International
തിരിച്ചടിച്ച് ഇറാൻ; യു എസ് വിമാനവാഹിനിക്കപ്പൽ എബ്രഹാം ലിങ്കൺ ആക്രമിച്ചു; കടലും കരയും അധിനിവേശക്കാരുടെ ശവപ്പറമ്പാകുമെന്നും മുന്നറിയിപ്പ്
ഇറാന്റെ തിരിച്ചടിയിൽ ഇസ്റാഈലിൽ മരണം ഒമ്പതായി ഉയർന്നു
ടെഹ്റാൻ | അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി. ഓപ്പറേഷൻ ട്രൂ പ്രോമിസ് -4 എന്ന് പേരിട്ട ആക്രമണത്തിൽ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് കപ്പലിനെ തകർത്തതെന്നും അധിനിവേശക്കാരുടെ ശവപ്പറമ്പായി കടലും കരയും മാറുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ജനുവരി അവസാനം മുതൽ അറേബ്യൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള കപ്പലാണിത്. എന്നാൽ കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ അമേരിക്കൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കൻ, ഇസ്റാഈലി ലക്ഷ്യങ്ങളിൽ നേരത്തെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷമാണ് വിമാനവാഹിനിക്കപ്പൽ ആക്രമിച്ചതെന്ന് ഐ ആർ ജി സി പ്രസ്താവനയിൽ പറയുന്നു. ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയയും സൈനിക കമ്മ്യൂണിക്കേഷനുകളും ഈ അവകാശവാദം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിഷ്പക്ഷ സ്രോതസ്സുകളിൽ നിന്നുള്ള സ്വതന്ത്ര സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല.
അതേസമയം, ഇറാന്റെ തിരിച്ചടിയിൽ ഇസ്റാഈലിൽ മരണം ഒമ്പതായി ഉയർന്നു. ഇസ്റാഈലിലെ ബീത് ശമേഷ് (Beit Shemesh) നഗരത്തിൽ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പതിച്ചാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്. മഗൻ ഡേവിഡ് അദോം ആംബുലൻസ് സർവീസാണ് മരണം സ്ഥിരീകരിച്ചത്. വെസ്റ്റ് ജെറുസലേമിനും യാഫയ്ക്കും ഇടയിലുള്ള ഈ നഗരത്തിൽ പഴയ കെട്ടിടങ്ങൾക്ക് മുകളിലാണ് മിസൈൽ പതിച്ചത്.
ആക്രമണ സമയത്ത് നഗരത്തിൽ അപായ സൈറണുകൾ മുഴങ്ങാതിരുന്നത് ഇസ്റാഈലിൽ വലിയ ആശങ്കയ്ക്കും ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ മിസൈലുകളെ തടയാൻ ഇസ്റാഈലിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കാതെ പോകുന്നത് വലിയ സുരക്ഷാ ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്.
Summary
The Iranian Revolutionary Guard has claimed responsibility for a ballistic missile attack on the US aircraft carrier USS Abraham Lincoln in the Arabian Sea, citing it as retaliation for the killing of Supreme Leader Ayatollah Ali Khamenei. Simultaneously, an Iranian missile strike on the Israeli town of Beit Shemesh resulted in nine fatalities after impacting residential buildings. The failure of warning sirens in Beit Shemesh has sparked significant concern within Israel regarding the effectiveness of its missile defense systems as the regional conflict intensifies.




