Uae
ഐ എ എം ഇ ഗ്ലോബല്‍ ലോഞ്ചും വിദ്യാഭ്യാസ നേതൃസംഗമവും നവംബര്‍ 14ന് ഷാര്‍ജ എക്‌സ്‌പോയില്‍;ആഗോള വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുക്കും
സിറാജ് ദിനപത്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കുന്നത്.
ഷാര്‍ജ | 45ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഐ എ എം ഇ വിദ്യാഭ്യാസ നേതൃസംഗമവും എഡുഫൈ പബ്ലിക്കേഷന്‍സിന്റെ ഗ്ലോബല്‍ ലോഞ്ചും സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുക്കേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ശനിയാഴ്ച വൈകിട്ട് ആറ് മുതല്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ പുസ്തകമേളയുടെ പ്രധാന വേദിയായ ബാള്‍റൂമിലാണ് പരിപാടി നടക്കുന്നത്. സിറാജ് ദിനപത്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കുന്നത്.
‘അടുത്ത തലമുറകള്‍ക്കായുള്ള വിദ്യാഭ്യാസ ദര്‍ശനം പങ്കുവെക്കല്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന സംഗമത്തില്‍ ആഗോള വിദ്യാഭ്യാസ വിചക്ഷണര്‍, അറബ് പ്രമുഖര്‍, യു എ ഇയിലെ വിവിധ വിദ്യാലയങ്ങളിലെ മേധാവികള്‍, സാമൂഹ്യ, സാംസ്‌കാരിക, അക്കാദമിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആഗോള അക്കാദമിക രംഗത്തെ പുതിയ സാധ്യതകള്‍, വിദ്യാഭ്യാസ നേതൃത്വത്തിന്റെ ഭാവി, അടുത്ത തലമുറയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആവശ്യമായ കാഴ്ചപ്പാടുകള്‍, നൂതന വിദ്യാഭ്യാസ രീതികള്‍ എന്നിവ ചര്‍ച്ചയുടെ ഭാഗമാകും. വിദ്യാഭ്യാസ മേഖലയിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണത്തിനും പുതിയ വേദിയൊരുക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. ഷാര്‍ജ ഭരണാധികാരിയുടെ വിദ്യാഭ്യാസ ദര്‍ശനത്തില്‍ നിന്നുള്ള ഉള്‍ക്കാഴ്ച്ചകളുടെ പ്രകാശനമായും പരിപാടി മാറും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. സ്വാഗതസംഘം യോഗത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, അഫ്‌സല്‍ കൊളാരി, വാരിയത്ത് മുഹമ്മദലി, ഡോ. നാസര്‍ കുന്നുമ്മല്‍, മൂസ കിണാശ്ശേരി, ഇസ്മാഈല്‍ കക്കാട്, സലാം മാസ്റ്റര്‍ കാഞ്ഞിരോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Content Highlights: The IAME global launch and education leadership summit will be held on November 14 at the Sharjah Expo Center ballroom. Organised with Siraj Daily, the event brings together global education experts and Arab leaders. It aims to showcase future academic visions and innovative learning methods.





