Articles
ദാനധർമങ്ങൾ രഹസ്യമായിരിക്കട്ടെ
എം ടി ശിഹാബുദ്ദീൻ സഖാഫി
ഇസ്‌ലാം ദാനധർമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ അത് രഹസ്യമായി നിർവഹിക്കണമെന്നാണ് മതത്തിന്റെ ശാസന. ഖുർആൻ പറയുന്നു: “നിങ്ങൾ ദാനധർമങ്ങൾ വെളിപ്പെടുത്തുന്നുവെങ്കിൽ അത് നല്ലതുതന്നെ. എന്നാൽ അവ രഹസ്യമാക്കുകയും ദരിദ്രർക്ക് നൽകുകയുമാണെങ്കിൽ അതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം. നിങ്ങളുടെ ചില തിന്മകളെ അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (സൂറത്തുൽ ബഖറ: 271).
അന്ത്യനാളിൽ അർശിന്റെ തണൽ ലഭിക്കുന്ന ഏഴ് വിഭാഗത്തിൽ ഒരു വിഭാഗത്തെ നബി(സ) പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്: “തന്റെ വലതുകൈ നൽകുന്നത് ഇടതുകൈ അറിയാത്തവിധം രഹസ്യമായി ദാനം ചെയ്യുന്ന വ്യക്തി.’ (ബുഖാരി, മുസ്‌ലിം).
വലിയ പ്രതിഫലമുള്ള കർമമാണ് സ്വദഖ. എന്നാൽ അത് സ്വീകരിക്കുന്നയാളുടെ അഭിമാനത്തെ ബാധിക്കരുതെന്ന് ഇസ്‌ലാം താത്പര്യപ്പെടുന്നു. അതാണ് ഈ നിലപാടിന് പിന്നിലുള്ള പ്രധാന കാരണം. രഹസ്യമായ ദാനം അന്തസ്സ് കാക്കുന്നു. വാങ്ങുന്നവന് നൽകുന്നവന്റെ മുന്നിൽ തല കുനിക്കേണ്ടി വരുന്നില്ല.
വിശുദ്ധ റമസാൻ ആഗതമായപ്പോൾ നാടിന്റെ നാനാഭാഗത്തും വ്യത്യസ്ത രൂപത്തിലുള്ള സഹായ വിതരണങ്ങൾ നടക്കുന്നു. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമാണെന്നതിൽ സംശയമില്ല. എന്നാൽ വാങ്ങുന്ന വ്യക്തിയുടെ അന്തസ്സ് ചോദ്യംചെയ്യുന്ന സാഹചര്യങ്ങൾ ഇല്ലാതാകണം. സംഘടനകൾ നൽകുമ്പോൾ ഗുണഭോക്താക്കൾക്ക് ലഭിച്ചെന്ന് ഉറപ്പാക്കാൻ ചിലപ്പോൾ ചിത്രീകരണവും വാർത്ത നൽകലും ആവശ്യമായി വരും. ചിലപ്പോൾ മറ്റുള്ളവർക്ക് അത് പ്രചോദനമാകുകയും ചെയ്യും. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഇതെല്ലാമാകാമെങ്കിലും സഹായം സ്വീകരിക്കുന്ന വ്യക്തിയെ പരസ്യപ്പെടുത്താത്ത രൂപത്തിൽ ക്രമീകരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. വ്യക്തികൾ നൽകുമ്പോൾ ഇത്തരത്തിലുള്ള താത്പര്യങ്ങളും ഇല്ല. അതുകൊണ്ട് നിർബന്ധമായും പരമാവധി രഹസ്യസ്വഭാവം സ്വീകരിച്ച്, സ്വദഖയുടെ മൂല്യം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണമല്ലോ ആരാധനകളുടെ ലക്ഷ്യം. അല്ലാഹു മാത്രം അറിഞ്ഞാൽ മതിയെന്ന് ചിന്തിക്കുന്നവർക്ക് ചിത്രം എടുക്കേണ്ടതോ പ്രചരിപ്പിക്കേണ്ടതോ ആയ കാര്യങ്ങളില്ല. അതുവഴിയുള്ള പ്രശസ്തിയെ തേടി പോകേണ്ടതുമില്ല. അതിനാൽ ദാനധർമങ്ങൾ സജീവമാകട്ടെ. വാങ്ങുന്നവരുടെ അന്തസ്സ് സംരക്ഷിക്കുകയും ചെയ്യട്ടെ.


