Connect with us

Articles

ആ ദുരന്തം തുടങ്ങിയിരിക്കുന്നു

ഒരിക്കലും അംഗീകരിക്കാനാകാത്ത നിബന്ധനകള്‍ മുന്നോട്ട് വെച്ച് ചര്‍ച്ചകള്‍ പൊളിക്കാനും ഇറാനിലെ ഭരണ സംവിധാനം തകര്‍ക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും ട്രംപും നെതന്യാഹുവും തുനിഞ്ഞിറങ്ങിയത് ഇറാന്റെ ഡിപ്ലോമസി വിജയം കാണുന്നുവെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ്.

Published

|

Last Updated

ഇറാനെ ആക്രമിക്കുന്നത് അപകടകരമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയത് യു എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ എയര്‍ഫോഴ്‌സ് ജനറല്‍ ഡാന്‍ കെയ്‌നാണ്. യു എസിനെ നീണ്ട യുദ്ധത്തിലേക്ക് തള്ളിവിടുന്ന വിഡ്ഢിത്തമാകുമെന്ന് ഡാന്‍ കെയ്ന്‍ തുറന്ന് പറഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ. ആ “അപകടകരമായ’ ആക്രമണത്തിലേക്ക് ട്രംപ് എടുത്തു ചാടിയിരിക്കുന്നു. അങ്ങനെയൊരു ആക്രമണം നടന്നാല്‍ അത് പശ്ചിമേഷ്യയെ മാത്രമല്ല, ലോകത്തിനാകെ ദുരന്തമായിരിക്കുമെന്ന് നേര്‍ബുദ്ധിയുള്ള മുഴുവന്‍ മനുഷ്യരും ആശങ്ക പങ്കുവെച്ചതാണ്. ആ ദുരന്തം തുടങ്ങിയിരിക്കുന്നു.

ഇറാന് മേല്‍ ഭീകരമായ ആക്രമണം അഴിച്ചുവിടുന്നത് ലോകത്ത് ഏറ്റവും വലിയ പ്രതിരോധ ബജറ്റുള്ള രാജ്യമാണ്. ഏറ്റവും കൂടുതലാളുകളെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൊന്നുതീര്‍ക്കാന്‍ ശേഷിയുള്ള കൂട്ടനശീകരണ ആയുധങ്ങള്‍ എമ്പാടുമുള്ള രാജ്യം. ആരാന്റെ മണ്ണില്‍ കാലൂന്നി നിന്ന് ലോകത്തെ ഏത് പരമാധികാര രാഷ്ട്രത്തെയും ഭസ്മമാക്കാന്‍ ശേഷിയുള്ള രാജ്യം. ഏത് മനുഷ്യത്വരഹിതമായ ആക്രമണം നടത്തിയാലും ആരും എതിര്‍ക്കാനില്ലെന്ന ഹുങ്കില്‍ അഭിരമിക്കുന്ന മാടമ്പി രാജ്യം. യു എസിനൊപ്പമുള്ളത് ഇസ്‌റാഈലാണ്. ലോകത്തെ ഏത് വലിയ നേതാവിനെയും ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശേഷിയുള്ള മാരക രഹസ്യങ്ങള്‍ ശേഖരിച്ചുവെച്ച ചാരശൃംഖലയുള്ള രാജ്യം. കുഞ്ഞുങ്ങളെ കൊന്ന് കൈയറപ്പ് തീര്‍ന്ന സയണിസ്റ്റ് രാഷ്ട്രം. അപ്പുറത്തുള്ളതോ? ഉപരോധങ്ങള്‍ കൊണ്ട് വരിഞ്ഞു മുറുക്കി അനങ്ങാന്‍ വയ്യാതാക്കിയ രാജ്യം. ബന്ധുബലം പോലും ഉപയോഗിക്കാനാകാത്ത രാജ്യം. ഇച്ഛാശക്തിയുള്ള ആള്‍ബലവും താരതമ്യേന വിശാലമായ ഭൂവിഭാഗവും സുസ്ഥിരമെന്ന് വിശേഷിപ്പിക്കാവുന്ന ഭരണകൂടവുമാണ് ഇറാന്റെ ആന്തരിക ബലം. സൈനിക ശക്തി അങ്ങേയറ്റം ദുര്‍ബലമെന്നല്ല. എന്നാല്‍ എതിരാളികളുടെ ആയുധബലത്തിന് മുന്നില്‍ അതത്ര വലുതല്ലെന്നതാണ് വസ്തുത. അതുകൊണ്ട് ഇത് യുദ്ധമല്ല. അപകടകരമായ ആക്രമണമെന്നേ ഇപ്പോള്‍ നടക്കുന്നതിനെ വിശേഷിപ്പിക്കാനാകൂ. അല്ലെങ്കില്‍ പിന്നെ പ്രയോഗിക്കാവുന്ന പദം “ദുരന്തം’ എന്ന് മാത്രമാണ്.

ഇറാനെ ഉന്മൂലനം ചെയ്യുകയെന്നത് സയണിസ്റ്റുകളുടെ എക്കാലത്തെയും വലിയ സ്വപ്‌നമാണ്. 1979ലെ ഇറാന്‍ വിപ്ലവത്തിന് ശേഷം അവരുടെ ശപഥമാണത്. ഗസ്സാ വംശഹത്യയില്‍ ചെറുത്തുനില്‍പ്പിന്റെ ചെറുചലനങ്ങളെങ്കിലും നടക്കുന്നത് ഇറാന്റെ പിന്തുണയിലാണെന്നത് ഈ പ്രതികാരദാഹം ആളിക്കത്തിക്കുന്നു. യു എസില്‍ അവ്യവസ്ഥയുടെ ആള്‍രൂപമായ ട്രംപിന്റെ രണ്ടാമൂഴമായതിനാല്‍ ഇതു തന്നെയാണ് ആ സ്വപ്‌നസാഫല്യത്തിന്റെ സമയമെന്ന് സയണിസ്റ്റുകള്‍ തീര്‍ച്ചപ്പെടുത്തിയതിന്റെ ഫലമാണ് ഈ ആക്രമണ വ്യാപനം. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഇറാന്‍ ശ്രമിച്ചപ്പോഴെല്ലാം കുത്തിത്തിരിപ്പുണ്ടാക്കി ചര്‍ച്ചകള്‍ പൊളിച്ചത് ബെഞ്ചമിന്‍ നെതന്യാഹുവും സംഘവുമാണ്. ഇറാനും യു എസും കരാറിലെത്തുമെന്ന ഘട്ടമെത്തിയപ്പോഴെല്ലാം നെതന്യാഹു വാഷിംഗ്ടണിലേക്ക് പറന്നു. ഡാന്‍ കെയ്‌നെപ്പോലുള്ളവര്‍ യു എസ് സിസ്റ്റത്തിനകത്തും റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരിയെപ്പോലുള്ളവര്‍ ഇസ്‌റാഈലിലും എടുത്തുചാട്ടത്തിനെതിരെ സംസാരിച്ചപ്പോള്‍ നാവില്‍ തീയുമായിറങ്ങി വെടിപ്പുരകള്‍ക്ക് തീകൊടുക്കുകയായിരുന്നു നെതന്യാഹു. തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഇങ്ങനെ കുറിച്ചത് നെതന്യാഹുവിന്റെ മോട്ടിവേഷനിലായിരുന്നു. “എന്നെപ്പോലെ ഡാനി കെയ്നും യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ അതുണ്ടായാല്‍ നിസ്സാരമായി വിജയിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിനും അറിയാം. ഇറാനെ ആക്രമിക്കേണ്ട എന്നദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. പരിമിതമായ ആക്രമണം എന്ന ആശയവും ഉന്നയിച്ചിട്ടില്ല. ജയിക്കുക എന്ന ആശയം മാത്രമേ അദ്ദേഹത്തിന് അറിയാവൂ’. അഡ്മിറല്‍ ഹഗാരിയെ രാജ്യദ്രോഹിയെന്നും ഭീരുവെന്നുമാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഓപറേഷന്‍ എപിക് ഫ്യൂരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആക്രമണം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് നടത്തിയ വീഡിയോ സന്ദേശത്തിലും ഇറാനെ പാവരാഷ്ട്രമാക്കി മാറ്റുമെന്ന് സയണിസ്റ്റുകള്‍ക്ക് കൊടുത്ത വാക്കാണ് മുഴങ്ങുന്നത്: “എനിക്ക് വേണ്ടത് ഇറാനിലെ ജനങ്ങളുടെ സ്വാതന്ത്ര്യമാണ്. ഇറാനിലെ സഹോദരങ്ങളേ, അതിനായി കാത്തുനില്‍ക്കൂ’. രൂക്ഷമായ പ്രത്യാക്രമണത്തിലൂടെ ഇറാന്‍ പറയാന്‍ ശ്രമിക്കുന്ന മറുപടി വെനസ്വേലയല്ല ഇറാനെന്നാണ്.

ഇറാന്‍ അതിന്റെ ശിയാ ശാഠ്യങ്ങള്‍ പലതും ഉപേക്ഷിക്കുകയും സഊദി അറേബ്യയുമായും മറ്റ് അറബ് ഗള്‍ഫ് രാജ്യങ്ങളുമായും ഏറ്റവും ഊഷ്മളമായ ബന്ധം സ്ഥാപിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഈ ആക്രമണ വ്യാപനമെന്നത് ഏറെ ശ്രദ്ധേയമാണ്. 2023ല്‍ സഊദി അറേബ്യയുമായുള്ള ബന്ധത്തില്‍ ചരിത്രപരമായ നോര്‍മലൈസേഷന്‍ സാധ്യമായി. ചൈന, ഒമാന്‍, ഇറാഖ് എന്നിവയുമായി ചേര്‍ന്ന് മറ്റ് അറബ് രാജ്യങ്ങളുമായുള്ള വിശാലമായ ഒരു ബന്ധത്തിന് തുടക്കമിട്ടു. സഊദി അറേബ്യ, ഒമാന്‍, തുര്‍ക്കിയ, ഖത്വര്‍ എന്നിവ ട്രംപിനു മേല്‍ സംയമനത്തിന് സമ്മര്‍ദം ചെലുത്തുന്നതില്‍ ഈ ബന്ധശാക്തീകരണം നിര്‍ണായകമായി. സമാധാനത്തിലേക്കുള്ള ഏറ്റവും ശരിയായ പാത അമേരിക്കന്‍ സൈനിക ശക്തിക്ക് മുന്നിലേക്ക് രാജ്യത്തെ എറിഞ്ഞുകൊടുക്കലല്ല, മറിച്ച് അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചും ചര്‍ച്ചകള്‍ക്ക് സന്നദ്ധമായും സംഘര്‍ഷം ഒഴിവാക്കലാണെന്ന നിലപാടിലേക്ക് ഇറാന്‍ എത്തിച്ചേര്‍ന്ന ഘട്ടമാണിത്. ഒരിക്കലും അംഗീകരിക്കാനാകാത്ത നിബന്ധനകള്‍ മുന്നോട്ട് വെച്ച് ചര്‍ച്ചകള്‍ പൊളിക്കാനും ഇറാനിലെ ഭരണ സംവിധാനം തകര്‍ക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും ട്രംപും നെതന്യാഹുവും തുനിഞ്ഞിറങ്ങിയത് ഇറാന്റെ ഡിപ്ലോമസി വിജയം കാണുന്നുവെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ്.

നേരത്തേ മസ്‌കത്തില്‍ നടന്ന പരോക്ഷ ചര്‍ച്ചകളുടെ തുടര്‍ച്ചയായി സ്വിറ്റ്സര്‍ലാന്‍ഡില്‍ യു എസിലെയും ഇറാനിലെയും ഉന്നതര്‍ സംസാരിച്ചത് വലിയ പ്രതീക്ഷയുണര്‍ത്തിയിരുന്നു. ജനീവയിലെ ഒമാന്‍ കോണ്‍സുലേറ്റിലായിരുന്നു ചര്‍ച്ച. ഇറാന്‍ അതിന്റെ ആണവ പരിപാടി പൂര്‍ണമായി ഉപേക്ഷിക്കണമെന്നും സൈനിക സംവിധാനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും യു എസ് നിഷ്‌കര്‍ഷിച്ചു. ഫലസ്തീന്‍, യമന്‍, ലബനാന്‍, സിറിയ തുടങ്ങിയ ഇടങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണം, ഇസ്റാഈലിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം തുടങ്ങിയ നിബന്ധനകളും യു എസ് മുന്നോട്ടുവെച്ചു. ഇവയെല്ലാം പാലിച്ചാല്‍ ഇറാനെതിരായ ഉപരോധം നീക്കും. ആക്രമണ പദ്ധതി ഉപേക്ഷിക്കും. ഇറാന്റെ എണ്ണ സമ്പത്ത് സുഗമമായി വ്യാപാരം ചെയ്യാം. ഇതായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇത് ചര്‍ച്ചയില്‍ പുറത്ത് പറഞ്ഞതാണ്. പറയാതെ പറഞ്ഞത് ആയത്തുല്ല ഖാംനഈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒഴിയണം എന്നതായിരുന്നു. അതുകൊണ്ട് ചര്‍ച്ചകളില്‍ അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് അട്ടിമറിക്കാനാണ് യു എസ് ശ്രമിച്ചത്. ഇസ്റാഈലാണ് ചര്‍ച്ചകള്‍ അട്ടിമറിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുറന്ന് പറയുന്ന സ്ഥിതിയുണ്ടായി. 2015ലെ ആറ് രാഷ്ട്ര ആണവ കരാറില്‍ ഒബാമയുടെ കാലത്ത് ഇറാന്‍ ഒപ്പുവെച്ചപ്പോള്‍ അത് കീഴടങ്ങലാണെന്ന് ഇറാനകത്ത് നിന്ന് തന്നെ വിമര്‍ശമുയര്‍ന്നതാണ്. എന്നാല്‍ ഉപരോധം നീങ്ങിക്കിട്ടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ടുപോകാനാണ് ഇറാന്‍ ശ്രമിച്ചത്. ആ കരാര്‍ കീറിയെറിഞ്ഞ ട്രംപിന് മുന്നില്‍ ഇത്തവണ പിന്നെയും ചര്‍ച്ചക്ക് തയ്യാറായി ഇറാന്‍. കഴിഞ്ഞ വർഷം ഇസ്‌റാഈല്‍ ഇറാനില്‍ 12 ദിവസത്തെ ആക്രമണം നടത്തിയതിന്റെ സമീപകാല അനുഭവം ആ രാജ്യത്തിനുണ്ട്. അമേരിക്കയുടെ ആക്രമണവും നേരിട്ടു. സൈനിക സന്നാഹം ചരിത്രത്തിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലെത്തിച്ചു. അമേരിക്കന്‍ ഒത്താശയോടെ നടന്ന പ്രക്ഷോഭത്തെ മറികടന്നു. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് റഷ്യ, ചൈന, ഇറാന്‍ സംയുക്ത അഭ്യാസം നടത്തിയത് ശക്തമായ സന്ദേശമായിരുന്നു. ഇങ്ങനെ ആക്രമണം പ്രതീക്ഷിച്ചുതന്നെ മുന്നോട്ട് പോകുമ്പോഴും ചര്‍ച്ചയുടെ സാധ്യത പരമാവധി ഉപയോഗിച്ചു ഇറാനെന്നത് ചെറിയ കാര്യമല്ല. ആ സന്നദ്ധത ലോകം കാണേണ്ടതാണ്. യു എന്‍ എന്നൊരു സംവിധാനം തെല്ലെങ്കിലും നിലവിലുണ്ടെങ്കില്‍ ഈ ദുരന്തം തടയാന്‍ ഇടപെടേണ്ടിയിരിക്കുന്നു. പക്ഷേ, ട്രംപിനെന്ത് യു എൻ?
ഇന്ത്യയെന്ത് നിലപാടെടുക്കും? എത്രമാത്രം ഫലപ്രദമായി ഇടപെടും? എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഇറാന്‍ ഇന്ത്യക്ക് എല്ലാ അര്‍ഥത്തിലും സുപ്രധാന പങ്കാളിയാണ്. ഇറാനില്‍ ഇന്ത്യന്‍ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചബാഹര്‍ തുറമുഖം ഏറെ തന്ത്രപ്രധാനമാണ്. മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ഗേറ്റ്‌വേയാണ് ഇന്ത്യക്ക് ഇറാന്‍. സംഘര്‍ഷത്തിനിടെ ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ ഗതാഗതം തടസ്സപ്പെട്ടാല്‍ ഏറ്റവും കടുത്ത പ്രഹരമേല്‍ക്കുക എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യക്കാണ്. ഗള്‍ഫ് മേഖലയിലെ തൊഴില്‍, സംരംഭകത്വ പ്രതിസന്ധി ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലക്കും. സംഘര്‍ഷവിരാമത്തിന്റെ സാധ്യതകളാരായുന്നതില്‍ ന്യൂഡല്‍ഹി നേതൃത്വം വഹിക്കണമെന്നത് ആഗോള ദൗത്യമെന്ന നിലയിലല്ല, സ്വന്തം താത്പര്യമെന്ന നിലയിലാണ് അനിവാര്യമാകുന്നത്. എന്നാല്‍ ഈയിടെ തെല്‍ അവീവില്‍ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, ഇപ്പോഴും ഭാവിയിലും ഇന്ത്യ ഇസ്‌റാഈലിന്റെ കൂടെയുണ്ടാകുമെന്നാണ്. “ബിയോണ്ട്’ എന്ന വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്. ഇന്നിനുമപ്പുറം എന്ന് വിശേഷിപ്പിച്ച ആ വാഗ്ദാനം ഈ യുദ്ധവ്യാപനം മുന്നില്‍ക്കണ്ടായിരുന്നോ?
യു എസിന് നേരിട്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. യൂറോപ്പിനും. തത്കാലം ഇറാന്റെ പ്രത്യാക്രമണ ദിശ ഗള്‍ഫ് രാജ്യങ്ങളിലേക്കാണല്ലോ. ആക്രമണത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ഇരകള്‍ ഒരേ ജനതയായിരിക്കണമെന്ന ഗൂഢപദ്ധതിയാണ് പുലരുന്നത്. ശിയാ-സുന്നി വിഭജനത്തിന്റെ ആഖ്യാനങ്ങൾ പിറകേ വരും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest