Connect with us

International

ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് ആക്രമണം; അമേരിക്കക്കും ഖത്വറിനും പങ്കില്ലെന്ന് ട്രംപ്

ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് മുന്‍കൂര്‍ അറിവുണ്ടായിരുന്നില്ല. ഖത്വറിലെ ദ്രവീകൃത പ്രകൃതിവാതക ഫീല്‍ഡുകള്‍ ലക്ഷ്യമിടുന്നതിന് നിര്‍ണായക പ്രത്യാഘാതം നേരിടേണ്ടിവരും.

Published

|

Last Updated

വാഷിങ്ടണ്‍ | ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയത് അമേരിക്കയുടെയോ ഖത്വറിന്റെയോ പങ്കാളിത്തമില്ലാതെയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് മുന്‍കൂര്‍ അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്വര്‍ ഒരു തരത്തിലും ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ഖത്വറിലെ ദ്രവീകൃത പ്രകൃതിവാതക ഫീല്‍ഡുകള്‍ ലക്ഷ്യമിടുന്നതിന് നിര്‍ണായക പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ശക്തമായ നടപടിയെടുക്കാന്‍ മടിക്കില്ലെന്നും ഈ നിലയിലുള്ള അക്രമവും നാശവും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, പ്രധാന ഗ്യാസ് ഫീല്‍ഡിലെ ഇറാനിയന്‍ പ്ലാന്റുകളില്‍ യു എസ്-ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. ഖത്വറുമായി പങ്കിടുന്ന ഈ പ്ലാന്റ് ഇറാന്റെ ആഭ്യന്തര പ്രകൃതിവാതകത്തിന്റെ 70 ശതമാനമാണ് ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അറിയപ്പെടുന്ന ഗ്യാസ് ശേഖരം കൂടിയാണ് സൗത്ത് പാര്‍സ്.

ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്വര്‍
ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്‌റാഈല്‍ ആക്രമണത്തെ ഖത്വര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തെ ‘അപകടകരവും നിരുത്തരവാദപരവും’ എന്നാണ് ഖത്വര്‍ വിശേഷിപ്പിച്ചത്.

ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ മേഖലക്കും ആഗോള വിപണിക്കും ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്ന് ഖത്വര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ മാജിദ് മുഹമ്മദ് അല്‍-അന്‍സാരി മുന്നറിയിപ്പ് നല്‍കി.

ഖത്വറിന്റെ നോര്‍ത്ത് ഫീല്‍ഡിന്റെ സൗത്ത് പാര്‍സ് ഫീല്‍ഡ് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരത്തിന്റെ ഭാഗമാണെന്നും ആഗോള വാതക വിതരണത്തിന്റെ 17 ശതമാനം ഇവിടെ നിന്നാണെന്നും മാജിദ് മുഹമ്മദ് പറഞ്ഞു. ആക്രമണത്തെ യു എ ഇയും അപലപിച്ചു.

 

 

Latest