National
മഅ്ദിൻ ഖോജ് സഫർ ദേശീയ യാത്രയുടെ സമാപനവും ഹാർമണി കോൺക്ലേവും നാളെ ബെംഗളുരുവിൽ; കർണാടക മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിവിധ മതവിഭാഗങ്ങളിലെ ആത്മീയ നേതാക്കൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ സംബന്ധിക്കും.
ബെംഗളുരു|മഅ്ദിൻ അക്കാദമിയുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദേശീയ പര്യടനം ഖോജ് സഫറിന്റെ സമാപനം നാളെ ബെംഗളുരുവിൽ നടക്കും. ഇതോടനുബന്ധിച്ച് ഇന്റർനാഷണൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനീഷ്യേറ്റീവുമായി സഹകരിച്ച് നടത്തുന്ന ഹാർമണി കോൺക്ലേവ് മുഖ്യമന്ത്രി ഡി. കെ ശിവകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ മതവിഭാഗങ്ങളിലെ ആത്മീയ നേതാക്കൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ സംബന്ധിക്കും.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠാധിപതി ജഗദ്ഗുരു ശ്രീ ശ്രീ ശ്രീ ഡോ. നിർമലാനന്ദനാഥ മഹാസ്വാമിജി, ബെംഗളുരു ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. പീറ്റർ മച്ചാഡോ, ബെംഗളുരു ശ്രീ ഗുരു സിങ് സഭ ഗുരുദ്വാര മുഖ്യ ഗ്രന്ഥി ഗ്യാനി സത്പാൽ സിങ് തുടങ്ങിയവർ സംബന്ധിക്കും.
കർണാടക ന്യൂനപക്ഷ കാര്യ മന്ത്രി യു.ടി. ഖാദർ, കർണാടക ഊർജ-ടൂറിസം മന്ത്രി കെ.ജെ. ജോർജ്, ഭവന നിർമാണ മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി റിസ്വാൻ അർഷദ്, പാർലമെന്റ് അംഗങ്ങളായ ഡോ. സയ്യിദ് നാസിർ ഹുസൈൻ, മൻസൂർ അലി ഖാൻ, ബെംഗളുരു വികസന അതോറിറ്റി ചെയർമാനും എം.എൽ.എയുമായ എൻ.എ. ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.
ഇന്ത്യയുടെ സാംസ്കാരികവും മതപരവുമായ വൈവിധ്യം അടുത്തറിയുന്നതിനും ദേശീയ ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച 37,730 കിലോമീറ്റർ ഖോജ് സഫർ ദേശീയ പൈതൃക യാത്രയുടെ സമാപനം കൂടിയാണ് കോൺക്ലേവ്. വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മതനേതാക്കളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സാമൂഹിക-സാംസ്കാരിക സംഘടനകളുമായും സംവദിച്ച യാത്രയുടെ പ്രധാന അനുഭവങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന ദൃശ്യാവിഷ്കാരവും പരിപാടിയിൽ അവതരിപ്പിക്കും.
അടുത്ത റമദാനിൽ മഅ്ദിൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഖുർആൻ പാരായണ മത്സരത്തിന്റെ സന്ദേശമെത്തിക്കുകയും ചെയ്തു. ഇതിനകം ആയിരത്തി അഞ്ഞൂറിലധികം സ്ഥാപനങ്ങൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംരംഭകത്വം, സാമൂഹിക പ്രതിബദ്ധത, സമൂഹക്ഷേമ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ആപ്കോ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി. അബ്ദുൽ കരീം ഹാജിക്ക് ഹാർമണി അവാർഡ് സമ്മാനിക്കും. വ്യവസായ രംഗത്തെ ഉത്തരവാദിത്വപൂർണമായ നേതൃത്വം സാമൂഹിക സൗഹാർദത്തിനും പൊതുനന്മയ്ക്കും നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടുന്നതാണ് പുരസ്കാരം.
സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ 2013ൽ നിലവിൽ വന്ന ഇന്റർനാഷണൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനീഷ്യേറ്റീവ് ദേശീയ-അന്തർദേശീയ തലങ്ങളിൽ മതാന്തര സംവാദത്തിനും സാംസ്കാരിക സഹവർത്തിത്വത്തിനുമായി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ലോക മതസൗഹാർദ വാരാചരണങ്ങൾ, യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻസ് (UNAOC), ജി20 ഇന്റർഫെയ്ത്ത് കോൺഫറൻസ്, ദക്ഷിണേഷ്യൻ മതസൗഹാർദ പരിപാടികൾ, നെറ്റ്വർക്ക് ഫോർ റിലീജിയസ് ആൻഡ് ട്രഡീഷണൽ പീസ്മേക്കേഴ്സ്, അന്താരാഷ്ട്ര ഇബ്നു ബത്തൂത്ത കോൺഫറൻസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
1997ൽ മലപ്പുറത്ത് 118 വിദ്യാർഥികളുമായി പ്രവർത്തനമാരംഭിച്ച മഅ്ദിൻ അക്കാദമി ഇന്ന് 45 സ്ഥാപനങ്ങളിലായി 35,000ത്തിലധികം വിദ്യാർഥികൾക്ക് പ്രാഥമികതലം മുതൽ ബിരുദാനന്തര ബിരുദവും ഗവേഷണവും വരെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്ന പ്രമുഖ വിദ്യാഭ്യാസ-സാമൂഹിക പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്.
Content Highlights: The national tour Khoj Safar, organized as part of Ma’din Academy’s 30th anniversary celebrations, will conclude tomorrow in Bengaluru. Deputy Chief Minister DK Shivakumar will inaugurate the Harmony Conclave organized in collaboration with the International Interfaith Harmony Initiative. AP Abdul Kareem Haji will be presented with the Harmony Award at the event chaired by Sayyid Ibrahimul Khaleel Al Bukhari.



