Connect with us

articles

ഗ്രോക്കിപീഡിയ; പിന്നില്‍ ലാഭതാത്പര്യങ്ങളോ?

വിക്കിപീഡിയയെപ്പോലെ സ്വതന്ത്രമായി ലഭ്യമായതും ഉപയോഗിക്കാനും പഠിക്കാനും പങ്കുവെക്കാനും മെച്ചപ്പെടുത്താനും സ്വാതന്ത്ര്യമുള്ളതുമായ ധാരാളം സോഫ്്റ്റ്്വെയറുകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊക്കെ വലിയ ഭീഷണിയായി ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിപീഡിയ മാറും. എല്ലാം പണം നിയന്ത്രിക്കുന്ന കാലത്ത് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ വിവര ലഭ്യത പണവുമായി മാത്രം ബന്ധിപ്പിക്കപ്പെടുമെന്ന എന്ന് ആശങ്ക ലോകത്തെമ്പാടുമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.

Published

|

Last Updated

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കിപീഡിയക്ക് ബദലായി അതിസമ്പന്നന്‍ ഇലോണ്‍ മസ്‌കിന്റെ, നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഗ്രോക്കിപീഡിയ രംഗപ്രവേശം ചെയ്തിരിക്കുന്നു. വിക്കിപീഡിയയില്‍ ഉണ്ടായിട്ടുള്ള പക്ഷപാതിത്വങ്ങളും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കി, സത്യസന്ധവും വസ്തുതാപരവുമായ അറിവ് ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ നല്‍കുക എന്നാണ്

ഗ്രോക്കിപീഡിയയുടെ ലക്ഷ്യമായി ഇലോണ്‍ മസ്‌ക് പറയുന്നത്. വിക്കിപീഡിയയില്‍ സന്നദ്ധപ്രവര്‍ത്തകരായ മനുഷ്യരാണ് ലേഖനങ്ങള്‍ എഴുതുകയും തിരുത്തുകയും ചെയ്യുന്നത്. എന്നാല്‍ ഗ്രോക്കിപീഡിയയില്‍, പൂര്‍ണമായും നിര്‍മിത ബുദ്ധിയാണ് (എ ഐ) ലേഖനങ്ങള്‍ സൃഷ്ടിക്കുകയും കാലികമാക്കുകയും ചെയ്യുന്നത്. ഗ്രോക്കിപീഡിയയില്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് ലേഖനങ്ങള്‍ തിരുത്താന്‍ നിലവില്‍ സാധിക്കുകയില്ല.

ഗ്രോക്കിപീഡിയ എന്നത്, എ ഐ സാങ്കേതിക വിദ്യയുടെ കരുത്തില്‍ വിവരങ്ങള്‍ ഉത്പാദിപ്പിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്ന, വിക്കിപീഡിയയുടെ ഒരു പുതിയ എ ഐ എതിരാളിയാണ്.

എല്ലാവര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കിപീഡിയയുടെ കാലം അസ്തമിക്കാന്‍ പോകുന്നു. മനുഷ്യന്റെ കൂട്ടായ പരിശ്രമത്തിനും സര്‍ഗാത്മകതക്കും മാനവ ഇടപെടലിനും അപ്പുറം നിര്‍മിത ബുദ്ധിക്ക് പ്രാധാന്യം നല്‍കുന്ന സ്വകാര്യ സംവിധാനമാണ് കടന്നുവരുന്നത്. എല്ലാ വസ്തുതകളും നിര്‍മിത ബുദ്ധി പരിശോധിക്കും. മനുഷ്യന്റെ കൂട്ടായ അറിവ് നിര്‍മിത ബുദ്ധിയുടെ യാന്ത്രികമായ ഉത്പാദനത്തിനു മുമ്പില്‍ കീഴടങ്ങാന്‍ ഒരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ് വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഴുതുകയും തിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് എങ്കില്‍ ചോദ്യങ്ങള്‍ക്ക് നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക സംവിധാനങ്ങള്‍ മറുപടി പറയുകയും അതിവേഗത്തിലുള്ള വിവരങ്ങള്‍, അപ്‌ഡേഷനുകള്‍ എന്നിവ നിമിഷനേരം കൊണ്ട് ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ്

ഗ്രോക്കിപീഡിയ. ആര്‍ക്കും വിക്കിപീഡിയയില്‍ അംഗമാകാനും സംഭാവന ചെയ്യാനും സാധിക്കുമെങ്കിലും, പുതിയ ഗ്രോക്കിപീഡിയയില്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലൂടെ മാത്രമേ അറിവ് നേടാന്‍ സാധിക്കുകയുള്ളൂ. ഇംഗ്ലീഷ്, മലയാളം ഉള്‍പ്പെടെ മുന്നൂറിലധികം ഭാഷകളില്‍ വിക്കിപീഡിയ ലഭ്യമാണെങ്കില്‍ നിര്‍മിത ബുദ്ധി തരംഗത്തിലൂടെ എല്ലാം സാധ്യമാകുന്ന പുതിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് ലോകത്തെ കാത്തിരിക്കുന്നത്.

ലാഭ താത്പര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ എന്ന സ്ഥാപനമാണ് വിക്കിപീഡിയയെ പിന്തുണക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും. എന്നാല്‍ ലാഭ താത്പര്യങ്ങളുള്ള കമ്പനിയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്. ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനം ലഭ്യമാക്കുക എന്നതാണ് വിക്കിപീഡിയയുടെ ലക്ഷ്യമെങ്കില്‍, എല്ലാം പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുന്ന ഒരു സാമൂഹിക സംവിധാനമാണ് ഗ്രോക്കിപീഡിയ മുന്നോട്ടുവെക്കുന്നത്. നിര്‍മിത ബുദ്ധി വലിയ ഭീഷണിയാകുന്ന ഘട്ടത്തില്‍ എ ഐയില്‍ അധിഷ്ഠിതമായ പുതിയ വിജ്ഞാനകോശം ഏത് രീതിയിലാണ് സമൂഹത്തെ ബാധിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ റഫറന്‍സ് ലൈബ്രറികളില്‍ ഒന്നായ വിക്കിപീഡിയക്ക്, നിര്‍മിത ബുദ്ധിയുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയേണ്ടതാണ്.

അറിവിന്റെ കുത്തകവത്കരണത്തെ ചെറുക്കാനും ജനകീയമായ പങ്കുവെപ്പിന്റെ സംസ്‌കാരം വളര്‍ത്താനും വിക്കിപീഡിയ ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പ്രവചിക്കാന്‍ സാധിക്കില്ല. വിവരങ്ങളുടെ ലഭ്യതയില്‍ വിക്കിപീഡിയയെ മറികടന്നാല്‍ ഗ്രോക്കിപീഡിയ ഒരു തരംഗമാകും എന്നുള്ള കാര്യം ഉറപ്പാണ്. ലോകത്ത് നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മിനുട്ടുകള്‍ക്കുള്ളില്‍ വിക്കിപീഡിയയില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ടെങ്കിലും അതിലും വേഗതയിലുള്ള അപ്‌ഡേഷനാണ് പുതിയ സംവിധാനത്തിലൂടെ കടന്നു വരുന്നത്.
മസ്‌കിന്റെ കഴിഞ്ഞകാല സംരംഭങ്ങളെല്ലാം കച്ചവട താത്പര്യങ്ങളോടയാണ്.

അവിടെ സാമൂഹിക ഉത്തരവാദിത്വം, അറിവിന്റെ സൗജന്യമായ പങ്കുവെക്കല്‍ എന്നിവക്ക് യാതൊരു സ്ഥാനവും ഉണ്ടാകില്ല എന്നത് ഉറപ്പായ കാര്യമാണ്. എലോണ്‍ മസ്‌ക് വികസിപ്പിച്ച ഗ്രോക്കിപീഡിയയില്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് ലേഖനങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയില്ല, തിരുത്തലുകള്‍ക്കായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇത് എ ഐ അംഗീകരിച്ചാല്‍ മാത്രമേ തിരുത്തലുകള്‍ സാധ്യമാകുകയുള്ളൂ. സര്‍ഗാത്മകതക്കപ്പുറം സാങ്കേതികവിദ്യക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ഒരു സംവിധാനമായിരിക്കും ഗ്രോക്കിപീഡിയ. വായനയെ കേന്ദ്രീകരിച്ചുള്ള, ഘടനാപരമായ ലേഖനങ്ങളാണ് വിക്കിപീഡിയയില്‍ നല്‍കുന്നത്.

ഇത് ചരിത്രപരമായ കാര്യങ്ങള്‍ക്കും വിശ്വസനീയമായ വിവരങ്ങള്‍ക്കും കൂടുതല്‍ ആശ്രയിക്കാവുന്നതാണ്. എങ്കില്‍ ഗ്രോക്കിപീഡിയയില്‍ അത് ഒരു സംഭാഷണ കേന്ദ്രീകൃതമായ രീതിയിലാണ് പ്രവര്‍ത്തിക്കുക. ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് എ ഐ മറുപടി നല്‍കുന്നു. വേഗത്തിലുള്ള സംഗ്രഹങ്ങള്‍ക്കും ഏറ്റവും പുതിയ വിവരങ്ങള്‍ക്കും ഇത് സഹായകമായേക്കാം.

നാല് പ്രധാന സ്വാതന്ത്ര്യങ്ങള്‍ ഉറപ്പുവരുത്തുന്ന സോഫ്്റ്റ്്വെയറുകളാണ് വിക്കിപീഡിയയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഏത് ആവശ്യത്തിനും ഇഷ്ടപ്രകാരം സോഫ്്റ്റ്്വെയര്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം, വിശകലനം ചെയ്ത് ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യം, പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം, പ്രോഗ്രാമിനെ നവീകരിക്കാനും മെച്ചപ്പെടുത്തിയവ മറ്റുള്ളവര്‍ക്കായി പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്തുന്ന വിക്കിപീഡിയക്ക് ഭീഷണിയായി വരുന്ന ഗ്രോക്കിപീഡിയയില്‍ അറിവിന്റെ കുത്തകവത്കരണവും പണമുള്ളവര്‍ക്ക് അറിവ് ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യമാണ് സംജാതമാകുക.

വിക്കിപീഡിയയെപ്പോലെ സ്വതന്ത്രമായി ലഭ്യമായതും ഉപയോഗിക്കാനും പഠിക്കാനും പങ്കുവെക്കാനും മെച്ചപ്പെടുത്താനും സ്വാതന്ത്ര്യമുള്ളതുമായ ധാരാളം സോഫ്്റ്റ്്വെയറുകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊക്കെ വലിയ ഭീഷണിയായി ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിപീഡിയ മാറും. എല്ലാം പണം നിയന്ത്രിക്കുന്ന കാലത്ത് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ വിവര ലഭ്യത പണവുമായി മാത്രം ബന്ധിപ്പിക്കപ്പെടുമെന്ന എന്ന് ആശങ്ക ലോകത്തെമ്പാടുമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.

പുതിയ ജെൻ സീ തലമുറ ഇതിന് പിന്നാലെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ചലിക്കുകയാണെങ്കില്‍ ലോകത്ത് ഇത് വലിയ മാറ്റമുണ്ടാക്കും. വിജ്ഞാനത്തെ പക്ഷപാതം ഇല്ലാതെ ലഭ്യമാക്കുക എന്ന മനുഷ്യന്റെ സ്വതന്ത്രവും സമ്പൂര്‍ണവുമായ ആഗ്രഹങ്ങള്‍ക്ക് കച്ചവട താത്പര്യങ്ങള്‍ വിലങ്ങു തടിയാകുകയാണ്. മനുഷ്യന്‍ ജാഗ്രത കാണിക്കേണ്ട സന്ദര്‍ഭമാണ് സമാഗതമാകുന്നത്.

Latest