National
ഇന്ത്യയിൽ ടി20 ലോകകപ്പ് കളിക്കുന്നതിൽ നിന്ന് പിൻമാറി ബംഗ്ലാദേശ്
ദേശീയ ടീം താരങ്ങളും കായിക യുവജനകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്റുലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബി സി ബി ഈ കടുത്ത തീരുമാനമെടുത്തത്.
ധാക്ക | സുരക്ഷാ ഭീഷണിയുണ്ടെന്ന വാദമുയർത്തി ഇന്ത്യയിൽ ടി20 ലോകകപ്പ് കളിക്കില്ലെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചു. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂർണമെന്റിലെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റാൻ സാധിക്കില്ലെന്ന് ഐ സി സി വ്യക്തമാക്കിയതോടെയാണ് പിന്മാറ്റം. ദേശീയ ടീം താരങ്ങളും കായിക യുവജനകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്റുലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബി സി ബി ഈ കടുത്ത തീരുമാനമെടുത്തത്.
ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ തയ്യാറാണോ എന്ന് അറിയിക്കാൻ ഐ സി സി ബംഗ്ലാദേശിന് 24 മണിക്കൂർ സമയം നൽകിയിരുന്നു. കളിക്കാർക്കോ ഒഫീഷ്യൽസിനോ ആരാധകർക്കോ ഇന്ത്യയിൽ യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് ഐ സി സി ആവർത്തിച്ചു. എന്നാൽ ഈ വാദം അംഗീകരിക്കാൻ ബംഗ്ലാദേശ് തയ്യാറായില്ല.
ഇന്ത്യയിലെ സുരക്ഷാ സാഹചര്യം മാറിയിട്ടില്ലെന്നും ഐ സി സിയുടെ നിലപാട് തൃപ്തികരമല്ലെന്നും ആസിഫ് നസ്റുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട താരം മുസ്തഫിസുർ റഹ്മാനെ ഐ പി എല്ലിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യയിലെ സുരക്ഷാ കുറവ് മൂലമാണെന്നും, അതിനാൽ ടീമിനെ അയക്കുന്നത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം.
ബംഗ്ലാദേശ് പിന്മാറുന്ന സാഹചര്യത്തിൽ സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയേക്കും. ഇന്ത്യയിലെ കൊൽക്കത്തയിലും മുംബൈയിലുമായി നാല് മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കേണ്ടിയിരുന്നത്.






