Editors Pick
സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ലോൺ എടുക്കും മുൻപ് ഈ കാര്യങ്ങൾ നിർബന്ധമായും അറിയണം
പുതിയ കാറുകൾക്ക് ലഭിക്കുന്ന വായ്പകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ നിബന്ധനകളും പലിശ നിരക്കുകളുമാണ് സെക്കൻഡ് ഹാൻഡ് കാർ ലോണുകൾക്കുള്ളത്.
പുത്തൻ കാറുകളേക്കാൾ സാമ്പത്തിക ലാഭം നൽകുന്നതാണ് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുന്നത് എങ്കിലും കൈയിൽ മുഴുവൻ പണവും ഇല്ലാത്തവർക്ക് വായ്പയെ ആശ്രയിക്കേണ്ടി വരും. എന്നാൽ പുതിയ കാറുകൾക്ക് ലഭിക്കുന്ന വായ്പകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ നിബന്ധനകളും പലിശ നിരക്കുകളുമാണ് സെക്കൻഡ് ഹാൻഡ് കാർ ലോണുകൾക്കുള്ളത്. അതിനാൽ വലിയ സാമ്പത്തിക ബാധ്യതകളിൽ ചെന്ന് ചാടാതിരിക്കാൻ ലോണിനായി അപേക്ഷിക്കുന്നതിന് മുൻപ് ചില പ്രധാന കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്.
സിബിൽ സ്കോർ
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ സിബിൽ സ്കോർ ആണ്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പ അനുവദിക്കുന്നതിലും പലിശ നിരക്ക് നിശ്ചയിക്കുന്നതിലും സിബിൽ സ്കോർ വലിയൊരു മാനദണ്ഡമാക്കുന്നുണ്ട്. ഉയർന്ന സിബിൽ സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ വായ്പ ലഭിക്കാൻ സാധ്യതയുണ്ട്.
ഉയർന്ന പലിശനിരക്ക്
പുതിയ വായ്പകളെ അപേക്ഷിച്ച് സെക്കൻഡ് ഹാൻഡ് കാർ ലോണുകൾക്ക് പൊതുവെ പലിശ നിരക്ക് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വിവിധ ബാങ്കുകൾ, എൻ ബി എഫ് സി കൾ, ഡീലർ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ നൽകുന്ന പലിശ നിരക്കുകൾ പരസ്പരം താരതമ്യം ചെയ്ത് മാത്രം ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക.

കുറഞ്ഞ തിരിച്ചടവ് കാലാവധി
വായ്പ തിരിച്ചടവ് കാലാവധി കൃത്യമായി മനസ്സിലാക്കുകയാണ് അടുത്ത പടി. ഉപയോഗിച്ച കാറുകൾക്ക് സാധാരണയായി കുറഞ്ഞ തിരിച്ചടവ് കാലാവധിയാണ് ബാങ്കുകൾ നൽകുക. വലിയ കാലാവധി തിരഞ്ഞെടുക്കുന്നത് മാസ അടവ് അഥവാ ഇ എം ഐ കുറയ്ക്കുമെങ്കിലും ആകെ അടച്ചുതീർക്കേണ്ടി വരുന്ന പലിശ നിരക്ക് വലിയ തോതിൽ വർദ്ധിപ്പിക്കും. അതിനാൽ മാസത്തെ വരുമാനവും ആകെ ചെലവും കണക്കാക്കി അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കണം.
ഉയർന്ന ഡൗൺ പേയ്മെന്റ്
കൂടാതെ വാഹനത്തിന്റെ വിലയുടെ ഒരു നിശ്ചിത ശതമാനം (സാധാരണയായി 70 മുതൽ 90 ശതമാനം വരെ) മാത്രമാണ് ബാങ്കുകൾ വായ്പയായി നൽകുക. ബാക്കി തുക ഡൗൺ പേയ്‌മെന്റായി ഉപഭോക്താവ് നൽകണം. ഉയർന്ന തുക ഡൗൺ പേയ്‌മെന്റായി നൽകാൻ സാധിച്ചാൽ വായ്പ തുകയും പലിശ ഭാരവും ഗണ്യമായി കുറയ്ക്കാൻ കഴിയും.
പ്രോസസിഫ് ഫീസ്
ലോൺ പ്രൊസസിങ് ഫീസും മറ്റ് ഒളിഞ്ഞിരിക്കുന്ന നിരക്കുകളും പരിശോധിക്കാൻ മറക്കരുത്. വായ്പ തുകയുടെ 1 മുതൽ 3 ശതമാനം വരെ പ്രൊസസിങ് ഫീസായി ബാങ്കുകൾ ഈടാക്കാറുണ്ട്. വായ്പ കാലാവധി തീരുന്നതിന് മുൻപ് തുക അടച്ചു തീർക്കുകയാണെങ്കിൽ ഈടാക്കുന്ന ഫോർക്ലോഷർ നിരക്കുകളും മുൻകൂട്ടി ചോദിച്ചറിയണം.
വാഹനത്തിന്റെ പഴക്കം
അതുപോലെ തന്നെ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിന്റെ പഴക്കവും അവസ്ഥയും പ്രധാനമാണ്. എട്ട് മുതൽ പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് വായ്പ ലഭിക്കാൻ ബുദ്ധിമുട്ടാണ്. ആകെ ഇ എം ഐ ബാധ്യതകൾ നിങ്ങളുടെ മാസ വരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടരുതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നിർദേശിക്കുന്നത്.
ഓഫറുകൾ പ്രയോജനപ്പെടുത്തുക
വരുമാനം, ജോലി തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന രേഖ, വരുമാന സർട്ടിഫിക്കറ്റ്, വാഹനത്തിന്റെ രേഖകൾ എന്നിവ മുൻകൂട്ടി തയ്യാറാക്കി വെക്കുകയും വേണം. ബാങ്കുകൾ നൽകുന്ന പ്രത്യേക ഉത്സവകാല ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രയോജനപ്പെടുത്തുന്നത് വഴി വലിയ തുക ലാഭിക്കാം. വാഹനത്തിന്റെ ആകെ മൂല്യത്തിൽ എത്ര ശതമാനം ലോൺ ലഭിക്കുമെന്ന് നിശ്ചയിക്കുന്ന എൽ ടി വി നിരക്കും പരിശോധിക്കണം.
എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പൊതുമേഖലാ ബാങ്കുകളിൽ ലോൺ നടപടികൾക്ക് അല്പം സമയമെടുക്കുമെങ്കിലും കുറഞ്ഞ പലിശ നിരക്കുകൾ ഇവിടെ ലഭ്യമാകും. കൃത്യമായ ആസൂത്രണത്തോടെ സമീപിച്ചാൽ വലിയ സാമ്പത്തിക പ്രതിസന്ധികളില്ലാതെ തന്നെ നിങ്ങളുടെ സ്വപ്ന വാഹനം സ്വന്തമാക്കാൻ സാധിക്കും.
Content Highlights:
Buying a used car with a loan requires careful evaluation of interest rates, processing fees, and loan tenures, which are typically higher and shorter than new car loans. Applicants must maintain a strong CIBIL score and limit total EMIs to 40% of their monthly income to ensure long-term financial stability. Additionally, verifying the vehicle’s age and comparing offers from public sector banks like SBI can lead to more affordable financing options.







