Connect with us

Aksharam Education

തലച്ചോറിന്റെ ഭാഗങ്ങള്‍

തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം. അതായത് മസ്തിഷ്കത്തിന്റെ ആകെ വ്യാപ്തിയുടെ 85 ശതമാനവും സെറിബ്രം ആണ്

Published

|

Last Updated

ലച്ചോർ നമ്മുടെ ശരീരത്തിന്റെ നിയന്ത്രണ കേന്ദ്രമാണെന്ന് പറഞ്ഞുവല്ലോ. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ചലനങ്ങളെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയുമെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിന് വിവിധ ഭാഗങ്ങളുണ്ട്. ഓരോ ഭാഗവും പ്രത്യേക പ്രവർത്തനങ്ങളാണ് നിർവഹിക്കുന്നത്. മസ്തിഷ്‌കത്തെ സംരക്ഷിക്കുന്ന അസ്ഥി നിർമിതമായ ആവരണം കപാലം (ക്രേനിയം) എന്നാണ് അറിയപ്പെടുന്നത്. കപാലത്തിന് എട്ട് അസ്ഥികളാണുള്ളത്. മസ്തിഷ്‌കത്തെ ആവരണം ചെയ്തിരിക്കുന്ന സ്തരത്തെ മെനിഞ്ചസ് എന്ന് വിളിക്കുന്നു. മെനിഞ്ചസിന് ഉണ്ടാകുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. മെനിഞ്ചസിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം സെറിബ്രോ സ്‌പൈനൽ ദ്രവം എന്നാണ് അറിയപ്പെടുന്നത്.

മസ്തിഷ്‌ക കലകൾക്ക് വേണ്ട ഓക്‌സിജൻ പ്രദാനം ചെയ്യുക, കപാലത്തിനകത്തെ മർദം നിയന്ത്രിക്കുക, മസ്തിഷ്‌കത്തെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നിവയാണ് സെറിബ്രോ സ്‌പൈനൽ ദ്രവത്തിന്റെ ധർമങ്ങൾ. തലച്ചോറിന്റെ ഓരോ ഭാഗവും പ്രത്യേക പ്രവർത്തനങ്ങളാണ് നിർവഹിക്കുന്നത്.

സെറിബ്രം (Cerebrum)

തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം. അതായത് മസ്തിഷകത്തിന്റെ ആകെ വ്യാപ്തിയുടെ 85 ശതമാനവും സെറിബ്രം ആണ്. മനുഷ്യമസ്തിഷ്‌കത്തിൽ, കേന്ദ്ര നാഡീവ്യവസ്ഥയുടെ ഏറ്റവും മുകളിലുള്ള ഭാഗമാണ് സെറിബ്രം. നമ്മുടെ ചിന്തകൾ, വികാരങ്ങൾ, ഭാഷ, ചലനങ്ങൾ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് സെറിബ്രം ആണ്. സെറിബ്രത്തിന്റെ ചാര നിറമുള്ള പുറംഭാഗത്തെ കോർട്ടക്ക്‌സ് എന്നും വെളുത്ത നിറമുള്ള ഉൾഭാഗത്തെ മെഡുല എന്നും വിളിക്കുന്നു. സെറിബ്രൽ കോർട്ടക്‌സിനെ നാലായി വിഭജിച്ചിട്ടുണ്ട്. ഫ്രോണ്ടൽ ലോബ്, പാരിയെറ്റൽ ലോബ്, ഓക്‌സിപ്പിറ്റൽ ലോബ്, ടെമ്പറൽ ലോബ് എന്നിവയാണത്.

സെറിബ്രത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കോർപസ് കലോസം എന്ന നാഡികളാണ് ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നത്. ഇടത് സെറിബ്രൽ അർധഗോളം, വലത് സെറിബ്രൽ അർധഗോളം എന്നിവയാണ് രണ്ട് ഭാഗങ്ങൾ. വലത് അർധഗോളം ശരീരത്തിന്റെ ഇടത് ഭാഗത്തിലെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുമ്പോൾ ഇടതു അർധഗോളം, ശരീരത്തിന്റെ വലത് ഭാഗത്തെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.

സെറിബെല്ലം

സെറിബെല്ലം തലച്ചോറിന്റെ പിൻഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുകയും സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു. ഇത് ചെവിയുമായി അടുത്ത ബന്ധം പുലർത്തുന്നു.

പേശികളുടെ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. വെർമിസ് (vermis) എന്ന കേന്ദ്രഭാഗവും രണ്ട് പാർശ്വാർധഗോളങ്ങളും (hemispheres) ചേർന്നതാണ് സെറിബെല്ലം.

ബ്രെയിൻ സ്റ്റെം (Brain Stem)

ബ്രെയിൻ സ്റ്റെം തലച്ചോറിനെ നട്ടെല്ലുമായി ബന്ധിപ്പിക്കുന്നു. ഇത് നമ്മുടെ ശ്വസനം, ഹൃദയത്തിന്റെ പ്രവർത്തനം, രക്തസമ്മർദം എന്നിവ നിയന്ത്രിക്കുന്നു. ബ്രെയിൻ സ്റ്റെം തലച്ചോറിന്റെ ഏറ്റവും താഴെയുള്ള ഭാഗമാണ്. ഇത് തലച്ചോറിനെ സുഷുമ്‌നാ നാഡിയുമായി ബന്ധിപ്പിക്കുന്നു.

ശ്വാസം, ഹൃദയമിടിപ്പ്, രക്തസമ്മർദം, കണ്ണിന്റെയും മുഖത്തിന്റെയും ചലനം, വിഴുങ്ങൽ, ഉറക്കം തുടങ്ങിയ പ്രധാന ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രമാണിത്. ഇതിനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: മെഡുല്ല ഒബ്ലോംഗറ്റ, പോൺസ്, മിഡ്ബ്രെയിൻ.

ഹൈപ്പോതലാമസ് (Hypothalamus)

ഹൈപ്പോതലാമസ് എന്നത് ശരീരത്തിന്റെ സ്മാർട്ട് കൺട്രോ ൾ സെന്ററാണ്. ഹൈപ്പോതലാമസ് ശരീരത്തിന്റെ താപനില, വിശപ്പ്, ദാഹം, മാനസികാവസ്ഥ, ഉറക്കം തുടങ്ങിയ പല പ്രധാന ശാരീരിക ധർമങ്ങളെയും ഹോർമോണുകളുടെ ഉത്പാദനത്തെയും നിയന്ത്രിക്കുന്നു.

നാഡീവ്യവസ്ഥയെയും അന്തഃസ്രാവി വ്യവസ്ഥയെയും ബന്ധിപ്പിക്കുന്ന നിയന്ത്രണ കേന്ദ്രം പോലെ ഹൈപ്പോതലാമസ് പ്രവർത്തിക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

പിറ്റ്യൂട്ടറി ഗ്രന്ഥി (Pituitary Gland)

ഒരു പയറുമണിയുടെയോ കടലയുടെയോ വലുപ്പമുള്ള ഗ്രന്ഥിയാണ് പിറ്റ്യൂട്ടറി ഗ്രന്ഥി. തലച്ചോറിന്റെ അടിഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നമ്മുടെ ശരീരത്തിലെ ഹോർമോണുകളെ നിയന്ത്രിക്കുകയാണ് പ്രധാന ധർമം.

Latest