National
ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ
ജസ്റ്റിസ് വിക്രാന്ത് നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ക എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ചെന്നൈ | ഗോവധ നിരോധനത്തിന് തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റിസ് വിക്രാന്ത് നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ക എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമപ്രകാരം ലൈസന്‍സുള്ള കശാപ്പുശാലകളിലോ അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ മാത്രമേ മൃഗങ്ങളെ അറുക്കാന്‍ പാടുള്ളൂ എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. മെയ് 27-ന് ബക്രീദിന്റെ തലേ ദിവസം കോടതി പുറപ്പെടുവിച്ച ഈ ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളില്‍ ബക്രീദ് പ്രമാണിച്ച് പശുക്കളെ അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ‘ഹിന്ദു മക്കള്‍ കക്ഷി’ ജനറല്‍ സെക്രട്ടറി കെ സൂര്യ പ്രശാന്ത് നല്‍കിയ പൊതുതാത്പര്യ ഹരജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍. എന്നാല്‍, സംസ്ഥാന വ്യാപകമായി ഗോ വധം നിരോധിക്കാന്‍ ഹരജിക്കാരന്‍ പോലും ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിംഗ്വി ഹാജരായി. 10 വയസ്സിന് മുകളില്‍ പ്രായമുള്ള പശുക്കളെ അറുക്കാന്‍ അനുമതി നല്‍കുന്ന 1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ വാദം.
Content Highlights:
The Supreme Court of India has stayed an earlier order by the Madras High Court regarding the ban on cattle slaughter. The ruling comes as a significant intervention in the ongoing national debate over regulations on the sale of livestock. The decision provides temporary relief to meat traders and related businesses across the region.

