Connect with us

Eduline

ഐ ഐ ടി റൂർക്കി ഹൈദരാബാദ്; കരിയർ വളർത്താം എ ഐയിലൂടെ

ഐ ഐ ടി റൂർക്കിയുടെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഇ ഐ സി ടി) അക്കാദമിയാണ് വിന്റർ ട്രെയിനിംഗ് ആൻഡ് ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

Published

|

Last Updated

ഐ ഐ ടി റൂർക്കി

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി (ഐ ഐ) ബന്ധപ്പെട്ട വിവിധ മേഖലകളിൽ, ആറാഴ്ച നീണ്ടുനിൽക്കുന്ന വിന്റർ ട്രെയിനിംഗ് ആൻഡ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമിട്ട് ഐ ഐ ടി റൂർക്കി. എ ഐ നൈപുണ്യങ്ങൾ പഠിക്കാനും പ്രായോഗിക പരിചയം നേടാനും താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ eict.iitr.ac.in വഴി ഈ മാസം 30നകം അപേക്ഷിക്കാം. 8,000 രൂപയാണ് കോഴ്സ് ഫീസ്.

ഐ ഐ ടി റൂർക്കിയുടെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഇ ഐ സി ടി) അക്കാദമിയാണ് വിന്റർ ട്രെയിനിംഗ് ആൻഡ് ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഓൺലൈൻ രീതിയിൽ രണ്ട് ബാച്ചുകളായാണ് പരിശീലനം നടക്കുക. ആദ്യ ബാച്ച് ഡിസംബർ 14 നും രണ്ടാമത്തെ ബാച്ച് ജനുവരി നാലിനും ആരംഭിക്കും.

യോഗ്യത

ഏതെങ്കിലും കോളജിൽ നിന്ന് ബി സി എ, ബി എസ്‌സി, എം ടെക്, എം സി എ, എം ഇ, ബി ഇ, ബി ടെക് തുടങ്ങിയ ബിരുദ അല്ലെങ്കിൽ ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കോഡിംഗിൽ മുൻപരിചയമില്ലാത്തവരെയും പരിഗണിക്കും. അടിസ്ഥാന തലത്തിൽ നിന്നാണ് പ്രോഗ്രാം പരിശീലനം നൽകുന്നത്.

കോഴ്സുകൾ

  • ജനറേറ്റീവ് എ ഐ & പ്രോംപ്റ്റ് എൻജിനീയറിംഗ്
  • മെഷീൻ ലേണിംഗ് ആൻഡ് ഏജന്റ് എ ഐ
  • എ ഐ പവേർഡ് ഫുൾ സ്റ്റാക്ക് വെബ് ഡെവലപ്മെന്റ്
    ഡാറ്റാ സയൻസ് & പൈത്തൺ
  • ഇന്റർനെറ്റ് ഓഫ് തിംഗ് & എഡ്ജ് എ ഐ
  • പ്രോഗ്രാം പൂർത്തിയായിക്കഴിഞ്ഞാൽ വിദ്യാർഥികൾക്ക് ഐ ഐ ടി റൂർക്കിയിൽ നിന്നുള്ള ഇ ഐ സി ടി അക്കാദമിയിൽ നിന്ന് സർട്ടിഫിക്കേഷൻ ലഭിക്കും.

ഐ ഐ ടി ഹൈദരാബാദ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എങ്ങനെ നിർമിക്കാമെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും പഠിക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷനലുകൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) ഹൈദരാബാദ് പുതിയ പ്രോഗ്രാം ആരംഭിച്ചു. ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനീയറിംഗ് (എഫ് ഡി ഇ) വിഷയത്തിൽ മൂന്ന് മാസത്തെ ഓൺലൈൻ പ്രോ ഗ്രാമാണ് നടപ്പാക്കുന്നത്.

ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന ഓൺലൈൻ പ്രോഗ്രാമിൽ ഐ ഐ ടി ഹൈദരാബാദിലെ അധ്യാപകർ നയിക്കുന്ന 52 സെഷനുകൾ ഉൾപ്പെടും. താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ailaunchpad.cse.iith.ac.in വഴി രജിസ്റ്റർ ചെയ്യാം.

എ ഐ പ്രൊജക്ടുകളെ ടെസ്റ്റിംഗ് ഘട്ടത്തിനപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനും ദൈനംദിന ബിസിനസ്സ്, സംഘടനാ പ്രവർത്തനങ്ങളിൽ അവ പ്രയോജനപ്രദമാക്കുന്നതിനുമാണ് കോഴ്‌സ് ഊന്നൽ നൽകുന്നത്. പ്രശ്‌നങ്ങൾ തിരിച്ചറിയുക, എ ഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുക, അവ നിലവിലുള്ള സോഫ്റ്റ്‌വെറുകളുമായി ബന്ധിപ്പിക്കുക, പ്രായോഗിക തലത്തിൽ നടപ്പാക്കുക എന്നിവ കോഴ്‌സിലൂടെ പഠിക്കാനാകും.

എന്തൊക്കെ പഠിക്കാം?

ഏജന്റിക് എ ഐ (Agentic AI) സംവിധാനങ്ങൾ, വർക്ക്ഫ്ലോ ഓട്ടോമേഷൻ, എ ഐ ടൂളുകളുടെ വികസനം എന്നിവ കോഴ്‌സിൽ ഉൾപ്പെടുന്നു. കൂടാതെ, എ ഐ മോഡലുകളെ കമ്പനി ഡാറ്റ, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, ബിസിനസ്സ് പ്രക്രിയകൾ, ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (എ പി ഐ എസ്) എന്നിവയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നും കോഴ്സ് പഠിപ്പിക്കുന്നു.

പ്രായോഗിക പരിശീലനങ്ങൾ, എ ഐ പ്രൊജക്റ്റ് വികസനം, ഐ ഐ ടി ഹൈദരാബാദ് അധ്യാപകർ നയിക്കുന്ന ഗവേഷണ സെഷനുകൾ, വ്യവസായ രംഗത്തെ വിദഗ്ധരുമായുള്ള വെബിനാറുകൾ എന്നിവ പ്രോഗ്രാമിന്റെ ഭാഗമാണ്. ഐ ഐ ടി ഹൈദരാബാദിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള പ്രവീൺ തമ്മാന, ആശിഷ് മിശ്ര, അനുപം സംഘി, അഭിജിത് ദാസ് എന്നിവരാണ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്.
അധ്യാപകർ, വ്യവസായ വിദഗ്ധർ, പ്രായോഗിക എൻജിനീയറിംഗ് പ്രൊജക്ടുകളിൽ പ്രവർത്തിക്കുന്ന മറ്റ് പഠിതാക്കൾ എന്നിവരുമായി ആശയവിനിമയം നടത്താനുള്ള അവസരവും പങ്കെടുക്കുന്നവർക്ക് ലഭിക്കും.

പ്രോഗ്രാം പൂർത്തിയാക്കുകയും നിബന്ധനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ഐ ഐ ടി ഹൈദരാബാദിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.

Content Highlights: IIT Roorkee and IIT Hyderabad have launched online AI training and internship programs for students and working professionals. IIT Roorkee offers a 6-week winter program covering generative AI, machine learning, and data science. IIT Hyderabad provides a 3-month diploma course in engineering.

---- facebook comment plugin here -----

Latest