Ongoing News
തണുത്തു വിറച്ച് സഊദിയുടെ വടക്കന്‍ പ്രദേശങ്ങള്‍
രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെല്‍ഷ്യസ്
ദമാം | സഊദിയിലെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയായ താരിഫില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെല്‍ഷ്യസ്. അല്‍-ഖുറയ്യത്തില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും സകാക്കയിലും തബൂക്കിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസും അറാറിലും ഏറ്റവും കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസും ഹായിലിലും റഫഹയിലും ആറ് ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അല്‍ ഖാസിമിന്റെ ചില ഭാഗങ്ങളിലും വടക്കന്‍ അതിര്‍ത്തികളിലും റിയാദ് മേഖലയുടെ കിഴക്കന്‍, വടക്കന്‍ ഭാഗങ്ങളിലും ആലിപ്പഴ വര്‍ഷത്തോടൊപ്പം മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി വ്യക്തമാക്കി. രാജ്യത്തിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ കാറ്റിനും ഇടിമിന്നല്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്രം സൂചിപ്പിച്ചു. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും അല്‍-ജൗഫ് മേഖലയിലെ ചില ഭാഗങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രതപാലിക്കാനും നിര്‍ദ്ദേശം നല്‍കി.
ചെങ്കടലില്‍, വടക്കന്‍, മധ്യ ഭാഗങ്ങളില്‍ വടക്ക് പടിഞ്ഞാറ് മുതല്‍ വടക്ക് പടിഞ്ഞാറ് വരെയും തെക്ക് കിഴക്ക് മുതല്‍ തെക്ക് പടിഞ്ഞാറ് വരെയും ഉപരിതല കാറ്റിനും സാധ്യയുള്ളതിനാല്‍ , മണിക്കൂറില്‍ 20 മുതല്‍ 40 കിലോമീറ്റര്‍ വരെയും തെക്ക് ഭാഗത്ത് ഇടിമിന്നലോടുകൂടിയ കാറ്റ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
വാഹനമോടിക്കുന്നവര്‍ കൂടുതല്‍ അകലം പാലിക്കണം
മഴക്കാലത്ത് വാഹനങ്ങള്‍ തമ്മിലുള്ള സുരക്ഷിത അകലം ഇരട്ടിയാക്കണമെന്നും നിശ്ചിത ദൂരം പാലിക്കുന്നത് പെട്ടെന്നുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനും മഴക്കാലത്ത് റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്ത്തമാക്കി.
മഴയുള്ള സമയങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ സുരക്ഷിതവും മതിയായതുമായ അകലം പാലിക്കുന്നത് ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മുന്നിലുള്ള വാഹനം പെട്ടെന്ന് നിര്‍ത്തിയാല്‍, പ്രത്യേകിച്ച് റോഡുകളില്‍ വാഹനങ്ങള്‍ തെന്നുന്നത് മൂലമുള്ള കൂട്ടിയിടി ഒഴിവാക്കാനും സഹായകമാകും. ‘നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനമാണ്’ എന്ന ശീര്‍ഷകത്തില്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രചാരണം ആരംഭിച്ചു.



