Kerala
ട്രെയിനില്‍ നിന്ന് വയോധികയുടെ 50 പവന് സ്വര്‍ണം കവര്‍ന്നു; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ പിടിയില്‍
600ലധികം സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പാലക്കാട്|ട്രെയിനില്‍വച്ച് വയോധികയുടെ 50 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ പിടിയില്‍. ദിണ്ടിഗല്‍ സ്വദേശി ബാലമുരുകനാണ് പിടിയിലായത്. ഇന്‍സ്റ്റ റീലില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. 600ലധികം സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ഈ മാസം രണ്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം. ചൈന്നെയില്‍ നിന്ന് ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് വയോധികയുടെ 50 പവന് സ്വര്‍ണം കവര്‍ന്നത്. ചെന്നൈയിലുള്ള മകന്റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. വിവാഹ ആവശ്യത്തിനായി സൂക്ഷിച്ച 50 പവന് സ്വര്‍ണമാണ് മോഷണം പോയത്. തൃശൂരെത്തിയപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന് വയോധികയ്ക്ക് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകന് പിടിയിലായത്.
ബാലമുരുകന്റെ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നിന്നുതന്നെയാണ് പോലീസിന് മോഷണത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കോയമ്പത്തൂരില്‍ സ്വര്‍ണം വില്‍ക്കാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. സേലത്തുനിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. പാലക്കാടെത്തിയപ്പോള്‍ സ്വര്‍ണം മോഷ്ടിച്ചു. തുടര്‍ന്ന് പാലക്കാട് സ്റ്റേഷനിലിറങ്ങി പ്രതി തമിഴ്നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ബാലമുരുകനിലേക്ക് പോലീസ് എത്തിയത്. ഇയാളുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴിയാണ് പോലീസ് സ്ഥലം മനസിലാക്കിയത്. പോലീസും ആര്‍പിഎഫും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: An Instagram influencer named Balamurugan was arrested for stealing 50 sovereigns of gold from an elderly passenger aboard a train. The theft occurred during a journey from Chennai to Chengannur. Police and RPF tracked down the suspect using CCTV footage and location clues from his Instagram reels.





