Connect with us

Kerala

സ്തനാര്‍ബുദ മരുന്നുകളുടെ അമിത വിലക്കെതിരായ ഹരജി; മാറ്റിവെച്ചത് 57 തവണ; രോഗി മരണപ്പെട്ടിട്ടും വിധി വന്നില്ല

അടിയന്തര വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്. കേസ് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി | അര്‍ബുദത്തിനുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയും ദൗര്‍ലഭ്യവും പരിഹരിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തേടി സ്തനാര്‍ബുദ രോഗി 2022ല്‍ നല്‍കിയ ഹരജി പരിഗണനക്ക് വന്നത് 57 തവണ. പക്ഷെ, രോഗി മരിച്ചിട്ടും വിധി വന്നില്ല. ഹരജിയില്‍ അടിയന്തരമായി അന്തിമ വാദം കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

ബേങ്ക് ജീവനക്കാരിയായിരുന്ന സ്തനാര്‍ബുദ രോഗി 2022-ലാണ് ഹരജി നല്‍കിയത്. എന്നാല്‍, നിയമപോരാട്ടത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ അവര്‍ അര്‍ബുദത്തിന് കീഴടങ്ങി. തുടര്‍ന്ന്, വിഷയം വലിയ പൊതുജന താത്പര്യമുള്ളതാണെന്ന് വിലയിരുത്തി ഹൈക്കോടതി സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു. 2023 ജനുവരി 21-ന് ശേഷം ഈ റിട്ട് ഹരജി അന്തിമ വാദത്തിനായി മാത്രം 57 തവണ ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഒന്നുപോലും പൂര്‍ണമായി കേള്‍ക്കുകയുണ്ടായില്ല. കേസ് ഇതുവരെ എട്ട് വ്യത്യസ്ത ജഡ്ജിമാരുടെ മുന്നിലായി 58 തവണ പോസ്റ്റിംഗിന് വരികയും 40 തവണ മാറ്റിവെക്കുകയും ചെയ്തു. ഈ കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. വിലകൂടിയ മരുന്നുകള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത രോഗികള്‍ക്കായി ഇന്ത്യയില്‍ ബദല്‍ മാര്‍ഗങ്ങള്‍ ലഭ്യമാണോ എന്നും നിര്‍ബന്ധിത ലൈസന്‍സിങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നും കോടതി ആരാഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കക്ഷികളുടെയും വാദങ്ങള്‍ പൂര്‍ത്തിയായിട്ടും അന്തിമമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ ഈ കേസ് ബുധനാഴ്ച ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ബഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഹരജിയില്‍ അടിയന്തരമായി അന്തിമ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ‘വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ ആക്സസ് ടു മെഡിസിന്‍സ് ആന്‍ഡ് ട്രീറ്റ്മെന്റ്’ കോ-കണ്‍വീനര്‍മാരായ ജ്യോത്സ്‌ന സിംഗ്, കെ എം ഗോപകുമാര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്നിന് പരാതി അയച്ചത്. ജീവനെ ബാധിക്കുന്ന ഇത്തരം നിര്‍ണായക വിഷയങ്ങളില്‍ വിധി പറയാനുണ്ടാകുന്ന താമസം സ്ത്രീകളുടെ ആരോഗ്യത്തിനും അന്തസ്സിനുമുള്ള മൗലികാവകാശത്തെ ബാധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്തനാര്‍ബുദ ചികിത്സക്ക് ആവശ്യമായ ‘റിബോസിക്ലിബ്’, ‘അബെമാസിക്ലിബ്’ തുടങ്ങിയ മരുന്നുകള്‍ക്ക് പ്രതിമാസം 47,752 രൂപ മുതല്‍ 95,504 രൂപ വരെയാണ് ചെലവ് വരുന്നത്. ഇവ പേറ്റന്റ് സംരക്ഷണമുള്ള മരുന്നുകളായതിനാല്‍ വിപണിയില്‍ മറ്റ് വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ ലഭ്യമല്ല. അകാലത്തില്‍ പൊലിഞ്ഞുപോയ ഹരജിക്കാരിയുടെ ഓര്‍മയോടുള്ള ആദരവെന്ന നിലക്കും, കോടതിയെ സമീപിക്കാന്‍ പോലും ശേഷിയില്ലാതെ സമാനമായ മാരകരോഗത്തോട് പോരാടുന്ന ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് പ്രത്യാശ നല്‍കുന്നതിനും കേസില്‍ എത്രയും വേഗം വിധി ഉണ്ടാകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും സംഘടന കത്തയച്ചിട്ടുണ്ട്.

Content Highlights:
A critical petition challenging the exorbitant prices of breast cancer medicines was postponed 57 times by the court. Tragically, the patient passed away before a verdict could be delivered. This case highlights severe delays in judicial systems and the rising cost of life-saving treatments.

 

 

 

Latest