Connect with us

National

സൂപ്പർ എട്ടിൽ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും

മത്സരം വൈകിട്ട് ഏഴിന്

Published

|

Last Updated

കൊൽക്കത്ത | ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ ടീം ഇന്ത്യക്കിന്ന് ജീവന്മരണ പോരാട്ടം. ടി20 ലോകകപ്പിലെ സൂപ്പർ എട്ട് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടും. ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. വൈകിട്ട് ഏഴിന് നടക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ജിയോ ഹോട്‌സ്റ്റാറിലും തത്സമയം കാണാം.

സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത പരാജയം ഇന്ത്യക്ക് വലിയ ആഘാതമായിരുന്നു. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ സിംബാബ്‌വെയെ തകർത്ത് ആത്മവിശ്വാസം വീണ്ടെടുക്കാൻ സൂര്യകുമാർ യാദവിനും സംഘത്തിനും കഴിഞ്ഞു.

രണ്ട് മത്സരങ്ങളിൽ ഒരോ ജയം നേടിയ വെസ്റ്റിൻഡീസും ഇന്ത്യയും യഥാക്രമം സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. റൺറേറ്റിലെ മുൻതൂക്കമാണ് വിൻഡീസിന് തുണയായത്. ഈ സാഹചര്യത്തിൽ ഇന്ന് കളി മഴമൂലം ഉപേക്ഷിച്ചാൽ വെസ്റ്റിൻഡീസ് സെമിയിലെത്തും. ഇന്ത്യ പുറത്താകും. രണ്ട് ജയവുമായി ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക നേരത്തേ സെമി ഉറപ്പിച്ചിരുന്നു.

ബാറ്റിംഗിനെ തുണക്കുന്ന പിച്ചാണ് ഈഡൻ ഗാർഡൻസിലേത്. ഈ ലോകകപ്പിൽ ഇവിടെ നടന്ന അഞ്ച് മത്സരങ്ങളിൽ 182 റൺസാണ് ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ. ഇതിൽ നാല് തവണയും ആദ്യം ബാറ്റ് ചെയ്ത ടീമിനായിരുന്നു ജയം. എന്നിരുന്നാലും മഞ്ഞുവീഴ്ചയുള്ളതിനാൽ ടോസ്സ് നേടുന്ന ടീം രണ്ടാമത് ബാറ്റിംഗ് തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ ആറ് ബാറ്റർമാരും 150ന് മുകളിൽ സ്‌ട്രൈക്ക് റേറ്റ് നേടിയിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ടീമിലെ ആദ്യ ആറ് ബാറ്റർമാരും 150ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ സ്‌കോർ ചെയ്യുന്നത്. 42.60 ശരാശരിയിലും 138.31 സ്‌ട്രൈക്ക് റേറ്റിലും 213 റൺസ് നേടിയ നായകൻ സൂര്യകുമാർ യാദവാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ. അഞ്ച് കളികളിൽ നിന്ന് ഏഴ് വിക്കറ്റുകൾ നേടിയ പേസർ ജസ്പ്രീത് ബുംറ വിൻഡീസ് ബാറ്റർമാർക്ക് വെല്ലുവിളിയാകും. ഈ വർഷം കളിച്ച അന്താരാഷ്ട്ര ടി20കളിൽ 183.80 സ്‌ട്രൈക്ക് റേറ്റുള്ള ഷിംറോൺ ഹെറ്റ്‌മെയറാണ് വിൻഡീസിന്റെ പവർഹൗസ്. 45ന് മുകളിലാണ് ഹെറ്റ്‌മെയറുടെ ശരാശരി.
നേർക്കുനേർ

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ടി20 ചരിത്രം പരിശോധിച്ചാൽ മെൻ ഇൻ ബ്ലൂവിനാണ് മേൽക്കൈ. ഇരു ടീമുകളും 30 തവണ ഏറ്റുമുട്ടിയപ്പോൾ 19 എണ്ണത്തിൽ ഇന്ത്യ ജയിച്ചു. വിൻഡീസ് ജയിച്ചത് പത്ത്. ടി20 ലോകകപ്പിലേക്ക് വരുമ്പോൾ വിൻഡീസിനാണ് മുൻതൂക്കം. നാല് തവണ ഏറ്റുമുട്ടിയപ്പോൾ വിൻഡീസ് മൂന്ന് കളി ജയിച്ചു. ഇന്ത്യക്ക് ഒരു ജയം. ഈഡൻ ഗാർഡനിൽ വിൻഡീസിനെതിരെ കളിച്ച നാല് ടി20കളിലും വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

---- facebook comment plugin here -----

Latest