Connect with us

Articles

വെറുപ്പിന്റെ വ്യാപാരികള്‍ക്ക് കേരളത്തെ വിട്ടുകൊടുക്കരുത്

നവമാധ്യമങ്ങളിലെ ട്രോളുകളിലും പരിഹാസങ്ങളിലും ഒതുങ്ങുന്ന പ്രതിരോധം കേരളത്തിന് പര്യാപ്തമല്ല. ഒരു സംസ്ഥാനത്തെയും അവിടുത്തെ ജനതയെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിയമ പോരാട്ടം തന്നെ നടത്തേണ്ടത് അനിവാര്യമാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണം.

Published

|

Last Updated

കലയും സിനിമയും സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കേണ്ട മാധ്യമങ്ങളാണെങ്കിലും, അടുത്തകാലത്തായി അവയെ വിദ്വേഷം ഉത്പാദിപ്പിക്കാനുള്ള ഒരു വലിയ വ്യവസായമായി മാറ്റുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുവരുന്നത്. ഈ വിദ്വേഷ വ്യവസായത്തിന്റെ ഏറ്റവും പുതിയ ഉത്പന്നമായാണ് ‘കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ എന്ന പ്രൊപ്പഗണ്ട സിനിമയെ വിലയിരുത്തേണ്ടത്. ഒരു സംസ്ഥാനത്തെയും അവിടുത്തെ ജനതയെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കപ്പെടുന്ന ഇത്തരം സൃഷ്ടികള്‍ യാദൃച്ഛികമല്ല, മറിച്ച് ഇന്ത്യയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയ അജന്‍ഡയുടെ വ്യക്തമായ തുടര്‍ച്ചയാണ്.

അടുത്ത കാല്‍ നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയെ ഒരു ഇസ്്‌ലാമിക രാഷ്ട്രമാക്കി മാറ്റുമെന്നും ശരീഅത്ത് നിയമം നടപ്പാക്കുമെന്നുമുള്ള അതിതീവ്ര വര്‍ഗീയ ആഖ്യാനങ്ങളാണ് ഈ ചിത്രം സമൂഹത്തിലേക്ക് ഇട്ടുകൊടുക്കാന്‍ ശ്രമിക്കുന്നത്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്നതാണ് ഇതിന്റെ പ്രധാന പ്രമേയം. എന്നാല്‍, കേരളത്തിന്റെ സാമൂഹിക യാഥാര്‍ഥ്യങ്ങളുമായോ ഇവിടുത്തെ മനുഷ്യരുടെ ജീവിതപരിസരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത പച്ചക്കള്ളങ്ങളാണ് ഈ സിനിമയിലൂടെ വീണ്ടും വിറ്റഴിക്കാന്‍ ശ്രമിക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്.

ഈ വിദ്വേഷ ആഖ്യാനങ്ങളുടെ പൊള്ളത്തരം ഏറ്റവും കൂടുതല്‍ വെളിപ്പെടുന്നത് സിനിമയിലെ ചില അസംബന്ധ രംഗങ്ങളിലൂടെയാണ്. ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്ന ഒരു പെണ്‍കുട്ടിയെ കെട്ടിയിട്ട് വായിലേക്ക് ബീഫ് കുത്തിക്കയറ്റുന്ന ദൃശ്യം ഇതിനൊരു ഉദാഹരണമാണ്. ബീഫ് എന്നത് കേരളീയരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണെന്നും, അത് ആവശ്യത്തിന് കിട്ടാന്‍ പോലുമില്ലാത്ത ഒരു സംസ്ഥാനത്ത് നിര്‍ബന്ധിച്ച് ആരെയും അത് കഴിപ്പിക്കേണ്ട കാര്യമില്ലെന്നുമുള്ള സാമാന്യ വിവരം പോലും ഈ അണിയറ പ്രവര്‍ത്തകര്‍ക്കില്ല. അതുകൊണ്ട് തന്നെ, പൊറോട്ട ഇല്ലാതെ ബീഫ് നല്‍കുന്നത് നീതികേടാണെന്ന് പറഞ്ഞുകൊണ്ടും ബീഫിന്റെ റെസിപ്പികള്‍ പങ്കുവെച്ചുകൊണ്ടുമാണ് കേരളീയര്‍ ഈ അസംബന്ധത്തെ തികഞ്ഞ പരിഹാസത്തോടെ തള്ളിക്കളഞ്ഞത്.

കേരളത്തില്‍ ഇത്തരം നുണക്കഥകള്‍ക്ക് യാതൊരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ഈ സിനിമയുടെ സൃഷ്ടാക്കള്‍ക്ക് നന്നായി അറിയാം. വാസ്തവത്തില്‍ കേരളമല്ല ഈ സിനിമയുടെ ലക്ഷ്യസ്ഥാനം. ബീഫിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രേക്ഷകരുടെ മനസ്സിലേക്ക് വര്‍ഗീയ വിഷം കുത്തിവെക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് ഉത്തര്‍പ്രദേശ് ആണെന്നിരിക്കെയാണ്, ബീഫ് കഴിക്കുന്നത് വലിയൊരു കുറ്റമായി ചിത്രീകരിച്ച് ഇത്തരം വര്‍ഗീയ ധ്രുവീകരണത്തിന് അവര്‍ ശ്രമിക്കുന്നത്.

ഈ വ്യാജ നിര്‍മിതികളുടെ മറ്റൊരു പ്രധാനപ്പെട്ട വശം, കഴിഞ്ഞ തവണ ഇതിനെ പിന്തുണച്ചവരുടെ ഇപ്പോഴത്തെ മൗനമാണ്. കേരള സ്റ്റോറിയുടെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ അതിനെ പിന്തുണക്കാനും കുട്ടികളെക്കൊണ്ട് സിനിമ കാണിക്കാനും കേരളത്തിലെ ചില സഭാ അധ്യക്ഷന്മാരും സംഘടനകളും തയ്യാറായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിലെ കടുത്ത അസംബന്ധങ്ങള്‍ കാരണം അവരോ കേരളത്തിലെ ബി ജെ പി നേതാക്കളോ പോലും ഇതിനെ ന്യായീകരിക്കാന്‍ ഇന്ന് മുന്നോട്ടുവരുന്നില്ല. ഉള്ളിക്കറിയാണെന്ന് നുണ പറഞ്ഞിട്ടാണെങ്കിലും ബീഫ് കഴിക്കുന്നവരും അതിന്റെ രുചി അറിയാവുന്നവരുമാണ് ഇവിടുത്തെ പല രാഷ്ട്രീയ നേതാക്കളും എന്നതിനാല്‍ തന്നെ ഇത്തരം പച്ചക്കള്ളങ്ങളെ ഏറ്റെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

ജനാധിപത്യ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടാക്കേണ്ടത് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ നല്‍കുന്ന പിന്തുണയാണ്. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്നതും ശത്രുത പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും (കജഇ 153അ, 295അ) കുറ്റകരമാണ്. എന്നിട്ടും ഈ സിനിമക്ക് യാതൊരു കട്ടുകളുമില്ലാതെ യു.എ 16+ (ഡ/അ 16+) സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ നടപടി തികഞ്ഞ ഇരട്ടത്താപ്പാണ്. ഒരു പീഡിതയായ കഥാപാത്രത്തിന് ‘ജാനകി’ എന്ന് പേരിട്ടതിന്റെ പേരില്‍ ഒരു ചിത്രത്തിനും, ബീഫ് ബിരിയാണി കഴിക്കുന്ന രംഗമുള്ളതിന്റെ പേരില്‍ മറ്റൊരു ചിത്രത്തിനും കത്രിക വെച്ച സെന്‍സര്‍ ബോര്‍ഡാണിത് എന്നത് ഈ വിവേചനം കൂടുതല്‍ വ്യക്തമാക്കുന്നു.

വിദ്വേഷം എന്നത് ഭരണകൂട പിന്തുണയോടെ ലാഭം കൊയ്യുന്ന ഒരു വ്യവസായമായി മാറിയിരിക്കുന്നു എന്നതാണ് ഏറെ വിരോധാഭാസം. ഇത്തരം സിനിമകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയും ദേശീയ അവാര്‍ഡുകള്‍ നല്‍കിയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. ആദ്യ ഭാഗത്തിന് ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചതിലൂടെ ലഭിച്ച പിന്തുണയാണ് ഇതിനേക്കാള്‍ വലിയ കള്ളങ്ങളുമായി രണ്ടാം ഭാഗം ഇറക്കാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്നത്. ഇത് കേവലം ആവിഷ്‌കാര സ്വാതന്ത്ര്യമല്ല, മറിച്ച് ഒരു പ്രത്യേക സമുദായത്തെ ബോധപൂര്‍വം വില്ലന്മാരായി ചിത്രീകരിക്കാനുള്ള ക്രിമിനല്‍ ശ്രമമാണ്.

ഈ അടിയന്തര സാഹചര്യത്തില്‍, വെറും നവമാധ്യമങ്ങളിലെ ട്രോളുകളിലും പരിഹാസങ്ങളിലും ഒതുങ്ങുന്ന പ്രതിരോധം കേരളത്തിന് പര്യാപ്തമല്ല. ഒരു സംസ്ഥാനത്തെയും അവിടുത്തെ ജനതയെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിയമ പോരാട്ടം തന്നെ നടത്തേണ്ടത് അനിവാര്യമാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണം. കോടതി വിധികള്‍ എന്തുതന്നെയായാലും, വെറുപ്പിന്റെ വ്യാപാരികള്‍ക്ക് കേരളത്തെ അപമാനിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന ശക്തമായ സന്ദേശം രാജ്യത്തിന് നല്‍കാന്‍ ഭരണകൂടത്തിന് സാധിക്കണം.