Connect with us

Editors Pick

ഒൻപത് മാസത്തിനിടെ മുസ്‍ലിംകൾക്ക് എതിരെ 83 വിദ്വേഷ പ്രസംഗങ്ങൾ, 322 അതിക്രമങ്ങൾ; ഭയപ്പെടുത്തുന്ന കണക്കുകളുമായി എ പി സി ആർ റിപ്പോർട്ട്

16 സംസ്ഥാനങ്ങളിലായി 57 പ്രഭാഷകരാണ് ഈ പ്രസംഗങ്ങൾ നടത്തിയത്. ഇതിൽ 33 എണ്ണവും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നാല് മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത പദവികളിൽ ഇരിക്കുന്നവരാണ് നടത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിൽ മുസ്‍ലിംകൾക്കും ക്രൈസ്തവർക്കും എതിരായ വിദ്വേഷ പ്രസംഗങ്ങളും കുറ്റകൃത്യങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ പി സി ആർ) പുറത്തുവിട്ട ഹേറ്റ് സ്പീച്ച് ട്രാക്കർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. റിപ്പോർട്ട് പ്രകാരം ജനുവരി മുതൽ സെപ്റ്റംബർ വരെ ഒൻപത് മാസത്തിനിടെ ഇന്ത്യയിൽ 83 വിദ്വേഷ പ്രസംഗങ്ങളാണ് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ ഉണ്ടായത്.

16 സംസ്ഥാനങ്ങളിലായി 57 പ്രഭാഷകരാണ് ഈ പ്രസംഗങ്ങൾ നടത്തിയത്. ഇതിൽ 33 എണ്ണവും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നാല് മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത പദവികളിൽ ഇരിക്കുന്നവരാണ് നടത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹിയിലെ ഉത്തം നഗർ എന്ന ഒറ്റ പ്രദേശത്ത് മാത്രം അക്രമം ആഹ്വാനം ചെയ്യുന്ന 110 ക്ലിപ്പുകളാണ് റെക്കോർഡ് ചെയ്തത്. എന്നാൽ ഇതിൽ വെറും ആറു പ്രസംഗങ്ങൾക്ക് എതിരെ മാത്രമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത്. ഒരു പ്രഭാഷകനും ഇതുവരെ അറസ്റ്റിലായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

83 പ്രസംഗങ്ങളിൽ 37ഉം, ഹിന്ദുക്കൾ ആയുധം കരുതണമെന്ന് ആഹ്വാനം ചെയ്യുന്നതാണ്. 19 പ്രസംഗങ്ങളിൽ മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാർ എന്നും ബംഗ്ലാദേശികൾ എന്നും ആക്ഷേപിക്കുന്നു. 16 പ്രസംഗങ്ങളിൽ പച്ചില പാമ്പുകൾ, പ്രാണികൾ, മാലിന്യം തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തിയാണ് അധിക്ഷേപം. 16 പ്രസംഗങ്ങളിൽ റോഡുകളിലും പള്ളികളിലും മുസ്‍ലിംകൾ പ്രാർഥന നടത്തുന്നതിനെ പരിഹരിക്കേണ്ട പ്രശ്നം എന്നാണ് വിശേഷിപ്പിക്കുന്നത്. പതിനെട്ട് പ്രസംഗങ്ങളിൽ മുസ്ലീങ്ങളെ ബഹിഷ്കരിക്കാനും, ഗാർബയിൽ നിന്ന് വിലക്കാനും, അയൽപക്കങ്ങളിൽ നിന്ന് മാറ്റി നിർത്താനും ആഹ്വാനം ചെയ്യുന്നു. 12 പ്രസംഗങ്ങളിൽ, എല്ലാ കുറ്റകൃത്യങ്ങളും ജിഹാദിന്റെ ഒരു രൂപമാക്കി മാറ്റിയെന്നാണ് അധിക്ഷേപം. ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, കോർപ്പറേറ്റ് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങൾ നടത്തിയാണ് ഇത് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

ഉത്തം നഗർ മേഖലയിലെ സംഭവങ്ങളാണ് എ പി സി ആറിന്റെ റിപ്പോർട്ടിൽ പ്രധാനമായി ഇടംപിടിച്ചത്. ഡൽഹിയിലെ ഈ പ്രദേശത്ത് മാർച്ച് മാസത്തിൽ ഉത്തരാഖണ്ഡ് ഹിന്ദു രക്ഷാ ദൾ സംസ്ഥാന പ്രസിഡന്റ് ലളിത് ശർമ്മ അടക്കമുള്ളവർ പ്രസംഗങ്ങൾ നടത്തിയിരുന്നു. മുസ്ലീങ്ങൾക്കെതിരെ കടുത്ത ഭീഷണികളാണ് ഈ ഘട്ടത്തിൽ ഉയർത്തപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുസ്ലീങ്ങളെ കൊലപ്പെടുത്താനോ വെടിവെക്കാനോ പൊലീസ് ഏറ്റുമുട്ടലിൽ വധിക്കാനോ ആവശ്യപ്പെടുന്ന നിരവധി വീഡിയോ ക്ലിപ്പുകൾ കണ്ടെത്തി. എന്നാൽ ഡൽഹി പൊലീസ് ഇതിനെതിരെ ഒരു എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്തില്ല.

ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ 322 ഹേറ്റ് ക്രൈം അഥവാ വിദ്വേഷ കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത്. ട്രാക്കറുകൾ പ്രകാരം ആകെ 405 സംഭവങ്ങളാണ് ഈ മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, പശ്ചിമ ബംഗാൾ നേതാവ് സുവേന്ദു അധികാരി തുടങ്ങിയ ഉന്നതർ നടത്തിയ പ്രസംഗങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിവിധ വേദികളിൽ പ്രസ്താവിച്ചിരുന്നു.

തെരഞ്ഞെടുപ്പുകളും ഉത്സവങ്ങളും നടക്കുമ്പോൾ വിദ്വേഷ പ്രസംഗങ്ങൾ വർദ്ധിക്കുന്ന പ്രവണതയാണുള്ളത്. ഹോളിയും റമസാനും ഒരേ സമയത്ത് വന്നതും ബക്രീദ് ആഘോഷങ്ങളും വിദ്വേഷ പ്രചാരണങ്ങൾക്ക് കാരണമായി. ഉത്തം നഗറിൽ ഒരു ചെറിയ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളായി. അഞ്ച് മാസത്തിനിടെ വിവിധ വ്യക്തികളും സംഘടനകളും നടത്തിയ പ്രസംഗങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Content Highlights

A report by APCR recorded 83 hate speeches against minorities by prominent leaders between January and September. Only six speeches led to FIRs with no arrests made. The data highlights rising communal tensions and inaction by authorities.

---- facebook comment plugin here -----

Latest