Ongoing News
ബാറ്റിങ് അറ്റാക്ക്; സിംബാബ്‌വേക്കെതിരെ വമ്പന്‍ ജയം നേടി ഇന്ത്യ
72 റണ്‍സിനാണ് ഇന്ത്യ അനിവാര്യമായ വിജയം സ്വന്തമാക്കിയത്. ജയത്തോടെ സെമി പ്രതീക്ഷകള്‍ സജീവമാക്കി.
ചെന്നൈ | ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ സിംബാബ്‌വേക്കെതിരെ ഇന്ത്യക്ക് വന്‍ ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന അങ്കത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ അനിവാര്യമായ വിജയം സ്വന്തമാക്കിയത്. ഇതോടെ ടീം സെമി പ്രതീക്ഷകള്‍ സജീവമാക്കി. ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തിലേ കത്തിക്കയറിയ ഇന്ത്യ നിശ്ചിത 20 ഓവറും ബാറ്റ് ചെയ്ത് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 256 റണ്‍സെടുത്തു. മറുപടിയായി ആറ് വിക്കറ്റ് ബലികഴിച്ച് 184ല്‍ എത്താനേ സിംബാബ്‌വേക്ക് കഴിഞ്ഞുള്ളൂ.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ നിന്ന് വിഭിന്നമായി ബാറ്റിങില്‍ ഫോം വീണ്ടെടുക്കാനായി എന്നതാണ് ഇന്ത്യക്ക് പ്ലസ് പോയന്റായത്. ഓപ്പണിങില്‍ അഭിഷേക് ശര്‍മക്കൊപ്പം ഇറങ്ങിയ സഞ്ജു സാംസണ്‍ നല്ല തുടക്കം നല്‍കി. എന്നാല്‍, 15 പന്തില്‍ 24 റണ്‍സെടുക്കാനേ മലയാളി താരത്തിന് സാധിച്ചുള്ളൂ. ബ്ലെസിങ് മുസറബാനിയുടെ പന്തില്‍ റിയാന്‍ ബേളിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. എങ്കിലും അഭിഷേകിനൊപ്പം 48 റണ്‍സെടുത്ത് ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഉയര്‍ത്തിയാണ് സഞ്ജു ക്രീസ് വിട്ടത്. പിന്നീട് അഭിഷേകും ഇഷാന്‍ കിഷനും തകര്‍ത്തടിച്ചു. അഭിഷേക് 30 പന്തില്‍ 55ഉം ഇഷാന്‍ 24 പന്തില്‍ 38ഉം റണ്‍സ് അടിച്ചുകൂട്ടി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (13ല്‍ 33), ഹാര്‍ദിക് പാണ്ഡ്യ (23ല്‍ 50), തിലക് വര്‍മ (16ല്‍ 44) എന്നിവരും ഉജ്ജ്വല ബാറ്റിങ് കാഴ്ചവച്ചതോടെ ഇന്ത്യ മികച്ച ടോട്ടലിലെത്തി. റിച്ചാര്‍ഡ് ഗരാവ, ബ്ലെസിങ് മുസറബാനി, ടിനോടെന്‍ഡ മപോസ, നായകന്‍ സികന്ദര്‍ റാസ എന്നിവര്‍ സിംബാബ്‌വേക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിലേക്ക് യാതൊരു സമ്മര്‍ദവും കൂടാതെയാണ് സിംബാബ്‌വേ ബാറ്റേന്തിയത്. ഓപ്പണിങില്‍ തന്നെ ടീം അടിച്ചുതകര്‍ത്തു. വെറും 59 പന്തില്‍ 97ല്‍ എത്തിയ ബ്രിയന്‍ ബെന്നറ്റാണ് സിംബാബ്‌വേയുടെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചത്. 20 പന്തില്‍ 20 നേടി ടഡിവന്‍ശെ മരുമനിയും സികന്ദര്‍ റാസയും സ്‌കോറിങിന് വേഗം കൂട്ടിയെങ്കിലും മറ്റുള്ളവര്‍ പരാജയമായി. ഇതര ബാറ്റര്‍മാരില്‍ ടോണി മുന്‍യോംഗക്ക് മാത്രമാണ് രണ്ടക്കത്തിലെത്താന്‍ കഴിഞ്ഞത് (11).
മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങാണ് ഇന്ത്യന്‍ ബോളിങ് നിരയില്‍ തിളങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.



