Connect with us

Kerala

തിരുവല്ലത്ത് സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് മറിഞ്ഞല്ല; കാറിടിച്ച്, യുവാവ് അറസ്റ്റില്‍

ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. അത് ആഘോഷിക്കാനായി കോവളത്തേക്ക് പോകുകയായിരുന്നു നവീനും മൃദുലയും.

Published

|

Last Updated

തിരുവനന്തപുരം |  തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്നും കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്

അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി(25), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍(25) എന്നിവരാണ് മരിച്ചത്.കഴക്കൂട്ടത്തെ യുഎസ്ടി ഗ്ലോബല്‍ കമ്പനിയില്‍ ടെസ്റ്റിങ് വിഭാഗം ഉദ്യോഗസ്ഥനാണ് നവീന്‍. കിന്‍ഫ്രയിലെ ഇവൈ കമ്പനിയില്‍ അസോഷ്യേറ്റാണ് മൃദുല.

ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. അത് ആഘോഷിക്കാനായി കോവളത്തേക്ക് പോകുകയായിരുന്നു നവീനും മൃദുലയും. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പോലീസിന് തോന്നിയ സംശയമാണ് സംഭവത്തില്‍ നിര്‍ണായകമായത്.ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേയ്ക്ക് തെറിച്ചു വീണ് തലയിടിക്കുകയായിരുന്നു. കാറ്റ് പിടിച്ചു അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പോലീസ് വിലയിരുത്തി. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന് പിന്നില്‍ ഒരു കാര്‍ പോകുന്നത് കണ്ടെത്തി. ഈ കാറിന്റെ ഉടമ മലയിന്‍കീവ് സ്വദേശി വിഷ്ണുവാണെന്നും പോലീസ് മനസ്സിലാക്കി.

തുടര്‍ന്ന് രാത്രി തന്നെ വിഷ്ണുവിന്റെ വീട്ടില്‍ പോലീസ് എത്തി പരിശോധിച്ചപ്പോള്‍ കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും കണ്ടെത്തി. തുടര്‍ന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച കാര്യം സമ്മതിച്ചു. അപകടമുണ്ടായശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ നവീനും മൃദുലയും തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

 

---- facebook comment plugin here -----

Latest