Connect with us

Kerala

ഓണ്‍ലൈനില്‍ വലവിരിച്ച് അജ്ഞാത സംഘം വയോധികനില്‍ നിന്ന് 19.62 ലക്ഷം കവര്‍ന്നു

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം നല്‍കിയാണ് തട്ടിപ്പു നടത്തിയത്

Published

|

Last Updated

ആലപ്പുഴ | ഓണ്‍ലൈനില്‍ വലവിരിച്ച് അജ്ഞാത സംഘം വയോധികനില്‍ നിന്ന് 19.62 ലക്ഷം കവര്‍ന്നു. മാരാരിക്കുളം സ്വദേശിയായ 85കാരനാണ് തട്ടിപ്പിനിരയായത്. വയോധികന്റെ പരാതിയില്‍ കേസെടുത്ത ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം നല്‍കിയാണ് തട്ടിപ്പു നടത്തിയത്. ഡിസംബര്‍ 15ന് ഷെയര്‍ ട്രേഡിങുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ കണ്ട വീഡിയോയില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. വീഡിയോയിലെ ലിങ്കില്‍ വിവരങ്ങള്‍ നല്‍കിയതോടെ തട്ടിപ്പുകാര്‍ ഫോണിലും മെയിലിലും ബന്ധപ്പെട്ടു. ബി എക്സ് ബി മാര്‍ക്കറ്റ് എന്ന ഷെയര്‍ ട്രേഡിങ് ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ വ്യക്തി അയച്ചു നല്‍കിയ ലിങ്കില്‍നിന്ന് വ്യാജട്രേഡിങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള ദിവസങ്ങളില്‍ 17 തവണയായി 19,62,768 രൂപ നിക്ഷേപിച്ചു.

വ്യാജ ട്രേഡിങ് ആപ്പില്‍ നിക്ഷേപവും ലാഭവും കൃത്രിമമായി കാണിച്ചാണ് തട്ടിപ്പുകാര്‍ വയോധികന്റെ വിശ്വാസം നേടിയത്. പിന്നീട് നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നു. തട്ടിപ്പുകാരെ ബന്ധപ്പെട്ടപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. വയോധികന്റെ പണം എത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന് കൈമാറി.

 

---- facebook comment plugin here -----

Latest