National
നീറ്റ് ചോദ്യപ്പേപ്പർ ചോർന്ന വഴി ഇങ്ങനെ; വിദഗ്ദ്ധരും പ്രൊഫസർമാരും ഉൾപ്പെട്ട വൻ മാഫിയാ ശൃംഖലയെ പുറത്തുകൊണ്ടുവന്ന് സി ബി ഐ
മനീഷ മന്ഥാരെയും ഇതേ സൊസൈറ്റിയിലെ അയൽവാസിയായ മനീഷ വാഗ്‌മറെയും തമ്മിലുള്ള സൗഹൃദമാണ് ചോദ്യപ്പേപ്പർ പുറത്തെത്തിക്കാൻ പ്രധാന കാരണമായത്.
മുംബൈ | രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 ലെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പിന്റെ ഉള്ളറകളിൽ പ്രവർത്തിച്ച വിദഗ്ദ്ധരും അധ്യാപകരും ഉൾപ്പെട്ട വൻ മാഫിയാ ശൃംഖലയുടെ വിവരങ്ങൾ പുറത്തുവിട്ട് സി ബി ഐ. പരീക്ഷാ ബോർഡിലെ ഇൻസൈഡർമാർ, ഇടനിലക്കാർ, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ എന്നിവരിലേക്ക് ഘട്ടം ഘട്ടമായി ചോദ്യപ്പേപ്പർ എത്തിയ വലിയൊരു ശൃംഖലയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി ബി ഐ വ്യക്തമാക്കുന്നു. മെയ് 3 ന് നടന്ന പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ ചോദ്യപ്പേപ്പറും ഉത്തരസൂചികയും ചോർത്തിയെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിലും അതിന്റെ മോഡറേഷൻ പ്രക്രിയയിലും പങ്കാളികളായ പ്രമുഖരാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. പൂനെയിലെ പ്രശസ്ത ബോട്ടണി പ്രൊഫസറായ മനീഷ മന്ഥാരെ പരീക്ഷാ നടത്തിപ്പിൽ സബ്ജക്ട് എക്സ്പെർട്ട് ആയി പ്രവർത്തിച്ചിരുന്നതായും ഇവർക്ക് ബോട്ടണി, സുവോളജി ചോദ്യങ്ങൾ രഹസ്യമായി കാണാൻ സാധിച്ചിരുന്നതായും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പർ നിർണ്ണയത്തിൽ പങ്കാളിയായ റിട്ടയേർഡ് കെമിസ്ട്രി പ്രൊഫസർ പി വി കുൽക്കർണിക്കും ഈ ചോർച്ചയിൽ വ്യക്തമായ പങ്കുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള ഈ പ്രധാന പ്രതികൾ തമ്മിലുള്ള ഗൂഢാലോചന കോടതിയിൽ സി ബി ഐ സ്ഥിരീകരിച്ചു കഴിഞ്ഞു.
മനീഷ മന്ഥാരെയും ഇതേ സൊസൈറ്റിയിലെ അയൽവാസിയായ മനീഷ വാഗ്‌മറെയും തമ്മിലുള്ള സൗഹൃദമാണ് ചോദ്യപ്പേപ്പർ പുറത്തെത്തിക്കാൻ പ്രധാന കാരണമായത്. പ്രൊഫസർ പി വി കുൽക്കർണി നൽകിയ കെമിസ്ട്രി ചോദ്യങ്ങൾ മനീഷ വാഗ്‌മറെ വഴിയാണ് മറ്റുള്ളവരിലേക്ക് എത്തിച്ചത്. വാഗ്‌മറെയുടെ സഹായത്തോടെ സംഘടിപ്പിച്ച പ്രത്യേക വിദ്യാർത്ഥികൾക്കായി മനീഷ മന്ഥാരെ തന്റെ പൂനെയിലെ വീട്ടിൽ വെച്ച് ഏപ്രിൽ മാസത്തിൽ പ്രത്യേക കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നു. ഈ ക്ലാസുകളിൽ ചോദ്യപ്പേപ്പർ അച്ചടിച്ച് നൽകുന്നതിന് പകരം, ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുകയോ അവരുടെ നോട്ട്ബുക്കുകളിൽ അടയാളപ്പെടുത്തി നൽകുകയോ ചെയ്യുന്ന അതീവ രഹസ്യമായ രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. ചോദ്യങ്ങൾ വിതരണം ചെയ്യാൻ ഗൂഢാലോചന നടത്തിയതായി പബ്ലിക് പ്രോസിക്യൂട്ടർ നീതു സിംഗ് കോടതിയെ അറിയിച്ചു.

മനീഷ മന്ഥാരെ
ഈ ശൃംഖലയിലെ മറ്റൊരു പ്രധാന കണ്ണിയായ ആയുർവേദ ഡോക്ടർ ധനഞ്ജയ് ലോഖണ്ഡെയ്ക്ക് മനീഷ വാഗ്‌മറെ വഴിയാണ് ചോദ്യങ്ങൾ ലഭിച്ചത്. പൂനെയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികളിലേക്ക് ചോദ്യങ്ങൾ എത്തിക്കാനുള്ള ഇടനിലക്കാരനായി ലോഖണ്ഡെ പ്രവർത്തിച്ചതായാണ് സൂചന. തുടർന്ന് മറ്റൊരു പ്രതിയായ ശുഭം ഖൈർനാർ വഴി ഈ ചോദ്യങ്ങൾ മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികളിലേക്ക് വ്യാപിക്കുകയായിരുന്നു. ശുഭം ഖൈർനാർ വഴി യഷ് യാദവ് എന്ന പ്രതിയുടെ കൈകളിൽ ചോദ്യങ്ങൾ എത്തുകയും, ഇയാൾ പരീക്ഷയ്ക്ക് നാല് ദിവസം മുൻപ് അതായത് ഏപ്രിൽ 29 ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ചോദ്യങ്ങൾ പി ഡി എഫ് രൂപത്തിലാക്കി ടെലിഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തു.
രാജസ്ഥാനിലെ പ്രശസ്തമായ കോച്ചിങ് ഹബ്ബായ സികാറിലെ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഈ മാഫിയ ഉത്തരേന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. രാജസ്ഥാൻ സ്വദേശിയായ മംഗിലാൽ ബിവാല തന്റെ മകന് വേണ്ടി 10 മുതൽ 12 ലക്ഷം രൂപ വരെ നൽകി ശുഭം ഖൈർനാർ വഴി യഷ് യാദവിൽ നിന്നും ചോദ്യപ്പേപ്പർ കൈപ്പറ്റി. മംഗിലാൽ ബിവാല ഈ ചോദ്യങ്ങളുടെ പ്രിന്റൗട്ടുകൾ എടുത്ത് സ്വന്തം മകനായ അമൻ ബിവാലയ്ക്കും മറ്റ് ബന്ധുക്കൾക്കും വിതരണം ചെയ്തതായും കണ്ടെത്തലുണ്ട്. എന്നാൽ ലക്ഷങ്ങൾ കൊടുത്ത് ചോദ്യപ്പേപ്പർ വാങ്ങിയിട്ടും മംഗിലാലിന്റെ മകന് 720 ൽ വെറും 107 മാർക്ക് മാത്രമാണ് നേടാനായത് എന്നത് ശ്രദ്ധേയമാണ്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥനായ വരുൺ ഭരദ്വാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 12 നാണ് സി ബി ഐ കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യപ്പേപ്പർ ചോർച്ച സ്ഥിരീകരിച്ചതിനെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷകൾ വരും മാസം ജൂൺ 21 ന് വീണ്ടും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ മനീഷ മന്ഥാരെയെ 14 ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനയും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിക്കുന്നതിലൂടെ ഈ വലിയ ഗൂഢാലോചനയുടെ പൂർണ്ണമായ വ്യാപ്തി വരും ദിവസങ്ങളിൽ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
Content Highlights:
The CBI investigation into the NEET UG 2026 paper leak has exposed a highly organized network involving subject experts, question setters, and pan-India intermediaries. Key accused, including Pune-based professors Manisha Mandhare and PV Kulkarni, allegedly leaked question pools and dictated answers to selected students before circulating them on Telegram. Following the exposure of this massive exam syndicate, the NTA cancelled the examination and scheduled a nationwide re-exam for June 21.







