടു ഷെയറുള്ള ദലിത് ആദിവാസി വിഭാഗങ്ങളെ പരി ഗണിക്കുവാന്‍ ഇടതു വലതു മുന്നണികള്‍ക്ക് താത്പര്യമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, വിഭിന്ന ലിംഗ-ലൈംഗിക വിഭാഗങ്ങള്‍, ജനാധിപത്യവാദികള്‍ എന്നിവരെ കൂട്ടിയിണക്കുന്ന വിശാലമായ ഒരു അംബേദ്കറൈറ്റ് രാഷ്ട്രീയ പാര്‍ട്ടിക്ക് സണ്ണി എം കപിക്കാടിന്റെ നേതൃത്വത്തില്‍ രൂപം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പ് മുതല്‍ മത്സരരംഗത്ത് സജീവമായി ഇടപെടുമെന്നും സംഘടന അറിയിച്ചു. ദലിത് സമുദായ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എ പ്രസാദ്, സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ്, വൈസ് ചെയര്‍മാന്‍ മണികണ്ഠന്‍ കാട്ടാമ്പള്ളി, വൈസ് ചെയര്‍പേഴ്സണ്‍ തങ്കമ്മ ഫിലിപ്, ട്രഷറര്‍ കെ വത്സകുമാരി, ഓര്‍ഗനൈസിങ് സെക്രട്ടറി എം ഡി തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി പി ജോയി, സംസ്ഥാന കമ്മിറ്റിയംഗം ദിലീപ് കൈപ്പുഴ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest