Kerala
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് അനുമതി; ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട്
വിചാരണയുമായി മുന്നോട്ട് പോകാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ സുജിത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം | ബാബാ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് സര്‍ക്കാര്‍ അനുമതി. കേസുകള്‍ പിന്‍വലിക്കാനും പോലീസിന് കൈമാറാനുമുള്ള കടുത്ത സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. കോടതികളില്‍ ഈ കേസുകളുടെ പ്രാധാന്യം കൃത്യമായി ബോധ്യപ്പെടുത്തി വിചാരണയുമായി മുന്നോട്ട് പോകാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ സുജിത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, 2025ലെ സുപ്രീം കോടതി വിധിക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രം പോലീസിന് കൈമാറിയാല്‍ മതിയെന്നും നിലവിലുള്ള 29 കേസുകളില്‍ വകുപ്പ് തന്നെ നേരിട്ട് വാദിക്കുമെന്നും സുജിത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ വിവിധ ജില്ലകളിലായി ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ 29 കേസുകള്‍ നടക്കുന്നുണ്ട്. കോഴിക്കോട്-ഏഴ്, എറണാകുളം-ഏഴ്, തൃശൂര്‍-അഞ്ച്, കൊല്ലം-അഞ്ച്, തിരുവനന്തപുരം-നാല്, കണ്ണൂര്‍-രണ്ട് എന്നിങ്ങനെയാണ് കണക്കുകള്‍. കണ്ണൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. കെ വി ബാബു 2023ല്‍ നല്‍കിയ പരാതികളിലാണ് നിയമനടപടികള്‍ തുടങ്ങിയത്. പരസ്യം ചെയ്യുന്നതില്‍ നിന്ന് നിയമപരമായി വിലക്കപ്പെട്ട, വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് വരെ തങ്ങളുടെ ഉത്പന്നങ്ങള്‍ അദ്ഭുതകരമായ പരിഹാരമാണെന്ന രീതിയില്‍ പതഞ്ജലി പരസ്യം നല്‍കിയതായി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് (ആക്ഷേപകരമായ പരസ്യങ്ങള്‍) നിയമത്തിലെ സെക്ഷന്‍ 3 (ഡി) പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ നിയമപ്രകാരം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ 54 ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് പരസ്യം ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. കേസുകള്‍ അട്ടിമറിക്കാന്‍ ബാഹ്യമായ കടുത്ത സമ്മര്‍ദങ്ങള്‍ ഉണ്ടായെങ്കിലും പൊതുജനാരോഗ്യത്തെയും നിയമവ്യവസ്ഥയെയും മുന്‍നിര്‍ത്തി കേസുകളുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ തീരുമാനം. അതസമയം, തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രങ്ങള്‍ക്കെതിരെ നിയമപരമായി പോരാടുന്ന രാജ്യത്തെ ഏക സംസ്ഥാന റെഗുലേറ്ററി ബോഡിയാണ് കേരളത്തിലേതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പതഞ്ജലിക്കെതിരെയുള്ള കേസുകള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചപ്പോള്‍, കേരളം മാത്രമാണ് നിയമ നടപടികളുമായി മുന്നോട്ടുപോവുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.
Content Highlights: The Kerala State Drugs Control Department has received official government approval to move forward with 29 lawsuits against the Baba Ramdev-promoted Divya Pharmacy. The legal action is being pursued under the Drugs and Magic Remedies Objectionable Advertisements Act of 1954. This comes after investigations revealed that the company repeatedly advertised its products as absolute cures for various chronic ailments.

