Connect with us

Saudi Arabia

പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ അൽ-ഖോബാർ ; 47,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കായിക സമുച്ചയം ഒരുങ്ങിക്കഴിഞ്ഞു

അൽ-ഖോബാർ നഗരത്തിന്റെ തീരങ്ങളിൽ രൂപപ്പെടുന്ന പ്രകൃതിദത്തമായ കടൽച്ചുഴികളുടെ ചലനാത്മകതയെയും ഭംഗിയെയും ആസ്പദമാക്കിയാണ് സ്റ്റേഡിയത്തിന്റെ ബാഹ്യഘടന

Published

|

Last Updated

ദമാം|ലോകത്തിലെ ഏറ്റവും മനോഹരമായ സ്റ്റേഡിയങ്ങളിൽ ഒന്നായി മാറാൻ പോകുന്ന സഊദി അറേബ്യയുടെ ഐതിഹാസികമായ അരാംകോ സ്റ്റേഡിയം ഔദ്യോഗിക ഉദ്ഘാടനത്തിനൊരുങ്ങുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ-ഖോബാർ നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 47,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പുതിയ കായിക വിസ്മയം.

അൽ-ഖോബാർ നഗരത്തിന്റെ തീരങ്ങളിൽ രൂപപ്പെടുന്ന പ്രകൃതിദത്തമായ കടൽച്ചുഴികളുടെ ചലനാത്മകതയെയും ഭംഗിയെയും ആസ്പദമാക്കിയാണ് സ്റ്റേഡിയത്തിന്റെ ബാഹ്യഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടൽച്ചുഴിയുടെ തിരിഞ്ഞുകയറുന്ന ആകൃതി സ്റ്റേഡിയത്തിന് നൽകാനായി, ഒന്നിനുമേൽ ഒന്നായി അടുക്കിവെച്ച കപ്പൽ പായകളുടെ രൂപത്തിലുള്ള പാനലുകളാണ് ഇതിന്റെ പുറംഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. ഈ സവിശേഷമായ ഡിസൈൻ സ്റ്റേഡിയത്തിന് മനോഹാരിത നൽകുന്നതിനൊപ്പം, അകത്തേക്ക് ആവശ്യത്തിന് വായുസഞ്ചാരവും പ്രകൃതിദത്തമായ വെളിച്ചവും സുഗമമായി കടന്നുപോകാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രാദേശിക പാരമ്പര്യത്തിന്റെ ഘടകങ്ങളെ ആധുനിക എഞ്ചിനീയറിംഗുമായും സമകാലിക വാസ്തുവിദ്യാ ശൈലിയുമായും സമന്വയിപ്പിച്ചാണ് ഇതിന്റെ മനോഹരമായ ബാഹ്യരൂപം ഒരുക്കിയിരിക്കുന്നത്. ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയം ഉൾപ്പെടെയുള്ള ലോകപ്രശസ്ത കായികവേദികൾ രൂപകൽപ്പന ചെയ്ത ആഗോള വാസ്തുവിദ്യാ കമ്പനിയായ ‘പോപ്പുലസ്’ ആണ് ഈ മനോഹരമായ ഡിസൈനിന് പിന്നിൽ. അതേസമയം, ഇതിന്റെ ഉൾവശത്തെ ഇൻ്റീരിയറുകളും ആധുനിക ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും ‘ജമ്പ് സ്റ്റുഡിയോസാണ് ‘  ഡിസൈൻ ചെയ്തത്

രാത്രി കാലങ്ങളിൽ അതിശയകരമായ പ്രകാശവിന്യാസം ഒരുക്കാൻ തക്കവിധമാണ് ഇതിന്റെ നിർമ്മാണം. പുറംഭാഗത്തെ പാനലുകളിൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ഡിജിറ്റൽ ലൈറ്റിംഗ് സംവിധാനം വഴി, രാത്രികാലങ്ങളിൽ സ്റ്റേഡിയത്തിന് ചുറ്റും കടൽത്തിരമാലകളും കടൽച്ചുഴികളും കതിരിടുന്നത് പോലുള്ള നയനാന്ദകരമായ ദൃശ്യവിരുന്ന് ഇത് സാധ്യമാക്കും.

2024 ജൂലൈ 31-നാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പ്രശസ്ത അന്താരാഷ്ട്ര നിർമ്മാണ കമ്പനികളായ ബേസിക്സ് , സഊദിയിലെ അൽബവാനി  എന്നിവർ ചേർന്നാണ് ഈ വമ്പൻ പ്രൊജക്റ്റ് യാഥാർത്ഥ്യമാക്കുന്നത്. വെറും 29 മാസങ്ങൾ കൊണ്ട് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നു എന്നത് വലിയൊരു നേട്ടമാണ്,സഊദിയുടെ പ്രാദേശിക സാംസ്കാരിക തനിമ ചോർന്നുപോകാതെ തന്നെ, ലോകോത്തര എഞ്ചിനീയറിംഗ് മികവും അത്യാധുനിക സമകാലിക വാസ്തുവിദ്യാ ശൈലിയും ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്.

ഏകദേശം 800,000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് ഈ കായിക സമുച്ചയം വ്യാപിച്ചുകിടക്കുന്നത്,അന്താരാഷ്ട്ര ഫിഫ മാനദണ്ഡങ്ങൾ പാലിക്കുന്ന 105m x 68m വിസ്തീർണ്ണമുള്ള അത്യാധുനിക ഹൈബ്രിഡ് ഗ്രാസ് പിച്ചാണുള്ളത് , മത്സരങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്ന രീതിയിലുള്ള അത്യാധുനിക ഗാലറികൾ, ലോകോത്തര ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, വി.ഐ.പി (VIP) സ്യൂട്ടുകൾ, അത്യാധുനിക മീഡിയ റൂമുകൾ  എന്നിവ ഈ സ്റ്റേഡിയത്തിൽ ഉണ്ടായിരിക്കും.

പ്രധാന ഫുട്ബോൾ പിച്ചിന് പുറമെ വിനോദത്തിനും കമ്മ്യൂണിറ്റി ആവശ്യങ്ങൾക്കുമായി, അത്യാധുനിക പരിശീലന മൈതാനങ്ങൾ , വിപുലമായ ഫാൻ സോണുകൾ , വിശാലമായ പാർക്കിംഗ് സൗകര്യം, റണ്ണിങ്, അത്‌ലറ്റിക് ട്രാക്കുകൾ, പൊതുജനങ്ങൾക്കായുള്ള പച്ചപ്പ നിറഞ്ഞ പൂന്തോട്ടങ്ങൾ,ആധുനിക റീട്ടെയിൽ ഷോപ്പുകളും കഫേകളും,കായിക പ്രേമികൾക്കായി സ്റ്റേഡിയത്തിന് ചുറ്റും 5 കിലോമീറ്റർ നീളമുള്ള പ്രത്യേക നടത്ത, സൈക്ലിംഗ് ട്രാക്കുകളും ഒരുക്കിയിട്ടുണ്ട് , ഫുട്ബോളിന് പുറമെ, വിനോദ-സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ, കമ്മ്യൂണിറ്റി ആക്റ്റിവിറ്റികൾ എന്നിവ വർഷം മുഴുവനും സംഘടിപ്പിക്കാൻ തക്കവിധമാണ് ഇതിന്റെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായും ഊർജ്ജസംരക്ഷണത്തിന് മുൻഗണന നൽകിയുമാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ മികച്ച നിർമ്മാണ ശൈലി മുൻനിർത്തി അന്താരാഷ്ട്ര ഗ്രീൻ ബിൽഡ് കൗൺസിലിന്റെ അഭിമാനകരമായ ‘ലീഡ് ഗോൾഡ് ‘ സർട്ടിഫിക്കേഷനും അരാംകോ സ്റ്റേഡിയത്തിന് ലഭിച്ചിട്ടുണ്ട്.
2027-ലെ എ.എഫ്.സി ഏഷ്യൻ കപ്പ്, 2034-ലെ ഫിഫ ലോകകപ്പ് എന്നിവയ്ക്ക് വേദിയാകുന്നതോടെ ലോക ഫുട്ബോൾ ഭൂപടത്തിൽ സഊദിയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായി ഈ അരാംകോ സ്റ്റേഡിയം മാറും.

Content Highlights: Saudi Arabia is set to officially inaugurate the iconic Aramco Stadium in Al Khobar, built to accommodate 47,000 spectators. Designed by world-renowned architecture firm Populous, the venue features a swirl-like design inspired by natural whirlpools. The eco-friendly stadium will host major global events, including the 2027 AFC Asian Cup and the 2034 FIFA World Cup.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest