Connect with us

International

കോംഗോയിലും ഉഗാണ്ടയിലും എബോള മരണം ഉയരുന്നു; അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കോംഗോയിൽ രോഗബാധയെത്തുടർന്ന് ഇതിനകം 87 പേർ മരണപ്പെട്ട സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി

Published

|

Last Updated

കിൻഷാസ | ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും അപൂർവയിനം എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയായ ഡബ്ല്യു എച്ച് ഒ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിൽ രോഗബാധയെത്തുടർന്ന് ഇതിനകം 87 പേർ മരണപ്പെട്ട സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി. എന്നാൽ, നിലവിലെ സാഹചര്യം ഒരു ആഗോള മഹാമാരിയായി (Pandemic) പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങളിൽ എത്തിയിട്ടില്ലെന്നും സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന വ്യക്തമാക്കി.

കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് എബോള കേസുകളും മരണങ്ങളും അതിവേഗം വർധിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യപ്രവർത്തകർ സ്ക്രീനിംഗും കോൺടാക്റ്റ് ട്രെയ്സിംഗും ശക്തമാക്കിയിട്ടുണ്ട്. വൈറസ് സമൂഹത്തിൽ സജീവമായി പടരുന്നതായി ആഫ്രിക്ക സി ഡി സി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച 65 മരണങ്ങളും 246 സംശയാസ്പദമായ കേസുകളുമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, ശനിയാഴ്ചയോടെ സംശയാസ്പദമായ കേസുകൾ 336 ആയും സ്ഥിരീകരിച്ച കേസുകൾ 13 ആയും ഉയർന്നു. സ്ഥിരീകരിച്ചവരിൽ നാല് പേർ മരണപ്പെടുകയും ചെയ്തു. രോഗബാധയെത്തുടർന്ന് ഇറ്റൂരിന്റെ തലസ്ഥാനമായ ബുനിയയിൽ വലിയ തോതിലുള്ള ഭീതിയാണ് നിലനിൽക്കുന്നത്. പ്രതിദിനം നിരവധി ആളുകളാണ് ഇവിടെ മരണപ്പെടുന്നത്.

ഇറ്റൂരിലെ തിരക്കേറിയ ഖനന മേഖലയായ മോങ്വാലുവിലാണ് ആദ്യമായി രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗികൾ ചികിത്സ തേടി റാംപാര, ബുനിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചതോടെ രോഗം മറ്റ് മേഖലകളിലേക്കും പടരുകയായിരുന്നു. മോങ്വാലുവിൽ മാത്രം 57 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റാംപാരയിൽ 27 പേരും ബുനിയയിൽ മൂന്ന് പേരും മരണപ്പെട്ടു. രോഗബാധിതരായ പലരും ഇപ്പോഴും പ്രാദേശിക സമൂഹങ്ങൾക്കിടയിൽ തുടരുന്നത് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

മുൻകാലങ്ങളിൽ കോംഗോയിലുണ്ടായ എബോള വ്യാപനങ്ങളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞ ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന അപൂർവയിനം വൈറസ് സ്ട്രെയിനാണ് ഇപ്പോഴത്തെ പൊട്ടിപ്പുറപ്പെടലിന് കാരണമെന്ന് കോംഗോ ആരോഗ്യ മന്ത്രി സാമുവൽ റോജർ കംബ സ്ഥിരീകരിച്ചു. രക്തം, ഛർദ്ദി, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയാണ് എബോള വൈറസ് പടരുന്നത്. ഇത് അപൂർവമായി മാത്രം കാണപ്പെടുന്നതാണെങ്കിലും അതീവ ഗുരുതരവും മാരകവുമാണ്. 1976-ൽ എബോള ആദ്യമായി കണ്ടെത്തിയതിന് ശേഷം കോംഗോയിലുണ്ടാകുന്ന പതിനേഴാമത്തെ എബോള പൊട്ടിപ്പുറപ്പെടലാണിത്.

Summary

The World Health Organization (WHO) has officially declared an international health emergency following the outbreak of a rare Bundibugyo strain of the Ebola virus in the Democratic Republic of Congo and Uganda. The Africa CDC reported that the outbreak has already claimed at least 87 lives, with the virus actively spreading across multiple health zones after originating in a mining area in Ituri province. Although designated as a Public Health Emergency of International Concern (PHEIC), officials noted that it does not yet meet the criteria for a pandemic. Containment efforts are currently facing severe challenges due to local community transmission and ongoing militant violence in the affected region.

Latest